സൗമിനിയ്ക്ക് കോൺഗ്രസ് ചരിത്രം അറിയില്ലെന്ന് ഹൈബി ഈഡൻ: പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചു

Web Desk
Posted on October 30, 2019, 3:05 pm

കൊച്ചി:ഹൈബി ഈഡൻ  സൗമിനി ജെയിൻ വാക്ക് പോര് കടുക്കുന്നു. മേയർ സ്ഥാനത്തുനിന്ന് സൗമിനിയെ മാറ്റണമെ ന്ന് ആദ്യം  ആവശ്യപ്പെട്ട ഹൈബി ഇന്നലെ  ഫേസ് ബുക്കിൽ മേയർക്കെതിരെ പോസ്റ്റിട്ടു. തേവര കോളേജിൽ എസ് എഫ് ഐ  ആയിരുന്ന ആൾക്ക് ഒൻപതു വര്‍ഷം കൊണ്ട് കോൺഗ്രസ് ചരിത്രം പഠിക്കാൻ കഴിയില്ലെന്ന് തുടങ്ങുന്ന പോസ്റ്റിൽ ഇത് കോൺഗ്രസാണെന്ന മുന്നറിയിപ്പും ഉണ്ട് .

കഴിഞ്ഞ ദിവസം മേയർ സ്ഥാനത്തുനിന്ന് മാറ്റുകയാണെങ്കിൽ എന്താണ് അടുത്ത നടപടി എന്ന ചോദ്യത്തിന്  ബലാത്സംഗത്തിന് ഇരയായവരെ സഹയിക്കുമെന്നായിരുന്നു സൗമിനിയുടെ മറുപടി. ഹൈബി ഈഡന്റെ  ഭാര്യ കൊച്ചിയിലെ വെള്ളപൊക്കം കഴിഞ്ഞിട്ട ഫേസ്ബുക്‌ പോസ്റ്റിനെ ട്രോളിയുള്ള മറുപടിയാണ്  ഹൈബിയെ പ്രകോപിപ്പിച്ചതെന്ന് വേണം കരുതാൻ. പോസ്റ്റിന് താഴെ പ്രതികരണ ങ്ങൾ  വന്നുതുടങ്ങി, അതിലൊന്ന് ഇങ്ങനെ. രണ്ട് തവണ കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിച്ച് ജയിപ്പിച്ച് ആദ്യ ടേമിൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയും പിന്നീട് മേയറുമാക്കിയ ആളെക്കുറിച്ചാണ്.
ആഹാ, അന്തസ്.
(നഗരവാസികളുടെ ദുരിത ജീവിതത്തിൽ എട്ടു വർഷം എം എൽ എ ആയിരുന്ന ഹൈബിക്ക് ഒരു പങ്കുമില്ല, വെള്ളം കയറിയ സ്വന്തം വീട് തൃക്കാക്കര മണ്ഡലത്തിലുമാണ്)
നഗരസഭാ ഭരണത്തിലെ കെടുകാര്യസ്ഥത മുൻനിർത്തി മേയർ സൗമിനി ജെയിനിനെ രാജിവയ്പിക്കാനുള്ള കോൺഗ്രസ്‌ ജില്ലാ നേതൃത്വത്തിന്റെ നീക്കത്തിന്‌ വീണ്ടും തിരിച്ചടിനേരിട്ട സാഹചര്യത്തിലാണ് ഹൈബിയുടെ ഒളിപോരെന്നതും ശ്രദ്ധേയം. മേയർ ഒഴിഞ്ഞാൽ അംഗത്വം രാജിവയ്‌ക്കുമെന്ന്‌ രണ്ട്‌ വനിതാ കൗൺസിലർമാർ കഴിഞ്ഞ ദിവസം പരസ്യനിലപാടെടുത്തു.

കോൺഗ്രസ്‌ വിമതയായി ജയിച്ച പള്ളുരുത്തി നമ്പ്യാപുരം കൗൺസിലർ ഗീത പ്രഭാകരൻ, ഫോർട്ടുകൊച്ചി മാനാശേരിയിൽനിന്നുള്ള ജോസ്‌മേരി രാജു എന്നിവരാണ്‌ പാർടി നേതൃത്വത്തിനെതിരെ രംഗത്തുവന്നത്‌.
ഐ ഗ്രൂപ്പും എ ഗ്രൂപ്പിലെ ഒരുവിഭാഗവും സംയുക്തമായി രംഗത്തുവന്നിട്ടും സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയിൽ തുടരുന്ന സൗമിനി ജെയിനിന്റെ പുതിയനീക്കം പാർടി നേതൃത്വത്തെ ഞെട്ടിച്ചു. മേയർക്കൊപ്പം നിൽക്കുന്ന എ ഗ്രൂപ്പിലെ ഒരുവിഭാഗമാണ്‌ കൗൺസിലർമാരുടെ രാജിഭീഷണിക്ക്‌ പിന്നിൽ. ചർച്ചകൾക്കായി ബുധനാഴ്‌ച തിരുവനന്തപുരത്തെത്താൻ സൗമിനി ജെയിനിനോട്‌ കെപിസിസി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്‌.

അതിനിടെ തനിക്കെതിരെ പരസ്യനിലപാടെടുത്ത ഹൈബി ഈഡൻ എംപി പങ്കെടുത്ത ചടങ്ങ്‌ മേയർ ബഹിഷ്‌കരിച്ചു.കഴിഞ്ഞ ദിവസം  എറണാകുളം ഗവ. ഗേൾസ്‌ സ്‌കൂളിൽ ജില്ലാ ശാസ്‌ത്രമേളയുടെ ഉദ്‌ഘാടനച്ചടങ്ങിൽ നിന്നാണ്‌  വിട്ടുനിന്നത്‌.  ചടങ്ങിൽ അധ്യക്ഷയാകേണ്ടിയിരുന്നത്‌ മേയറായിരുന്നു.
എംഎൽഎ ആയി തെരഞ്ഞെടുത്ത ടി ജെ വിനോദ്‌ രാജിവച്ചതോടെ 74 അംഗ കൗൺസിലിൽ യുഡിഎഫിന്‌ 37 അംഗങ്ങളുടെ പിന്തുണയാണുള്ളത്‌.

എൽഡിഎഫിന്‌ 34ഉം ബിജെപിക്ക്‌ രണ്ടും അംഗങ്ങളുണ്ട്‌. വിമതയായി ജയിച്ച ഗീത പ്രഭാകരന്റെകൂടി പിന്തുണയോടെയാണ്‌ യുഡിഎഫ്‌ ഭൂരിപക്ഷം നിലനിർത്തുന്നത്‌. കൗൺസിലർമാർ ഭീഷണിയുമായി വന്നതോടെ മേയറുടെ രാജിക്കായി ഉറച്ചുനിന്ന പാർടി നേതൃത്വം പ്രതിരോധത്തിലായി. കൂടുതൽ കൗൺസിലർമാർ മേയർക്ക്‌ പിന്തുണയുമായെത്തുമെന്നും സൂചനയുണ്ട്‌. സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നതോടെ ഹൈബി ഈടൻ തന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.