14 June 2025, Saturday
KSFE Galaxy Chits Banner 2

മനുഷ്യ — വന്യജീവി സംഘർഷം: കേന്ദ്ര നിലപാട് മാറണം

Janayugom Webdesk
May 19, 2025 5:00 am

പശ്ചിമഘട്ടമലനിരകൾ അതിരിടുന്ന കേരളത്തിന്റെ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വനാതിർത്തി മേഖലകളിൽ വന്യമൃഗശല്യവും അതുമൂലമുണ്ടാകുന്ന ആൾനാശവും പെരുകുകയാണ്. കഴിഞ്ഞ ദിവസമാണ് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ പുലർച്ചെ റബ്ബർ ടാപ്പിങ്ങിന് പോയ ഗൃഹനാഥനെ സുഹൃത്തിന്റെ മുന്നിൽ വച്ച് കടുവ കടിച്ചെടുത്ത് കൊണ്ടുപോയത്. മണിക്കൂറുകൾക്കുള്ളിൽ മൃതദേഹം കണ്ടെത്തുമ്പോൾ ശരീരഭാഗങ്ങൾ ഭക്ഷിച്ച നിലയിലായിരുന്നു. മാസങ്ങൾക്ക് മുമ്പ് സമാനമായ സാഹചര്യത്തിൽ വയനാട്ടിൽ വീട്ടമ്മയെ കടുവ കൊലപ്പെടുത്തിയത് കാപ്പിത്തോട്ടത്തിൽ ജോലിക്ക് പോയ സമയത്തായിരുന്നു. അവരുടെ ശിരസടക്കം കടുവ ഭക്ഷിച്ച നിലയിലായിരുന്നു. വയനാട് സുൽത്താൻ ബത്തേരിയിൽ പട്ടാപ്പകൽ പശുവിന് പുല്ലരിയാൻ പോയ യുവാവിനെയും കടുവ ഭക്ഷിച്ച സംഭവമുണ്ടായി. വയനാട്ടിലും പാലക്കാടും ഇടുക്കിയിലും തൃശൂരിലും തിരുവനന്തപുരത്തും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കണക്ക് 10 വർഷത്തിനിടെ 280ഓളമാണ്. കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ 60തിലേറെ വരും. 13 പേരെ കടുവ കൊന്നിട്ടുണ്ട്. ആയിരത്തിലേറെ ആളുകൾ പാമ്പുകടിയേറ്റും ഇക്കാലയളവിൽ മരിച്ചിട്ടുണ്ട്. വനാതിർത്തിമേഖലകളിൽ താമസിക്കുന്നവരേറെയും ഗോത്രവർഗ — പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവരും സാധാരണക്കാരായ കർഷകരുമാണ്. ഗൃഹനാഥന്മാരടക്കമുള്ളവർ വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുമ്പോൾ അനാഥരാകുന്നതും ദുരിതത്തിൽ അകപ്പെടുന്നതും അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബാംഗങ്ങൾ കൂടിയാണ്. ജീവഹാനിയുണ്ടാകുമ്പോൾ വനംവകുപ്പ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നുണ്ട്. ഈ സഹായം ഒരു ജീവനഷ്ടത്തിന് പകരം വയ്ക്കാനാവില്ല. വന്യജീവികൾ വരുത്തുന്ന കൃഷിനാശങ്ങൾക്കാകട്ടെ കയ്യുംകണക്കുമില്ല. ചില പ്രദേശങ്ങളിൽ കൃഷി തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. 

