മനുഷ്യവിസര്‍ജ്യം ക്ഷേത്രത്തിലേക്ക് വലിച്ചെറിഞ്ഞു, വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമമെന്ന് പൊലീസ്‌

Web Desk
Posted on August 30, 2019, 8:17 pm

വളാഞ്ചേരി: വർഗീയ സംഘർഷം ഉണ്ടാക്കുക എന്ന ലക്ഷ്യം മുൻനിർത്തി  ക്ഷേത്രത്തിലേക്ക് മനുഷ്യ വിസർജം വലിച്ചെറിഞ്ഞയാളെ പൊലീസ് അറസ്റ്റ് ചെയ്തു.  ശാന്തി നഗര്‍ വടക്കുംപുറം സി.കെ പാറ സ്വദേശി രാമകൃഷ്ണന്‍ (50) ആണ് അറസ്റ്റിലായത്. വടക്കുംപുറം സികെ പാറ നെയ്തലപ്പുറത്ത് ശ്രീധര്‍മശാസ്താക്ഷേത്രത്തിലാണ് ഇയാള്‍ അതിക്രമം നടത്തിയത്.

ഓഗസ്റ്റ് 26ന് രാത്രി ഒന്‍പത് മണിക്കാണ്‌ക്ഷേത്ര പരിസരത്തേക്ക് ഇയാള്‍ മനുഷ്യ വിസര്‍ജ്യം കവറിലാക്കി വലിച്ചെറിഞ്ഞത്. ക്ഷേത്രത്തില്‍ നാഗപൂജ ചെയ്യുന്ന ചിത്രകൂടവും ബ്രഹ്മരക്ഷസിന്റെ പൂജ വിഗ്രഹവുംഅലങ്കോലപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് പൊലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ്‌ പൊലീസ്   പ്രതിയെ പിടികൂടിയത്.

പ്രദേശത്ത് മതസ്പര്‍ധ ഉണ്ടാക്കാനാണ് പ്രതി ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. തിരൂര്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നിര്‍ദ്ദേശ പ്രകാരം വളാഞ്ചേരി സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മനോഹരന്‍ ടി,എസ്‌ഐ രഞ്ജിത്ത് കെ.ആര്‍., എഎസ്‌ഐ ശശി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൃഷ്ണപ്രസാദ്, അനീഷ്, അനീഷ് ജോണ്‍, സജി ടിജെ, എന്നീ പോലീസ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.  പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് പൊലീസ് തെളിവെടുത്തു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തിലാണ് പ്രതിയെ ക്ഷേത്രത്തിലെത്തിച്ചിരുന്നത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.