വിശപ്പ് സൂചിക 2020: പാഴായ ആറുവർഷങ്ങൾ

Web Desk
Posted on October 20, 2020, 2:00 am

‘അച്ഛേദിൻ’, ‘മെയ്ക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ തുടങ്ങി പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിനു മുന്നിൽ നിരത്തിയ മുദ്രാവാക്യങ്ങൾ ഓരോന്നും എത്രത്തോളം പൊള്ളയായിരുന്നുവെന്ന് തുറന്നു കാട്ടുകയാണ് ‘ആഗോള വിശപ്പ് സൂചിക 2020. ’ പഠനവിധേയമായ 107 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം മറ്റെല്ലാ ദക്ഷിണേഷ്യൻ അയൽ രാജ്യങ്ങളുടേയും പിന്നിൽ 94 -ാമതാണെന്ന് സൂചിക വ്യക്തമാക്കുന്നു. ആഭ്യന്തര കലഹങ്ങളും വറുതിയും രാഷ്ട്രീയ അസ്ഥിരതയും മുഖമുദ്രയാക്കിയ ആഫ്രിക്കൻ രാഷ്ട്രമായ സുഡാനൊപ്പമാണ് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം. പത്തു വർഷങ്ങൾക്ക് മുമ്പ് ബംഗ്ലാദേശിനും പാകിസ്ഥാനും മുകളിലായിരുന്നു ഇന്ത്യയുടെ സ്ഥാനമെങ്കിൽ ഇപ്പോൾ നേപ്പാളും ശ്രീലങ്കയും പോലും നമ്മുടെ രാജ്യത്തെ പിന്നിലാക്കിയിരിക്കുന്നു. സമ്പദ്ഘടനയുടെ വലുപ്പത്തെക്കുറിച്ചും വളർച്ചയെപ്പറ്റിയും ഭരണാധികാരിവർഗം നടത്തിക്കൊണ്ടിരിക്കുന്ന വായ്ത്താരികളുടെ പശ്ചാത്തലത്തിൽ വേണം ജനങ്ങൾ അഭിമുഖീകരിക്കുന്ന പട്ടിണി വിലയിരുത്തപ്പെടേണ്ടത്. ഐക്യരാഷ്ട്രസഭയുടെ സഹസ്രാബ്ദ സാമൂഹ്യ വികസന ലക്ഷ്യം കൈവരിക്കാൻ ഒരുദശകം മാത്രം അവശേഷിക്കെയാണ് ഇതെന്നത് പാഴായ ആറുവർഷങ്ങളെയാണ് മോഡിഭരണം അടയാളപ്പെടുത്തുന്നത്. തീവ്രദാരിദ്ര്യവും പട്ടിണിയും തുടച്ചുമാറ്റുക, സാർവത്രിക പ്രൈമറി വിദ്യാഭ്യാസം കൈവരിക്കുക, ലിംഗസമത്വവും സ്ത്രീശാക്തീകരണവും പ്രോത്സാഹിപ്പിക്കുക, ശിശുമരണ നിരക്ക് കുറയ്ക്കുക, മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക, എച്ച്ഐവി-എയ്ഡ്സ്, മലേറിയ തുടങ്ങിയ രോഗങ്ങൾ എന്നിവയ്ക്കെതിരെ ചെറുത്തുനില്പ് ശക്തിപ്പെടുത്തുക, പാരിസ്ഥിതിക നിലനില്പ് ശക്തിപ്പെടുത്തുക, വികസനരംഗത്ത് ആഗോള സഹകരണം വളർത്തുക എന്നിവയാണ് 2015 ൽ 191 യു എൻ അംഗരാഷ്ട്രങ്ങൾ പ്രഖ്യാപിച്ച സഹസ്രാബ്ദ സാമൂഹ്യ വികസന ലക്ഷ്യങ്ങൾ. അവയിൽ പ്രഥമവും പ്രധാനവുമായ ലക്ഷ്യത്തിലേക്ക് പുരോഗമിക്കാൻ പോലും ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല എന്നാണ് ആഗോള വിശപ്പ് സൂചിക വ്യക്തമാക്കുന്നത്. നരേന്ദ്രമോഡി വാഗ്ദാനം ചെയ്ത ‘നല്ലദിനങ്ങൾ’ യഥാർത്ഥത്തിൽ കൈവരിക്കാനായത് അംബാനിമാർക്കും അഡാനിമാർക്കും മാത്രമാണെന്നും കോടിക്കണക്കിന് ഇന്ത്യക്കാർ ഒഴിഞ്ഞ വയറുമായാണ് അന്തിയുറങ്ങുന്നതെന്നുമാണ് വിശപ്പ് സൂചിക പറയുന്നത്.

