ചുഴലിക്കാറ്റ് ; എടത്തലയിൽ വൻ നാശനഷ്ടം

എ.എ.സഹദ്

ആലുവ

Posted on September 20, 2020, 8:30 pm

ഒന്നരമിനിറ്റ് നീണ്ടു നിന്ന ചുഴലിക്കാറ്റില്‍ എറണാകുളം എടത്തല പഞ്ചായത്തിലെ മലേപ്പിള്ളിയില്‍ കനത്ത നാശനഷ്ടം. എടത്തല അല്‍ അമീന്‍ കോളേജിനടുത്ത കോയേലിമലയില്‍ നിന്ന് ശക്തിയായി വീശിയടിച്ച കാറ്റ് കിഴക്ക് ദിക്കിലേക്ക് രണ്ട് കിലോമീറ്റര്‍ നീളത്തിലാണ് സഞ്ചരിച്ചത്. ഈ ഭാഗത്തുള്ള വൻ മരങ്ങളടക്കം കടപുഴകി വീണു. കൂടാതെ, 20 ഓളം വൈദ്യുതി പോസ്റ്റുകൾ തകർന്നു വീണു. പല വീടുകളുടെയും മുകളിലെ റൂഫിങ് ഷീറ്റുകള്‍ പറന്നുപോയി. മരം മറിഞ്ഞു വീണ് പത്ത് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്.

മലേപ്പിള്ളി ബസ്റ്റോപ്പിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ഓട്ടോറിക്ഷകള്‍ ശക്തമായ കാറ്റില്‍ നിലത്തു മറിഞ്ഞു വീണു. നൂറ് കണക്കിന് കാര്‍ഷിക വിളകള്‍ കാറ്റില്‍ നശിച്ചിട്ടുണ്ട്. പഴക്കമുള്ള ജാതിമരങ്ങള്‍, പുളിമരം, തേക്ക്, വാഴ, തെങ്ങ്, കവുങ്ങ്, മറ്റ് വൃക്ഷങ്ങളെല്ലാം കാറ്റില്‍ മറിഞ്ഞു വീണു. കോമ്പാറയിലൂടെ ചെറിയ രീതിയില്‍ കടന്നു പോയ ചുഴലികാറ്റ് കോയേലിമലയിലെ തുറസായ മൈതാനത്തിലെത്തിയപ്പോള്‍ ശക്തി പ്രാപിക്കുകയായിരുന്നു. തുടര്‍ന്നാണ് ആഞ്ഞടിച്ചത്. കോയേലി മലയുടെ സമീപത്തെ റബ്ബർ തോട്ടത്തിലെ റബ്ബറും റോഡ് സൈഡിലെ നിരവധി പോസ്റ്റുകളും മറിഞ്ഞു.

തുടർന്ന്, മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ആലുവ തഹസില്‍ദാര്‍, ഈസ്റ്റ് വില്ലേജ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തുന്ന പ്രക്രിയ ആരംഭിച്ചു. എടത്തല പോലീസ്, ആലുവയില്‍ നിന്ന് ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘം സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ മരങ്ങള്‍ മുറിച്ച് മാറ്റി. എടത്തല ജില്ലാ പഞ്ചായത്ത് മെമ്പർ അസ്‌ലഫ് പാറേക്കാടൻ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.നവകുമാരൻ, എ.ഐ.ടി.യു.സി ആലുവ മണ്ഡലം സെക്രട്ടറി കെ.കെ. സത്താർ, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം എ.എ.സഹദ് എന്നിവർ സംഭവസ്ഥലം സന്ദര്‍ശിച്ചു.

ENGLISH SUMMARY:Hurricane in edatha­la
You may also like this video