സുഹൃത്ത് വിദേശത്ത് പോകുന്നതില്‍ അസൂയ: വിമാനത്താവളത്തിന് വ്യാജബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയില്‍

Web Desk
Posted on September 06, 2019, 11:47 am

ഹൈദരാബാദ്: രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവാവ് പിടിയില്‍.

24കാരനായ എംടെക് വിദ്യാര്‍ത്ഥി കട്‌റജു ശശികാന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താന്‍ ജോലിയില്ലാതെ അലഞ്ഞു തിരിയുമ്പോള്‍ തന്റെ ബാല്യകാല സുഹൃത്ത് സായ്‌റാം തുടര്‍പഠനത്തിനായി കാനഡയിലേക്ക് പോകുന്നതില്‍ അസൂയ പൂണ്ടാണ് ഇയാള്‍ ഭീഷണി സന്ദേശം അയച്ചതെന്നാണ് പൊലീസ് ഭാഷ്യം.

കാനഡ ഇമിഗ്രേഷന്‍ ഓഫീസിലേക്ക് സായ്‌റാമിന്റെ പേരില്‍ വ്യാജ ഇമെയില്‍ സന്ദേശം അയച്ച് നേരത്തെ തന്നെ ഇയാള്‍ സുഹൃത്തിന്റെ കാനഡ യാത്ര തടയാന്‍ ശ്രമിച്ചിരുന്നു. മോശം പദപ്രയോഗങ്ങള്‍ നടത്തി മെയില്‍ അയച്ചിട്ടും അത് മറികടന്ന് വിസ വന്നതോടെയാണ് ഇയാള്‍ അവസാന അടവെടുത്തത്.

ചൊവ്വാഴ്ച ഉച്ചക്ക്, കട്‌റജു തന്റെ മൊബൈല്‍ ഫോണില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് ഒരു വ്യാജ ബോംബ് ഭീഷണി ഇമെയില്‍ ചെയ്തു. ഭീഷണി സന്ദേശത്തില്‍ സുഹൃത്തിന്റെ ഇമെയില്‍ അഡ്രസും മൊബൈല്‍ നമ്പരും  ഉള്‍പ്പെടുത്തിയിരുന്നു.  എന്നാല്‍ ഐപി അഡ്രസ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പൊലീസ് കട്‌റജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്താവളം മുഴുവന്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെയാണ് സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞത്. കട്‌റജുവിനെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.

തന്നെ ഇത്രയൊക്കെ ദ്രോഹിച്ചിട്ടും കാനഡയിലേക്ക് പുറപ്പെടുന്നതിനു മുന്‍പായി പൊലീസ് സ്റ്റേഷനില്‍ വന്ന് സായ്‌റാം തന്റെ ഉറ്റ ചങ്ങാതിയെ കാണുകയും 500 രൂപ നല്‍കുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരത്തോടെ ഇയാള്‍ കാനഡയിലേക്ക് പോവുകയും ചെയ്തു.