കൊച്ചി തുറമുഖത്ത് നൂറുകണക്കിന് ചൈനീസ് കണ്ടെയ്നറുകൾ തടഞ്ഞുവച്ചു

സ്വന്തം ലേഖകൻ

കൊച്ചി

Posted on June 30, 2020, 10:24 pm

സ്വന്തം ലേഖകൻ

ചൈനയിൽ നിന്നുള്ള ഇറക്കുമതി സാധനങ്ങൾ സൂക്ഷ്മപരിശോധനയ്ക്ക് ശേഷമേ വിട്ടുകൊടുക്കാവൂയെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് വന്നതോടെ കൊച്ചി തുറമുഖത്തു നൂറുകണക്കിന് കണ്ടെയ്നറുകൾ പിടിച്ചുവച്ചു. മൊബൈൽഫോണുകൾ, ഫർണിച്ചർ, പ്ലൈവുഡ്, വാഹനങ്ങളുടെ വിവിധ ഭാഗങ്ങൾ, കളിപ്പാട്ടങ്ങൾ, പാത്രങ്ങൾ, ടൈൽ, ഔഷധ നിർമ്മാണത്തിനുള്ള അസംസ്കൃതവസ്തുക്കൾ, സൗന്ദര്യവർധക ഉല്പന്നങ്ങൾ, എസി, വാഷിങ് മെഷീൻ തുടങ്ങി നിരവധി ഉല്പന്നങ്ങൾ ഇക്കൂട്ടത്തിൽപെടുന്നു.

ഈമാസം 23ന് ശേഷമാണ് കൊച്ചി തുറമുഖത്ത് കണ്ടെയ്നറുകൾ പിടിച്ചിടാൻ തുടങ്ങിയതെന്ന് ചൈനീസ് ഉല്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന വ്യാപാരികൾ പറയുന്നു. ഇത് സംബന്ധിച്ചു വാക്കാലുള്ള ഉത്തരവാണ് നൽകിയിട്ടുള്ളത്. ചൈനീസ് കണ്ടെയ്നറുകൾ തടയാൻ ഔദ്യോഗിക ഉത്തരവില്ലെന്ന കാര്യം അധികൃതർ പറയുന്നു. എന്നാൽ ഉല്പന്നങ്ങൾ പൂർണമായി പരിശോധിച്ചശേഷമേ പുറത്തേക്ക് വിടൂ എന്നതാണ് കസ്റ്റംസ് നിലപാട്.

4,40, 000 രൂപ ഇറക്കുമതിത്തീരുവ അടച്ച് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയശേഷം പുറത്തേക്ക് കൊണ്ടുവരാൻ ലോറിയിൽ കയറ്റിയ കണ്ടെയ്നർപോലും തടഞ്ഞുവച്ചിരിക്കുകയാണെന്ന് കൊച്ചിയിലെ ഒരു വ്യാപാരി പറഞ്ഞു. ഇറക്കുമതി ഡ്യൂട്ടി അടച്ചുകഴിഞ്ഞാൽ അന്നുതന്നെ കണ്ടെയ്നർ പുറത്തേക്ക് വിടുകയാണ് കീഴ്‌വഴക്കം. കണ്ടെയ്നർ തടഞ്ഞുവയ്ക്കുമ്പോൾ വൻ സാമ്പത്തികബാധ്യതയാണ് വ്യാപാരികൾക്ക് വരുന്നത്.

ലോറിയിൽ കയറ്റിയ കണ്ടെയ്നറുകൾക്ക് കയറ്റുക്കൂലിയും ലോറിവാടകയും കണ്ടെയ്നർ സ്റ്റേഷൻ വാടകയും 14 ദിവസത്തിലേറെ വൈകിയാൽ കണ്ടെയ്നർ വാടകയും നൽകേണ്ടിവരും. ബാങ്കിൽനിന്ന് ഓവർഡ്രാഫ്റ്റ് എടുത്തും മറ്റുതരത്തിൽ വായ്പ വാങ്ങിയും മറ്റുമാണ് പലരും ചരക്ക് കൊണ്ടുവരുന്നത്. അതിന്റെ പലിശ വേറെയും വരും. ലോക്ഡൗൺമൂലം കടുത്ത പ്രതിസന്ധി നേരിടുമ്പോഴാണ് ഇത്തരത്തിലുള്ള നടപടി.

you may also like this video;