Web Desk

തൃശൂർ:

February 13, 2021, 10:24 pm

നൂറിനം നാട്ടുമാന്തോപ്പുകൾ പദ്ധതിക്ക് തുടക്കമായി

Janayugom Online

കവയിത്രി സുഗതകുമാരിയുടെ സ്മരണക്കായി നൂറിനം നാട്ടുമാന്തോപ്പുകൾ പദ്ധതിയുടെയും സുഭിക്ഷം സുരക്ഷിതം കാർഷിക പരിസ്ഥിതി അധിഷ്ഠിത വിള സൗഹൃദ സംരക്ഷണ പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം കുട്ടനെല്ലൂർ സി അച്യുതമേനോൻ ഗവ. കോളജിൽ കൃഷി മന്ത്രി വി എസ് സുനിൽകുമാർ നിർവഹിച്ചു. കോളജ് ക്യാമ്പസിൽ വെള്ള കുളമ്പൻ, മഞ്ഞ തക്കാളി, മധുരക്കോട്ടി, ഉണ്ട മധുരം, കൈത മധുരം തുടങ്ങിയ മാവിൻതൈകൾ നട്ടുകൊണ്ടായിരുന്നു ഉദ്ഘാടനം. കേരളത്തിൽ അന്യം നിന്ന് കൊണ്ടിരിക്കുന്ന നാട്ടുമാവുകളുടെ സംരക്ഷണാർത്ഥം കൃഷി വകുപ്പിന്റെ നേതൃത്വത്തിലാണ് സുഗതകുമാരിയുടെ സ്മരണയ്ക്കായി‘നൂറിനം നാട്ടുമാവുകളുടെ മാന്തോപ്പ്’ പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പൊതു സ്ഥലങ്ങളിലും വീട്ടുവളപ്പുകളിലും നിലവിലുള്ള നാടൻ മാവിനങ്ങൾ സംരക്ഷിക്കും. ഫലവർഗ വികസന പദ്ധതിയിൽ നിന്നും ഒരു കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.

ആദ്യഘട്ടത്തിൽ തൃശൂർ, കണ്ണൂർ ജില്ലകളിലെ തിരഞ്ഞെടുത്ത ഗ്രാമ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുക. 25 ഗ്രാമപഞ്ചായത്തുകളിലായി 100 ഇനം വ്യത്യസ്ത നാട്ടുമാവുകളുടെ 50, 000 എണ്ണം നടീൽ വസ്തുക്കൾ വെച്ചു പിടിപ്പിച്ച് മാന്തോപ്പുകൾ ഉണ്ടാക്കും. കാർഷിക പരിസ്ഥിതി അധിഷ്ഠിത വിള സൗഹൃദ സംരക്ഷണ പദ്ധതിയുടെയും ഉദ്ഘാടനവും വേദിയിൽ നിർവഹിച്ചു. ഈ പദ്ധതിയിൽ മാവിനങ്ങളുടെ ജനിതക ശേഖരം നടത്താൻ സഹായിച്ച ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ ഗൺമാൻ ഷൈജുവിനുള്ള പുരസ്കാരം മന്ത്രി നൽകി. ജൈവ കർഷകനായ കെ ബി സന്ദീപിന് ജൈവ വള കിറ്റും കൈമാറി. തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. ഗവ ചീഫ് വിപ്പ് വിപ്പ് അഡ്വ കെ രാജൻ മുഖ്യാതിഥിയായി. കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ മധു ജോർജ് മത്തായി പദ്ധതി വിശദീകരിച്ചു. കൃഷി ഡയറക്ടർ ഡോ. കെ വാസുകി, അഡിഷണൽ ഡയറക്ടർ കെ രാധാകൃഷ്ണൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ എസ് മിനി തുടങ്ങിയവർ പങ്കെടുത്തു.

ENGLISH SUMMARY: Hun­dreds of native plan­ta­tions start­ed the project

YOU MAY ALSO LIKE THIS VIDEO