വർക്കലയിൽ യുവതിയെ തീകൊളുത്തി കൊന്ന ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

Web Desk

വർക്കല

Posted on October 26, 2020, 8:44 am

തിരുവനന്തപുരം വർക്കലയിൽ യുവതിയെ തീകൊളുത്തി കൊന്ന ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. രാമന്തളി പുതുവൽ വീട്ടിൽ ദീപുവിന്റെ ഭാര്യ നിഷയാണ് പൊള്ളലേറ്റ് ചികിൽസയിലിരിക്കെ മരിച്ചത്.

ദീപുവിനെയും മാതാവ് സുഭദ്രയെയും പൊലീസ് അറസ്റ്റുചെയ്തു. സ്ത്രീധന‑ഗാർഹിക പീഡനത്തെ തുടർന്നാണ് യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതെന്ന് വർക്കല പൊലീസ് പറയുന്നു.

വർക്കല രാമന്തളി പുതുവൽ വീട്ടിൽ ദീപുവിന്റെ ഭാര്യ നിഷയെ വെള്ളിയാഴ്ച ഉച്ചക്കായിരുന്നു ഭർത്താവും ഭർതൃമാതാവും ചേർന്ന് തീകൊളുത്തിയത്. വിവാഹത്തിന് നിഷയുടെ വീട്ടുക്കാർ നൽകിയ സ്വർണവും പണവും ഭർത്താവിന്റെ വീട്ടുകാരുടെ ആവശ്യത്തിനു എടുത്തു ഉപയോഗിച്ചതിന്റെ പേരിൽ തുടങ്ങിയ വഴക്കാണ് ക്രൂരകൃത്യത്തിൽ കലാശിച്ചത്. പതിവായി മദ്യപിച്ചെത്തി ദീപു നിഷയെ മർദിക്കാറുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു.

ഗുരുതരമായി പൊള്ളലേറ്റ നിഷയെ വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിച്ചു.

നിഷയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ ദീപുവിനെ അന്നു തന്നെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇന്ന് സുഭദ്രയെയും അറസ്റ്റ് ചെയ്തു.

കേസിൽ സുഭദ്രയാണ് ഒന്നാം പ്രതി. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊട്ടാരക്കര പനവേലി ശ്വദേശിനിയായ നിഷയെ കഴി‍ഞ്ഞ വർഷമാണ് ദീപു വിവാഹം കഴിച്ചത്.

you may also like this video