സജ്ജനാർക്ക് കയ്യടിക്കുന്നവർ ആ പഴയ ആസിഡ് ആക്രമണക്കേസിലെ ഇരയ്ക്ക് പറയാനുള്ളതു കൂടി കേൾക്കുക

Web Desk
Posted on December 06, 2019, 6:24 pm

ഹൈദരാബാദ്: ഏറ്റ് മുട്ടലുകളിലൂടെ പ്രതികളെ വെടിവെച്ച് കൊന്നപ്പോൾ നീതി നടപ്പായി എന്ന് എല്ലാവരും വിശ്വസിക്കുമ്പോൾ, പ്രികളെ വെടിവെച്ച് കൊന്ന പോലീസ് കമ്മീഷണർ വിസി സജ്ജനാറെ എല്ലാരും അഭിനന്ദിക്കുമ്പോൾ രണ്ട് ദിവസം മുമ്പ് വാങ്കൽ ആസിഡ് ആക്രമണ ഇര ഹഫിംഗ്ടൺ പോസ്റ്റിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ചർച്ചയാകുകയാണ്. 2008 ൽ പോലീസ് ഏറ്റുമുട്ടലിൽ വെടിവെച്ച് കൊന്നത് വാറങ്കൽ ആസിഡ് ആക്രമണക്കേസിലെ പ്രതികളെയായിരുന്നു. അന്ന് ആക്രമത്തിനിരയായ പ്രണിത എന്ന യുവതി പ്രതികൾ കൊല്ലപ്പെട്ടതുവഴി നീതി ലഭിച്ചുവെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു പറഞ്ഞത്.

you may also like this video

2008 ഡിസംബർ 10നായിരുന്നു പ്രണിതയും സുഹൃത്ത് സ്വപ്നികയ്ക്കും നേരെ ആസിഡ് ആക്രമണമുണ്ടാകുന്നത്. കോളേജിൽ നിന്ന് മടങ്ങിവരുന്ന വഴിയായിരുന്നു ആക്രമണം. കേസിൽ ശ്രീനിവാസ് (25), സഞ്ജയ് (22), ഹരികൃഷ്ണ (24) എന്നീ യുവാക്കളാണ് പിടിയിലാകുന്നത്. ശ്രീനിവാസിന്റെ പ്രണയാഭ്യർത്ഥന സ്വപ്നിക തള്ളിയതായിരുന്നു പ്രകോപനത്തിന് കാരണം.
പ്രതികൾക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഏറ്റുമുട്ടലിൽ പ്രതികൾ കൊല്ലപ്പെട്ടെന്ന വാർത്ത പുറത്തുവരുന്നത്. ഡിസംബർ 13 ന് രാത്രി ആശുപത്രിയിൽ കിടക്കുമ്പോഴാണ് പ്രതികൾ കൊല്ലപ്പെട്ടെന്ന വാർത്ത താനറിയുന്നതെന്നും പ്രണിത പറഞ്ഞു. നിങ്ങൾ കാരണം മൂന്നുപേരുടെ ജീവൻ ഇല്ലാതായെന്ന് ആരോ പറയുന്നതാണ് അന്ന് കേട്ടതെന്നാണ് പ്രണിത അഭിമുഖത്തിൽ പറയുന്നത്.

പ്രതികൾ കൊല്ലപ്പെട്ടെന്ന വാർത്ത കേട്ടപ്പോൾ പേടിയാണുണ്ടായതെന്നും സന്തോഷം തോന്നിയില്ലെന്നും അവർ പറഞ്ഞു. ആ ഏറ്റുമുട്ടൽ കൊലപതാകം നിങ്ങളിൽ ധൈര്യം പകർന്നോ എന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തോട് ദയവായി ഇത്തരം ചോദ്യങ്ങൾ ചോദിക്കരുതെന്നായിരുന്നു പ്രണിത പറഞ്ഞത്. ‘ഏറ്റുമുട്ടലിനെക്കുറിച്ച് ചിന്തിക്കാൻ ആഗ്രഹിച്ചിട്ടില്ല, ഇത്തരം കാര്യങ്ങൾ ഭയമുണ്ടാക്കുന്നകാണ് അതിനെക്കുറിച്ച് ചിന്തിക്കാൻ ആഗ്രഹിക്കുന്നില്ല’ പ്രണിത പറഞ്ഞു. നീതി നടപ്പിലായെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ച പ്രണിത ഇത്തരമൊരു നടപടിയിൽ ഒരു നീതിയുമില്ലെന്നാണ് താൻ കരുതുന്നതെന്നാണ് പറഞ്ഞത്. ‘എന്‍റെ മുഖം പഴയത് പോലെയാകുമ്പോ എനിക്ക് നീതി ലഭിക്കും, എന്‍റെ ചർമ്മം പഴയ പോലെയാകുമ്പോ, സാധാരണ ജീവിതം നയിക്കുമ്പോൾ നീതി ലഭിക്കും, അതിനെയാണ് നീതി എന്ന് വിളിക്കുക’ എന്നും പ്രണിത പ്രതികരിച്ചു.