19 April 2024, Friday

Related news

April 17, 2024
April 15, 2024
April 3, 2024
April 3, 2024
February 28, 2024
February 26, 2024
February 23, 2024
February 20, 2024
February 8, 2024
February 2, 2024

മുസ്‌ലിം പെൺകുട്ടികളുടെ അവകാശങ്ങൾക്കായി സംസാരിക്കും: ഫാത്തിമ തഹ്‍ലിയ

Janayugom Webdesk
കോഴിക്കോട്
September 28, 2021 10:21 pm

മുസ്‌ലിംലീഗ് നേതൃത്വത്തിനെതിരെ ഒളിയമ്പുമായി എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‍ലിയ. മുസ്‌ലിം പെൺകുട്ടികൾ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്നതും കലഹിക്കുന്നതും മുസ്‌ലിം ലീഗ് നേതാവ് സി എച്ച് മുഹമ്മദ് കോയ പകർന്നുതന്ന ഊർജം കൊണ്ടാണെന്ന് അവര്‍ പറഞ്ഞു.

സി എച്ചിന്റെ 38-ാം ചരമവാർഷികത്തോടനുബന്ധിച്ച് എഴുതിയ ലേഖനത്തിലാണ് തഹ്‍ലിയയുടെ പ്രതികരണം. സർക്കാർ സർവീസിലും ജുഡീഷ്യറിയിലും ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന വാദക്കാരനായിരുന്നു സി എച്ച്. നീതി നടപ്പാക്കിയാൽ മാത്രം പോരാ, അത് നടപ്പാക്കിയതായി ഏവർക്കും തോന്നണം എന്ന നിർബന്ധബുദ്ധിയുമുണ്ടായിരുന്നു അദ്ദേഹത്തിന്. സ്ത്രീ വിദ്യാഭ്യാസത്തിന്റെയും ഉന്നമനത്തിന്റെയും അധികാര പങ്കാളിത്തത്തിന്റെയും കാര്യത്തിൽ സി എച്ച് കൈക്കൊണ്ട നടപടികൾക്ക് തുടർച്ചയുണ്ടായില്ലെന്നും തഹ്‍ലിയ ആരോപിക്കുന്നു.

ഹരിത ഭാരവാഹികള്‍ക്കെതിരെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ നടത്തിയ ലൈംഗിക അധിക്ഷേപവും അതേത്തുടര്‍ന്നുള്ള പരാതിയും വനിതാകമ്മിഷനില്‍ വരെ എത്തിയിരുന്നു. പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മിറ്റിക്ക് പകരമായി പുതിയ കമ്മിറ്റി പ്രഖ്യാപിച്ചതിന് പിന്നാലെ ഫാത്തിമ തഹ്‍ലിയയെ ദേശീയ ഭാരവാഹി സ്ഥാനത്ത് നിന്നും മാറ്റുകയായിരുന്നു.

മുസ്‌ലിം ലീഗ് നിലകൊള്ളുന്നത് ലിംഗരാഷ്ട്രീയത്തിന് വേണ്ടിയല്ല: നൂർബിന റഷീദ്

മുസ്‌ലിം ലീഗ് നിലകൊള്ളുന്നത് ലിംഗരാഷ്ട്രീയത്തിന് വേണ്ടിയല്ലെന്നും ലിംഗന്യൂനപക്ഷമല്ല മതന്യൂനപക്ഷമാണ് ലീഗിന്റെ ന്യൂനപക്ഷമെന്നും വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്. ഹരിതയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സി എച്ച് മുഹമ്മദ്കോയ അനുസ്മരണ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

ലീഗിലെ സ്ത്രീകളാണെങ്കിലും ആദ്യം മുസ്‌ലിം ആണെന്നത് മറക്കരുതെന്നും സമുദായത്തെ മറന്ന് രാഷ്ട്രീയം പ്രവർത്തിക്കരുതെന്നും അവര്‍ ഹരിതയ്ക്ക് ഉപദേശം നല്‍കി.

ലിംഗന്യൂനപക്ഷത്തിനായി നിലകൊള്ളാൻ ലീഗ് ഭരണഘടന പറഞ്ഞിട്ടില്ല. ഭർത്താവിനും കുടുംബത്തിനും വേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് തന്റെ മാതൃക എന്നും നൂർബിന റഷീദ് പറഞ്ഞു. മുസ്‌ലിം ലീഗ് നേതൃത്വത്തെ പിന്തുണച്ചും ഹരിത സംഘടന മുൻ നേതാക്കളെ തള്ളിപ്പറഞ്ഞുമായിരുന്നു നൂർബിന റഷീദിന്റെ പ്രസംഗം.

ലീഗ് നേതാക്കളെ ഇനി വേദനിപ്പിക്കില്ലെന്ന് ഹരിത ജനറൽ സെക്രട്ടറി

മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരായ പ്രവർത്തനങ്ങൾ ഇനി ഹരിതയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് ജനറൽ സെക്രട്ടറി റുമൈസ റഫീഖ്.

സി എച്ച് മുഹമ്മദ്കോയ അനുസ്മരണത്തോടനുബന്ധിച്ച് ‘സ്ത്രീ നവോത്ഥാനത്തിന്റെ നാമ്പുകൾ’ എന്ന വിഷയത്തില്‍ ഹരിത നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അവര്‍. ലീഗിലെ നേതാക്കളുടേയും പ്രവർത്തകരുടേയും വികാരത്തെക്കൂടി പരിഗണിച്ചുകൊണ്ടായിരിക്കും ഹരിത സംസ്ഥാന കമ്മിറ്റിയുടെ ഇനിയുള്ള പ്രവർത്തനം. അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഒരു പ്രവർത്തനവും ഹരിതയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും റുമൈസ പറഞ്ഞു.

 

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.