നാലു വയസ്സുള്ളപ്പോള്‍ പീഡനത്തിന് ഇരയായെന്ന് പാര്‍വതി

Web Desk
Posted on October 31, 2018, 9:57 pm

തനിക്ക് മൂന്നോ നാലോ വയസുള്ളപ്പോഴാണ് അത്തരമൊരു അനുഭവമുണ്ടായത്. അന്നെന്താണ് സംഭവിച്ചതെന്ന് തനിക്ക് മനസിലായിരുന്നില്ല. ഒടുവിൽ പാർവതിയും പറയുന്നു, താനും പീഡിപ്പിക്കപ്പെട്ടിരുന്നു.  സിനിമാ ലോകത്തെ മീടൂ വെളിപ്പെടുത്തലുകള്‍ തുടര്‍ന്നു കൊണ്ടിരിക്കെ തനിക്കു നേരിട്ട ദുരനുഭവം വെളിപ്പെടുത്തുകയാണ് നടി പാര്‍വതിയും. തനിക്ക് നാലു വയസ്സുള്ളപ്പോള്‍ പീഡനത്തിന് ഇരയായെന്നാണ് പാര്‍വതിയുടെ വെളിപ്പെടുത്തല്‍. പിന്നീട് 17 വയസ്സുള്ളപ്പോഴാണ് അന്നു സംഭവിച്ചതിനെ കുറിച്ച്‌ ബോധ്യമുണ്ടായതെന്നും പാര്‍വതി വ്യക്തമാക്കി. മുംബയില്‍ നടക്കുന്ന മിയാമി ഫിലിം ഫെസ്‌റ്റിവലിലെ പരിപാടിയിലാണ് പാര്‍വതി ചെറുപ്രായത്തില്‍ താന്‍ നേരിട്ട പീഡനം തുറന്നു പറഞ്ഞത്.

വീണ്ടും 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇക്കാര്യം തുറന്നുപറയാന്‍ കഴിഞ്ഞത്. ഇക്കാര്യം സംഭവിച്ചുവെന്നത് സത്യമാണ്. എന്നാല്‍ ഒരു സ്ത്രീയായതിന്റെ പേരിലല്ല ഇങ്ങനെ സംഭവിച്ചത്. ആത്യന്തികമായി ഒരു വ്യക്തിയാണ് താന്‍. ബാക്കിയുള്ള വിശേഷങ്ങളെല്ലാം പിന്നെയാണ് വരുന്നത്. ഈ അവസ്ഥയെ അതിജീവിക്കുകയാണ് പ്രധാനം. ഓരോ ദിവസവും ഇക്കാര്യം സ്വയം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ വളരെ ബുദ്ധിമുട്ടാണെന്നും അവര്‍ പറഞ്ഞു.

”അതിജീവിക്കുക എന്നത് ശാരീരികമായി മാത്രം സംഭവിക്കേണ്ട ഒന്നല്ല. മാനസികമായും അതിജീവിക്കേണ്ടതുണ്ട്. അതിജീവിച്ചവളാണെന്ന് എല്ലാ ദിവസവും ഞാന്‍ എന്നെത്തന്നെ ഓര്‍മിപ്പിക്കേണ്ടതുണ്ട്”- പാര്‍വതി വ്യക്തമാക്കി.

മീ ടു ക്യാംപെയിന്റെ പശ്ചാത്തലത്തില്‍ ഉറച്ച നിലപാടോടെയാണ് ഇത്തവണത്തെ മിയാമി ചലച്ചിത്രമേളക്ക് തിരി തെളിഞ്ഞത്. മീ ടു ആരോപണത്തില്‍പ്പെട്ട താരങ്ങള്‍ ഉള്‍പ്പെട്ട ചിത്രങ്ങള്‍ മേളയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. നാനാ പടേക്കറിനെതിരെ നടി തനുശ്രീ ദത്ത ലൈംഗികാരോപണം ഉന്നയിച്ചതാണ് ഇന്ത്യന്‍ സിനിമാ രം​ഗത്തെ ആദ്യം ഉണ്ടായ മീടൂ വെളിപ്പെടുത്തല്‍. പിന്നാലെ നിരവധി വനിതാ താരങ്ങള്‍ തങ്ങള്‍ക്കുണ്ടായ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.

മലയാള സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ ഡബ്ല്യൂസിസിയുടെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളായ പാര്‍വതി മീ ടു ക്യാംപയിനെ പിന്തുണച്ച്‌ നിലപാടെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് പാര്‍വതിയെ മിയാമി ഫിലിം ഫെസ്‌റ്റിവലിലേക്ക് ക്ഷണിച്ചതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.