Web Desk

കൊച്ചി

June 25, 2021, 9:20 pm

സ്ത്രീധന പീഡനം: യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

Janayugom Online

സ്ത്രീധന പീഡനത്തെ തുടർന്ന് തമിഴ് യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. എറണാകുളം വാത്തുരുത്തി കോളനിയിൽ താമസിക്കുന്ന കാർത്തിക്കി(33) നെയാണ് ഹാർബർ പൊലീസ് അറസ്റ്റ് ചെയ്തത്. മധുര സ്വദേശിനിയായ കനിമൊഴി(24)യാണ് പീഡനം സഹിക്കാതെ മരിച്ചത്.

അഞ്ച് വർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹസമയത്ത് 10 പവൻ സ്വർണാഭരണങ്ങൾ നൽകാമെന്ന് പറഞ്ഞിരുന്നതെങ്കിലും നാല് പവനേ യുവതിയുടെ മാതാപിതാക്കൾക്ക് നൽകാനായുള്ളു. ബാക്കിയുള്ള ആറ് പവൻ സ്വർണത്തെ ചൊല്ലി കാർത്തിക് എന്നും യുവതിയെ ഉപദ്രവിച്ചിരുന്നു. നിരന്തര പീഡനം സഹിക്കവയ്യാതെ ബുധനാഴ്ച വാത്തുരുത്തിയിലുള്ള മാതാപിതാക്കളുടെ വീട്ടിൽ കനിമൊഴിയെത്തി. ഭർത്താവ് ഉപദ്രവിച്ചതിനെ തുടർന്നാണ് എത്തിയതെന്ന് ഇവരോട് പറഞ്ഞു. വ്യാഴാഴ്ച രാവിലെ ഇരുവരും ജോലിക്കുപോയ സമയം വീടിന്റെ പിൻവശത്ത് തുങ്ങി മരിക്കുകയായിരുന്നു. ഇവർക്ക് മൂന്നര വയസുള്ള കുട്ടിയുണ്ട്.

പീഡനം സഹിക്കാനാവാതെ മൂന്ന് വർഷം മുമ്പും കനിമൊഴി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കാർത്തിക്കിന്റെ മർദ്ദനത്തെുടർന്ന് ഇവരുടെ ചെവിക്ക് സാരമായി തകരാറ് സംഭവിച്ചിരുന്നു. ആത്മഹത്യാ പ്രേരണാകുറ്റത്തിന് പ്രതിക്കെതിരെ ഹാർബർ പൊലീസ് കേസെടുത്തു. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.

എസിപി സജു വർഗീസിനാണ് അന്വേഷണ ചുമതല. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. കോവിഡ് പരിശോധനകൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ഗാര്‍ഹിക‑സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ ഇനി നേരിട്ട് പരാതി നല്‍കാം

ഫോണ്‍: 9497900999, 9497900286

ഇ‑മെയില്‍: aparajitha.pol.gov.in

 

Eng­lish sum­ma­ry: Hus­band arrest­ed in Tamil lady’s sui­cide case
You may also like this video;