വന്യമൃഗങ്ങളുടെ ആക്രമണമുണ്ടാകുമ്പോഴും ആളുകൾ കൊല്ലപ്പെടുമ്പോഴും പ്രാദേശികമായി വലിയ എതിർപ്പുകളും പ്രതിഷേധങ്ങളും സംഘർഷങ്ങളും ഉണ്ടാകാറുണ്ട്. സംസ്ഥാന വനംവകുപ്പുദ്യോഗസ്ഥരെയും പൊലീസിനെയും ജനപ്രതിനിധികളെയും ജില്ലാ കളക്ടർമാരെയും മന്ത്രിമാരെയും അടക്കം തടഞ്ഞുവച്ച് പ്രതിഷേധം ഉയർത്തുന്ന സംഭവങ്ങളേറെയുണ്ടായിട്ടുണ്ട്. കാട്ടാന ഷോക്കേറ്റ് ചരിഞ്ഞതുമായി ബന്ധപ്പെട്ടെടുത്ത നടപടിയിൽ പ്രതിഷേധം ഉയർത്തിയ എംഎൽഎയും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തർക്കങ്ങളും പ്രശ്നങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിവാദമുണ്ടാക്കിയിരുന്നു. വനം-വന്യജീവി നിയമം നടപ്പിലാക്കാൻ സംസ്ഥാന വനം — വന്യജീവി വകുപ്പ് ബാധ്യസ്ഥരാണ്. അതുകൊണ്ട് ജനകീയ പ്രതിഷേധം നേരിടേണ്ടിവരിക സംസ്ഥാന ഉദ്യോഗസ്ഥരാണ്. വന്യജീവി സംഘർഷങ്ങളെ ശാസ്ത്രീയവും മാനുഷികവുമായ സമീപനത്തിലൂടെ നേരിടാൻ വിപുലമായ നടപടികളാണ് സംസ്ഥാനം സ്വീകരിച്ചത്. മനുഷ്യരുടെ സുരക്ഷയും വന്യജീവികളുടെ സംരക്ഷണവും ലക്ഷ്യമാക്കി ആധുനികമായ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയുള്ള നടപടികൾക്കായി 10 മിഷനുകളാണ് സർക്കാർ നടപ്പിലാക്കിയത്. വന്യമൃഗങ്ങളുടെ നീക്കം മുൻകൂട്ടി അറിയാൻ മിഷൻ റിയൽ ടൈം മോണിറ്ററിങ്, വന്യജീവി ആക്രമണ പ്രദേശത്ത് സമയബന്ധിത ഇടപെടൽ ഉറപ്പുവരുത്താൻ മിഷൻ പ്രൈമറി റെസ്പോൺസ് ടീം, ഗോത്രസമൂഹങ്ങൾ മനുഷ്യ‑വന്യമൃഗ സംഘർഷ ലഘൂകരണത്തിന് സ്വീകരിച്ചുപോന്ന പരമ്പരാഗത അറിവുകൾ ശേഖരിക്കാൻ മിഷൻ ട്രൈബൽ നോളജ്, വന്യജീവികൾക്ക് വനത്തിനുള്ളിൽ ജല-ഭക്ഷണ ലഭ്യത ഉറപ്പുവരുത്താൻ മിഷൻ ഫുഡ് — ഫോഡർ വാട്ടർ, നാടൻ കുരങ്ങുകളുടെ ശല്യം നിയന്ത്രിക്കുന്നതിന് മിഷൻ ബോണറ്റ് മക്കാക്, കാട്ടുപന്നിയുടെ ശല്യം നിയന്ത്രിക്കാൻ മിഷൻ വൈൽഡ് പിഗ്, പാമ്പ് കടിയേറ്റുള്ള മരണനിരക്ക് പൂർണമായി ഇല്ലാതാക്കാൻ മിഷൻ സർപ്പ, വന്യജീവി സംഘർഷത്തിന്റെ കാരണം സംബന്ധിച്ച പഠന-ഗവേഷണങ്ങൾക്കായുള്ള മിഷൻ നോളജ്, സൗരോർജവേലികൾ പരമാവധി പ്രവർത്തനക്ഷമമാക്കാൻ മിഷൻ സോളാർ ഫെൻസിങ് തുടങ്ങിയ നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. പക്ഷേ പരിഹാര നടപടികൾക്ക് വിലങ്ങുതടി കർശനമായ കേന്ദ്ര വനം — വന്യജീവി നിയമമാണ്. 

1972ലെ കേന്ദ്ര വനം-വന്യജീവി നിയമത്തിൽ കാലോചിതമായ മാറ്റങ്ങളുണ്ടാക്കണമെന്ന് കേന്ദ്രസർക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിട്ടും അത് പരിഗണിക്കാൻ പോലും തയ്യാറായിട്ടില്ല. 1972ൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന വനം — വന്യജീവി നിയമത്തിന് 2002ൽ എ ബി വാജ്പേയ് പ്രധാനമന്ത്രിയായിരിക്കുമ്പോൾ കൊണ്ടുവന്ന നിയമഭേദഗതി വഴി കൂടുതൽ കർശനമായ നിബന്ധനകളാണ് ഉൾപ്പെടുത്തിയത്. വനവും വന്യജീവി സംരക്ഷണകേന്ദ്രങ്ങളും ദേശീയോദ്യാനങ്ങളും വന്യജീവി സമ്പത്തും പരിപാലിക്കപ്പെടുന്നതിനൊപ്പം മനുഷ്യരുടെ ജീവനും ആരോഗ്യവും കൃഷിയും ഉപജീവനവും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. ഇതിനുള്ള കേന്ദ്ര ഇടപെടലിനാണ് സംസ്ഥാന സർക്കാർ നിരന്തരമായി ആവശ്യമുന്നയിക്കുന്നത്. കേരളം പോലെ ഭൂവിസ്തൃതി കുറവുള്ളതും ജനസാന്ദ്രത കൂടിയതുമായ സംസ്ഥാനങ്ങൾക്ക് അവിടുത്തെ പ്രത്യേകതകൾ ഉൾക്കൊണ്ടുകൊണ്ടുള്ള കാലാനുസൃതമായ നിയമപരിഷ്കരണങ്ങൾ ആവശ്യം തന്നെയാണ്. ഒട്ടേറെ രാജ്യങ്ങളിൽ വന്യജീവികളുടെ എണ്ണപ്പെരുപ്പം നിയന്ത്രണാതീതമാകുമ്പോൾ ശാസ്ത്രീയമായ മാനദണ്ഡങ്ങൾ പ്രകാരം കാലാകാലങ്ങളിൽ ഭരണകൂടങ്ങൾ നടപടികൾ സ്വീകരിക്കുകയും മനുഷ്യജീവിതത്തിന് സുരക്ഷയും സംരക്ഷണവും ഒരുക്കാറുമുണ്ട്. ഇത്തരത്തിൽ സന്തുലിതമായ സമീപനങ്ങളും നടപടികളുമാണ് കേന്ദ്രത്തോടാവശ്യപ്പെടുന്നത്. 

Kerala State - Students Savings Scheme

TOP NEWS

June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.