കുഞ്ഞുങ്ങൾക്കിടയിലെ വളർച്ച മുരടിപ്പ് രാജ്യത്ത് ശരാശരി 30 ശതമാനമാണെന്ന് പഠനം വെളിപ്പെടുത്തുന്നു. ചില സംസ്ഥാനങ്ങളിൽ നൂറിൽ 45 കുട്ടികൾ വരെ വളർച്ച മുരടിപ്പ് നേരിടുന്നു. അതാവട്ടെ ഗർഭിണികളും മുലയൂട്ടുന്നവരുമായ അമ്മമാർ നേരിടുന്ന പോഷകാഹാര കുറവിലേക്കും പട്ടിണിയിലേക്കുമാണ് വിരൽചൂണ്ടുന്നത്. അഞ്ചു വയസിന് താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്കിൽ നേരി­യ കുറവുണ്ടായിട്ടുണ്ടെങ്കിലും ദരിദ്ര സംസ്ഥാനങ്ങളിലും ഉൾനാടുകളിലും പൂർണവളർച്ചയെത്തും മുമ്പുള്ള പ്രസവങ്ങളും ജനിക്കുന്ന കുഞ്ഞുങ്ങളുടെ ഭാരക്കുറവും ഞെട്ടിപ്പിക്കുന്ന തോതിൽ തുടരുകയാണ്. ഗുരുതരമായ അനാരോഗ്യത്തിന്റെ കാര്യത്തിൽ ഇന്ത്യൻ ശിശുക്കൾ തുടർച്ചയായി യുദ്ധക്കെടുതികൾക്ക് ഇരകളായ യമനിലെ കുഞ്ഞുങ്ങൾക്കു മുകളിൽ മാത്രമാണ്. നോട്ടുനിരോധനം, ചരക്ക് സേവന നികുതി തുടങ്ങിയ പരിഷ്കാര നടപടികൾ രാജ്യത്ത് പട്ടിണിക്കും വിശപ്പിനും ആക്കം കൂട്ടി. കോവിഡ് മഹാമാരിയും അതിനെ തുടർന്നുണ്ടായ കോടിക്കണക്കിന് കുടിയേറ്റത്തൊഴിലാളികളുടെ കൂട്ടപ്പലായനവും തൊഴിൽരാഹിത്യവും വിശപ്പ് വ്യാപകമാക്കി. സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് തിരികെയെത്താൻ വർഷങ്ങൾ തന്നെ വേണ്ടിവരുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. നരേന്ദ്രമോഡിയെ 2014ൽ അധികാരത്തിൽ അവരോധിച്ച തെരഞ്ഞെടുപ്പിന് മുമ്പ് ആഗോള വിശപ്പ് സൂചിക ഇന്ത്യയെ ഗുരുതരമായ പട്ടിണിയിൽ നിന്നും ഉയർത്തിയതിനെ അഭിനന്ദിച്ചിരുന്നുവെന്ന വസ്തുതയുടെ പശ്ചാത്തലത്തിൽ വേണം പുതിയ റിപ്പോർട്ടിനെ വിലയിരുത്തേണ്ടത്.

ഐക്യരാഷ്ട്രസഭയുടെ സഹസ്രാബ്ദ വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയണമെങ്കിൽ സംഭരണികളിൽ കുമിഞ്ഞുകൂടുന്ന ഭക്ഷ്യധാന്യങ്ങൾ അർഹരായ ജനങ്ങൾക്ക് മിതമായ വിലയ്ക്കും ദരിദ്ര ജനവിഭാഗങ്ങൾക്ക് സൗജന്യമായും ലഭ്യമാക്കാൻ കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ സന്നദ്ധമാകണം. എന്നാൽ അതിനുപകരം കേന്ദ്ര സർക്കാർ ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിനു തന്നെ അറുതിവരുത്തുകയാണ്. ജനാധിപത്യമര്യാദകളും പാർലമെന്ററി കീഴ്വഴക്കങ്ങളും ലംഘിച്ച് മോഡിസർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ ലക്ഷ്യംവയ്ക്കുന്നതുതന്നെ ഭക്ഷ്യധാന്യ സംഭരണമെന്ന സർക്കാർ ഉത്തരവാദിത്വത്തിൽ നിന്നുമുള്ള പിന്മാറ്റമാണ്. ഭക്ഷ്യധാന്യ സംഭരണം സ്വകാര്യ കോർപ്പറേറ്റുകൾക്ക് കൈമാറുന്നത് രാജ്യത്ത് പട്ടിണിയുടെയും വിശപ്പിന്റെയും ആക്കം കൂട്ടാനേ സഹായകമാകു. പട്ടിണിക്കും വിശപ്പിനും എതിരായ പോരാട്ടം ഫലത്തിൽ നരേന്ദ്രമോഡി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ സമരം തന്നെയാണ്.