ഓവര്‍ ത്രോ വിവാദം: ഖേദമില്ലെന്ന് ധര്‍മസേന

Web Desk
Posted on July 22, 2019, 9:51 am

കൊളംബോ: ഓവര്‍ ത്രോ വിവാദത്തില്‍ പ്രതികരണവുമായി ഐസിസി അമ്പയര്‍ കുമാര്‍ ധര്‍മസേന രംഗത്ത്. ന്യൂസിലന്‍ഡ് ഇംഗ്ലണ്ട് ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെ മത്സരത്തിന്റെ അവസാന ഓവറില്‍ ഇംഗ്ലണ്ടിന് അനുകൂലമായി ഓവര്‍ത്രോ റണ്‍സ് അനുവദിച്ചതില്‍ അമ്പയര്‍ക്ക് പിഴവ് സംഭവിച്ചതായി ആരോപണമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ധര്‍മസേന കുറ്റസമ്മതം നടത്തിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തനിക്ക് ടിവി റീപ്ലേകള്‍ കണ്ട് തീരുമാനമെടുക്കാനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ എടുത്ത തീരുമാനത്തില്‍ ഖേദമില്ലെന്നും ധര്‍മസേന പറഞ്ഞു.

വാക്കി ടോക്കിയിലൂടെയുള്ള ആശയവിനിമയം മറ്റ് അമ്പയര്‍മാരും കേട്ടതാണ്. അവരും ടിവി റിപ്ലേകള്‍ കണ്ടല്ല തീരുമാനമെടുത്തത്. എന്നാല്‍ ബാറ്റ്‌സ്മാന്‍ റണ്‍ പൂര്‍ത്തിയാക്കിയതായി വാക്കി ടോക്കിയിലൂടെ അവരും അറിയിച്ചു. അതുകൊണ്ടാണ് ആ സമയം ഇംഗ്ലണ്ടിന് അനുകൂലമായി ആറ് റണ്‍സ് അനുവദിച്ചതെന്നും ധര്‍മസേന പറഞ്ഞു. നേരത്തെ അമ്പയര്‍ക്ക് തെറ്റുപറ്റിയെന്ന് മുന്‍ അമ്പയര്‍ സൈമണ്‍ ടൗഫല്‍ പറഞ്ഞിരുന്നു. ഇംഗ്ലണ്ടിന് നല്‍കിയ 6 റണ്‍സ് നിയമവിരുദ്ധമാണെന്നും ആകെ 5 റണ്‍സ് മാത്രമേ ഐസിസി നിയമപ്രകാരം ഇംഗ്ലണ്ടിന് നല്‍കാന്‍ പാടുള്ളൂ എന്നാണ് ടൗഫലിന്റെ വാദം.

അത്യന്തം നാടകീയത നിറഞ്ഞ ഫൈനലാണ് ലോര്‍ഡ്‌സില്‍ അരങ്ങേറിയത്. മത്സരത്തിന്റെ അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ദാനമായി ലഭിച്ച ഓവര്‍ത്രോ റണ്‍സ് നിര്‍ണായകമായി. അവസാന ഓവറിലെ പതിനഞ്ച് റണ്‍സെന്ന ലക്ഷ്യത്തിലെത്താന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത് ഓവര്‍ത്രോയിലൂടെ ലഭിച്ച ആറു റണ്‍സാണ്. അമ്പയര്‍ ഒരു റണ്‍സ് ഇംഗ്ലണ്ടിന് അധികമായി നല്‍കിയെന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ബൗണ്ടറിയില്‍നിന്നും മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എറിഞ്ഞ പന്ത് ബെന്‍ സ്‌റ്റോക്‌സിന്റെ ബാറ്റില്‍കൊണ്ട് ബൗണ്ടറിയിലെത്തിയപ്പോള്‍ അഞ്ച് റണ്‍സിന് പകരം ആറ് റണ്‍സ് നല്‍കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് ജയത്തിന് തൊട്ടടുത്തെത്തുകയും ചെയ്തു.

അതേസമയം ലോകകപ്പിലെ ചില മത്സരങ്ങളില്‍ ധര്‍മസേനയുടെ അമ്പയറിങ് വിവാദത്തിന് വഴിവച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ജാസന്‍ റോയിയെ വിക്കറ്റല്ലായിരുന്നിട്ട്കൂടി ധര്‍മസേന അമ്പയറിങ് പിഴവിലൂടെ റോയ് പുറത്താകേണ്ടി വന്നു.

You May Also Like This: