അടിമാലി(ഇടുക്കി): പൂട്ടിയിട്ട കാറിൽ പ്രായമായ സ്ത്രീയെ അവശനിലയിൽ കണ്ടെത്തി. മാനന്തവാടി കാമ്ബാട്ടി വെൺമണി വലിയവേലിക്കകത്ത് മാത്യുവിന്റെ ഭാര്യ ലൈലാമണി(63)യെയാണ് വെള്ളിയാഴ്ച 11 മണിയോടെ കല്ലാർകുട്ടി റോഡിൽ നാട്ടുകാർ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചമുതൽ ഈ വാഹനം കല്ലാർകുട്ടി റോഡിൽ പാൽക്കോ പമ്ബിനുസമീപം പാർക്കുചെയ്തിരുന്നു. വെള്ളിയാഴ്ച ഓട്ടോഡ്രൈവർമാരാണ്, അവശനിലയിൽ ഇവരെ കണ്ടത്. വാഹനം പൂട്ടിയിരുന്നു. ഇത് മാത്യുവിന്റെപേരിൽ മാനന്തവാടിയിൽ രജിസ്റ്റർചെയ്തതാണ്.
പോലീസിന്റെ സഹായത്തോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് മാത്യുവിനൊപ്പമാണ് ഇവിടെ എത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ കാർ പാർക്കുചെയ്ത് ഭർത്താവ് പ്രാഥമികാവശ്യം നിർവഹിക്കാൻ പോയെന്നാണ് ഇവർ പറയുന്നത്. പോലീസും നാട്ടുകാരും തിരഞ്ഞെങ്കിലും വെള്ളിയാഴ്ച വൈകിയിട്ടും മാത്യുവിനെ കണ്ടെത്താനായിട്ടില്ല.
കാറിന്റെ പിൻസീറ്റിൽ വീട്ടുസാധനങ്ങളാണ്. ൈലലാമണി പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്. വാഹനത്തിൽനിന്ന് പാസ് ബുക്കും, ഒരു മൊബൈൽ ഫോണും കണ്ടെത്തി. ഈ ഫോണിൽനിന്ന്, ഭർത്താവിന്റേതെന്ന് സംശയിക്കുന്ന നമ്ബറിൽ ബന്ധപ്പെടാൻ അടിമാലി പോലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ആ ഫോണിന് തൃശ്ശൂരാണ് റേഞ്ച് കാണിക്കുന്നത്. ലൈലാമണിയുടെ ഒരുഭാഗം തളർന്നനിലയിലാണ്. അടിമാലി പോലീസ് നടത്തിയ അന്വേഷണത്തിൽ, ഇവർ വയനാട് തലപ്പുഴ പോലീസ്സ്റ്റേഷൻ പരിധിയിലെ താമസക്കാരാണെന്ന് കണ്ടെത്തി. അവിെടയുണ്ടായിരുന്ന ഭൂമി അടുത്തയിടെ വിറ്റു. ഏതാനുംനാളായി വാടകയ്ക്കാണ് താമസിക്കുന്നത്. അടുത്തയിടെ ലൈലാമണിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. മൂന്നുദിവസം മുൻപാണ് ഇരുവരെയും നാട്ടുകാർ അവസാനമായി മാനന്തവാടിയിൽ കണ്ടത്.
ഒരു മകൻ തിരുവനന്തപുരത്തുണ്ട്. ഇടുക്കി നെടുങ്കണ്ടത്ത് ബന്ധു ഉണ്ട്. അവിടേക്ക് പോയതാകാം എന്ന് പോലീസ് കരുതുന്നു. അടിമാലി സി. ഐ. യുടെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നു. ലൈലാമണി അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
English summary:Husband abandons ailing housewife in car;Two days on the highway
YOU MAY ALSO LIKE THIS VIDEO