18 April 2024, Thursday

Related news

April 13, 2024
March 14, 2024
February 15, 2024
January 29, 2024
January 20, 2024
December 12, 2023
August 14, 2023
August 11, 2023
July 31, 2023
July 28, 2023

തെലങ്കാനയുടെ ‘ഉദ്ഗ്രഥനം’; അമിത്ഷായുടെ ‘വിമോചനം’

Janayugom Webdesk
ഹൈദരാബാദ്
September 17, 2022 10:59 pm

ഇന്നലെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും രണ്ടിടങ്ങളിലായി ദേശീയ പതാക ഉയർത്തി ‘ഹെെദരാബാദ് ദിനം’ ആചരിച്ചത് രാഷ്ട്രീയത്തിലെ ഇരട്ടമുഖങ്ങളുടെ അനാവരണമായി. ‘തെലങ്കാന സംയോജന ദിനം’ എന്ന പേരിൽ തെലങ്കാന സർക്കാർ നടത്തുമ്പോള്‍ അമിത്ഷായും കേന്ദ്ര സര്‍ക്കാരും ഹെെദരാബാദ് ‘വിമോചന ദിന’മാണ് ആഘോഷിക്കുന്നത്. സ്വാതന്ത്ര്യസമരത്തിലും ഇന്ത്യന്‍ യൂണിയന്‍ രൂപീകരണത്തിലും യാതൊരു പങ്കുമില്ലാതിരുന്ന ബിജെപി വര്‍ഗീയ വിഭജനം ലക്ഷ്യമിട്ടാണ് 75 വര്‍ഷം കഴിഞ്ഞ് വിമോചനദിനം ആചരിക്കുന്നത്. നൈസാമിന്റെ കീഴിലായിരുന്ന ഹൈദരാബാദ് സംസ്ഥാനം ഇന്ത്യൻ യൂണിയനിൽ ലയിച്ച ദിവസത്തെയാണ് വിമോചന ദിനമായി ആചരിക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന ടിആർഎസും ഏതുവിധേനയും ഭരണം പിടിക്കാൻ കച്ചമുറുക്കുന്ന ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ പോരിന് ആക്കം കൂട്ടുന്നതായി ദിനാചരണം.

‘സര്‍ദാര്‍ പട്ടേല്‍ ഇല്ലായിരുന്നെങ്കില്‍ ഹൈദരാബാദിന് മോചനം സാധ്യമാവാൻ വർഷങ്ങളെടുക്കുമായിരുന്നുവെന്ന് സെക്കന്തരാബാദിൽ നടന്ന പരിപാടിയില്‍ അമിത് ഷാ പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയം കാരണമാണ് 75 വർഷം കഴിഞ്ഞിട്ടും ഇവിടെ ഭരിക്കുന്നവർ വിമോചനദിനം ആഘോഷിക്കാൻ ധൈര്യപ്പെടാത്തതെന്നും അമിത് ഷാ പറഞ്ഞു. അമിത് ഷായുടെ രാഷ്ട്രീയ മുതലെടുപ്പിനെ നിശിതമായി വിമര്‍ശിച്ച കെസിആർ, നവംബർ 9 ന് ഗുജറാത്തിലെ ജുനഗഡ് ഇന്ത്യയുമായി സംയോജിപ്പിച്ചത് ആഘോഷിക്കാത്ത ബിജെപി എന്തുകൊണ്ട് ഹൈദരാബാദിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് ചോദിച്ചു. ‘അവര്‍ ജനങ്ങളെ ഭിന്നിപ്പിക്കാൻ മതം ദുരുപയോഗം ചെയ്യുകയാണ്. സമാധാനം തകർക്കാനാണ് അവസരവാദികളുടെ ശ്രമം. നമ്മുടെ മൂല്യങ്ങൾ സംരക്ഷിക്കാൻ വീണ്ടും പോരാട്ടം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികളും സ്ത്രീകളും യുവജന സംഘങ്ങളും നടത്തിയ റാലികളോടെ വെള്ളിയാഴ്ച ആരംഭിച്ച തെലങ്കാന ഉദ്ഗ്രഥന ദിനത്തിന്റെ ത്രിദിന ആഘോഷത്തിന്റെ രണ്ടാംദിവസമായ ഇന്നലെ നാമ്പള്ളിയിലെ പബ്ലിക് ഗാർഡനിലെ സെൻട്രൽ ലോൺസിലാണ് മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തിയത്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മന്ത്രിമാർ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. 1948 സെപ്തംബർ 17 നാണ് നിസാമിന്റെ ഭരണത്തിൻ കീഴിലായിരുന്ന ഹൈദരാബാദ് സൈനിക നടപടിയെ തുടർന്ന് ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർക്കപ്പെട്ടത്. ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലായിരുന്നു സൈനിക നടപടിക്ക് തുടക്കമിട്ടത്. ‘വിമോചന ദിനം ആചരിക്കുമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് പലരും വാഗ്ദാനം ചെയ്തിരുന്നെങ്കിലും 75 വര്‍ഷമായിട്ടും അത് നടപ്പാകാതിരുന്നത് വോട്ട് ബാങ്കിനെ ഭയന്നാണെ‘ന്ന അമിത് ഷായുടെ പ്രസ്താവന തികച്ചും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്ന് വ്യക്തം. കേന്ദ്ര സര്‍ക്കാര്‍ ആദ്യമായാണ് ഹെെദരാബാദ് ദിനം ആചരിക്കുന്നത്. മോഡി അധികാരത്തിലെത്തി എട്ടു വര്‍ഷവും നടക്കാത്ത ആഘോഷം ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ ധ്രുവീകരണം മാത്രം ലക്ഷ്യമാക്കിയാണ്.

Eng­lish Sum­ma­ry: Hyder­abad Lib­er­a­tion Day
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.