Saturday
23 Mar 2019

ലുബാൻ കേരളതീരത്തേക്ക്

By: Web Desk | Wednesday 3 January 2018 3:22 PM IST


അപൂര്‍വ്വയിനം തിമിംഗലം കേരള തീരത്തേക്ക്. ഒമാനിലെ ഉള്‍ഭാഗത്ത് നിന്ന് യാത്ര തുടങ്ങി ‘ ലുബാന്‍’ എന്ന തിമിംഗലം ആലപ്പുഴ ഭാഗത്തേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. കരയില്‍ നിന്ന് 20 മുതല്‍ 30 കിലോ മീറ്റര്‍ അകലെ കൂടി സഞ്ചരിക്കുന്ന കൂറ്റന്‍ തിമിംഗലത്തെ രണ്ടു ദിവസത്തിനകം കൊല്ലം ,തിരുവനന്തപുരം തീരങ്ങളില്‍ കാണാന്‍ സാധിക്കുമെന്ന കാത്തിരിപ്പിലാണ് ശാസ്ത്രലോകം. ലുബാനൊപ്പം ഒരു കുഞ്ഞന്‍ തിമിംഗലം ഉണ്ടെന്നാണ് സൂചനകള്‍.

അറബിയില്‍ ‘ കുന്തിരിക്കം’ ചെടിയുടെ പേരാണ് ലുബാന്‍. വാലിലെ ചെടിയുടെ മാതൃകയാണ് ഈ പേരിടാന്‍ കാരണം. 16 മീറ്ററിലേറെയാണ് വലിപ്പം. കറുപ്പിലും ചാരനിറത്തിലുമുള്ള ശരീരത്തിന്റെ കീഴ്ഭാഗം വെള്ളനിറമാണ്.

കഴിഞ്ഞ ഡിസംബര്‍ 12നാണ് ലുബാന്‍ ഒമാനില്‍ നിന്ന് യാത്ര തുടങ്ങുന്നത്. ഇതിനോടകം തന്നെ 1500 ഓളം കിലോമീറ്ററുകള്‍ താണ്ടിയാണ് കൊച്ചി തീരത്തും പിന്നീട് ആലപ്പുഴ തീരത്തേക്കും നീങ്ങുന്നത്. എന്‍വയോണ്‍മെന്റ് സൊസൈറ്റി ഓഫ് ഒമാന്‍ ഉപഗ്രഹ സഹായത്തോടെ ടാഗ് ചെയ്ത 14 തിമിംഗലങ്ങളില്‍ ഒന്നാണ് ലുബാന്‍.

കഴിഞ്ഞ നവംബറില്‍ മാസിറ ഉള്‍ക്കടലിലാണ് തിമിംഗലത്തെ കണ്ടെത്തിയത്. പ്രതിവര്‍ഷം 25000 കിലോമീറ്റര്‍ ദേശാടനം നടത്തുന്ന കൂനന്‍ തിമിംഗലങ്ങള്‍ ലോകത്തില്‍ ഏറ്റവും അധികം ദൂര യാത്ര ചെയ്യുന്ന സസ്തനികള്‍ ആണ് .