Web Desk

ലണ്ടൻ:

July 20, 2020, 7:47 pm

കോവി‍ഡ് വാക്സിന്‍; ആദ്യഘട്ട പരീക്ഷണം വിജയം

Janayugom Online

ലോകം കാത്തിരുന്ന വാർത്ത. ബ്രിട്ടനിലെ ഓക്സ്ഫോഡ് സർവകലാശാലയുടെ കോവിഡ് 19 പ്രതിരോധ വാക്സിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയം. വാക്സിൻ പരീക്ഷണത്തിന് വിധേയരായവർ കൊറോണ വൈറസിനെതിരായ പ്രതിരോധം കൈവരിച്ചതായി കണ്ടെത്തി. ChAdOx1 nCoV-19 എന്നാണ് വാക്‌സിന് നൽകിയിരിക്കുന്ന പേര്. മനുഷ്യരിലെ പ്രാരംഭ പരീക്ഷണങ്ങളുടെ ഫലം ദ ലാന്‍സെറ്റ് മെഡിക്കല്‍ ജേണലാണ് പ്രസിദ്ധീകരിച്ചത്. ഈ വർഷം ഏപ്രിൽ 23നും മെയ് 21നുമിടയിൽ 1,077 പേർക്കാണ് ആദ്യഘട്ട വാക്സിൻ നൽകിയത്. ഇവരില്‍ വൈറസിനെതിരായ ആന്റിബോഡി ശരീരം ഉല്പാദിപ്പിച്ചു.

ഒരു ഡോസുകൊണ്ട് തന്നെ ഭൂരിഭാഗം പേർക്കും രോഗപ്രതിരോധശേഷി ഉയർത്താൻ കഴിഞ്ഞുവെങ്കിലും വളരെ ചുരുക്കം പേർക്ക് വീണ്ടുമൊരു ഡോസ് വാക്സിൻ ആവശ്യമായി വന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. വാക്‌സിന്റെ പരീക്ഷണ ഫലങ്ങള്‍ ശുഭസൂചന തരുന്നുവെങ്കിലും വൈറസിനെതിരെ ഇത് എത്രത്തോളം ഫലപ്രദമാണെന്നറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. ഓക്സ്ഫോഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിച്ചത്. ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകമെമ്പാടും പടർന്നുപിടിച്ചിരിക്കുന്ന കോവിഡ് ഇതുവരെ ആറുലക്ഷത്തിലധികം പേരുടെ ജീവൻ അപഹരിച്ചുകഴിഞ്ഞു. മഹാമാരിയെ തടഞ്ഞുനിര്‍ത്താനുള്ള വാക്‌സിന്റെ പരീക്ഷണ ഫലം ലോകം പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

വാക്സിന്‍ എന്ന് വിപണിയില്‍ എത്തുമെന്നതിൽ വ്യക്തതയില്ലെങ്കിലും അടുത്ത വർഷം ആദ്യത്തോടെ വിപണിയില്‍ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തിവരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരീക്ഷണത്തില്‍ വാക്‌സിന്‍ മനുഷ്യര്‍ക്ക് സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പരീക്ഷണത്തില്‍ പങ്കെടുത്ത 70 ശതമാനം ആളുകളിൽ പനിയും തലവേദനയും പ്രകടമായെങ്കിലും ഇത് പാരസെറ്റമോള്‍ ഉപയോഗിച്ച് മറികടക്കാമെന്നും ഗവേഷകര്‍ പറയുന്നു. കോവിഡ് 19നെ മറികടക്കാൻ ഈ വാക്സിൻ പര്യാപ്തമാണെന്നുറപ്പിക്കാൻ ഇനിയും ഒരുപാട് കടമ്പകൾ കടക്കേണ്ടതുണ്ട്. എന്നാൽ വാക്സിൻ മികച്ചരീതിയിൽ തന്നെ പ്രവർത്തിക്കുമെന്നാണ് ആദ്യഘട്ടം നൽകുന്ന സൂചനയെന്ന് ഓക്സ്ഫോഡ് സർവകലാശാലയിലെ പ്രൊഫസർ സാറ ഗിൽബർട്ട് പറഞ്ഞു.

കോവിഡ് ബാധിതരാകുന്നതിൽ നിന്നോ രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിൽ നിന്നോ സംരക്ഷണം നൽകാൻ കഴിയുമെന്ന് പഠനങ്ങൾ ഉറപ്പുപറയുന്നില്ല. ബ്രിട്ടനിൽ 10,000 പേരിലായിരിക്കും അടുത്തഘട്ട പരീക്ഷണം നടക്കുക. ഇതിൽ വിജയിച്ചാൽ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ളവരെ ഉൾപ്പെടുത്തി പരീക്ഷണം നടത്തി വാക്സിൻ ഫലപ്രദമാണോയെന്നത് ഉറപ്പാക്കും. അമേരിക്കയിൽ നിന്ന് 30,000 പേരെയും ദക്ഷിണാഫ്രിക്ക‑2000, ബ്രസീൽ 5000 പേരെയും ഉൾപ്പെടുത്തിയായിരിക്കും പരീക്ഷണം.

സ്‌പൈക്ക് പ്രോട്ടീന്‍ പരീക്ഷണം

മനുഷ്യരില്‍ കോവിഡിന് കാരണമാകുന്ന കൊറോണ വൈറസുമായി സാമ്യമുള്ള വൈറസിനെ ഉപയോഗിച്ചാണ് വാക്‌സിന്‍ വികസിപ്പിച്ചത്. ചിമ്പാന്‍സികളില്‍ ജലദോഷമുണ്ടാക്കുന്ന വൈറസിനെ വേര്‍തിരിച്ച് ജനിതക പരിഷ്‌കരണം നടത്തി കൊറോണ വൈറസുമായി വളരെയധികം സാമ്യം പുലര്‍ത്തുന്നതാക്കുകയാണ് ചെയ്തത്. കൊറോണ വൈറസ് മനുഷ്യകോശങ്ങളിലേക്ക് കടക്കാന്‍ ഉപയോഗിക്കുന്ന സ്‌പൈക്ക് പ്രോട്ടീനുകള്‍ ഈ വൈറസിലും ഗവേഷകർ കൂട്ടിച്ചേർക്കുകയായിരുന്നു. ഇങ്ങനെ ജനിതക പരിഷ്‌കരണം നടത്തിയ വാക്‌സിനാണ് പരീക്ഷണം നടത്തിയത്. കൊറോണ വൈറസുമായി വളരെയധികം സാമ്യമുള്ളതിനാല്‍ ഇത് ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ഉണര്‍ത്തുകയും ആന്റിബോഡി ഉല്പാദിപ്പിക്കുകയും ചെയ്യുമെന്ന് പഠനറിപ്പോർട്ടിൽ പറയുന്നു.

ENGLISH SUMMARY: COVID VACCINE; FIRST TRIAL IS SUCCESS

YOU MAY ALSO LIKE THIS VIDEO