ജിജി ജാസ്മിൻ

July 25, 2021, 3:43 am

ചരിത്രത്തിൽ ഞാൻ

Janayugom Online

രുംകാലങ്ങളിൽ ഞാനും
ചരിത്രത്തിന്റെ ഭാഗമായാൽ
എന്തായിരിക്കാം
എന്നിൽ നിന്ന് കണ്ടു കിട്ടുന്നത്.
അതിർത്തികൾ നഷ്ടപ്പെട്ട സാമ്രാജ്യം,
കാലഘട്ടം വ്യക്തമാക്കാത്ത ഗ്രന്ഥശേഖരങ്ങൾ,
എഴുത്തുകൾ അന്യമായ ശിലകൾ,
പ്രത്യേകിച്ച് നിറമോ
ചിഹ്നമോ ഇല്ലാതെ
താഴ്ത്തിക്കെട്ടിയ പതാക
സ്വാതന്ത്ര്യ ദിനമോ
അവധി ദിവസങ്ങളോ
വിശേഷങ്ങളോ
അടയാളപ്പെടുത്താത്ത കലണ്ടറുകൾ
ശൂന്യമായ തെരുവുകൾ
തുറക്കാതെ,അടക്കാതെ
തുരുമ്പെടുത്ത കോട്ട വാതിലുകൾ
പുനർജനി കാത്തിരുന്നു
ചാരത്തിലൊടുങ്ങിയ ഫിനിക്സുകൾ
ആവിപറക്കുന്ന കവിതകൾ-
ഓർമിപ്പിക്കുന്ന പഴകിയ ചായക്കപ്പുകൾ
പിന്നെ,
ദേശാന്തരയാത്ര കൊണ്ട്
പൊറുതിമുട്ടിയ മനസ്
സ്പന്ദമാപിനികൾക്ക്
പിടികൊടുക്കാത്ത ഹൃദയം
അലഞ്ഞുതിരിയുന്ന ചിന്തകൾ
അത്
ഭ്രാന്ത് പിടിച്ചവളുടെ ലോകം എന്നതുകൊണ്ട്
ചരിത്ര വിദ്യാർത്ഥികൾ
തീർച്ചയായും എന്നെ
ഉപേക്ഷിച്ചേക്കാം.