ഞാന്‍ നിരൂപകനല്ല

Web Desk
Posted on September 15, 2019, 10:15 am

ചവറ കെ എസ് പിള്ള

എസ് ടി റെഡ്ഡ്യാരുടെ വിദ്യാഭിവര്‍ധിനി മാസികയുടെ പുനഃപ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടാണ് സുഹൃത്ത് ചാത്തന്നൂര്‍ മോഹനന്‍ എന്നോട് പറഞ്ഞത്. മാസികയ്ക്കുവേണ്ടി എം കൃഷ്ണന്‍ നായര്‍ സാറിനെ ഇന്റര്‍വ്യൂ ചെയ്യണം. ഞാനോ? കൃഷ്ണന്‍ നായര്‍ സാറിനേയോ? ഒരിക്കലും പറ്റില്ല. മോഹന്‍ തന്നാ നല്ലത്. ഞാന്‍ ഒഴിഞ്ഞുമാറി ‘പല പേരുപറഞ്ഞിട്ടും സാറിന്റെ പേര് പറഞ്ഞപ്പോഴാണ് ആളിനെ അയയ്ക്കാന്‍ പറഞ്ഞത്. ഒരു കുഴപ്പവുമില്ല.’ മോഹന്‍ വിടുന്ന മട്ടില്ല. ആരെയും അഭിമുഖം നടത്തിപരിചയമില്ല. പ്രത്യേകിച്ചും എം കൃഷ്ണന്‍ നായര്‍ സാറിനെ. നേരിട്ടു ബന്ധമില്ലെങ്കിലും വായനയിലൂടെ നല്ല ബന്ധമുണ്ട്. കെ ബാലകൃഷ്ണന്റെ കൗമുദി ആഴ്ചപ്പതിപ്പില്‍ അക്കാലത്ത് വയലാര്‍-ഒഎന്‍വി കവികളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ഇവര്‍ ചങ്ങമ്പുഴയുടെ മാറ്റൊലികവികളാണെന്ന് സ്ഥാപിച്ചുകൊണ്ട് തുടര്‍ച്ചയായി എഴുതിയ ലേഖനങ്ങള്‍ പരക്കെ വായിക്കപ്പെട്ടിരുന്നു. എന്റെ ചില കവിതകളും കുങ്കുമം വാരികയില്‍ വന്ന മഹാകവി പാലാ നാരായണന്‍ നായര്‍ സാറുമായുള്ള അഭിമുഖം അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
‘സായാഹ്ന യാത്രയില്‍ വാരാപ്പുഴ പാലത്തില്‍ നിന്നുകൊണ്ട് താഴേക്ക് നോക്കിയാല്‍ കൊച്ചലകളില്‍ പ്രത്യക്ഷപ്പെടന്ന കുമിളപ്പൂക്കള്‍ മനസിനു സന്തോഷം തരും. എന്നാല്‍ അടുത്ത മാത്രയില്‍ ആ സന്തോഷം ഇല്ലാതാകും’ എന്ന് സാഹിത്യവാരഫലത്തില്‍ എന്റെ കവിതയെപ്പറ്റി അദ്ദേഹം എഴുതിയിരുന്നത് മനസിലുണ്ട്. സാഹിത്യവാരഫലം വായനക്കാര്‍ക്ക് വലിയൊരളവില്‍ അനുഗ്രഹമായിരുന്നു. വിശ്വസാഹിത്യത്തിന്റെ വിശാലതകളിലേക്ക് വായനക്കാരെ കൂട്ടുന്നതായിരുന്നു കലാകൗമുദിയുടെ ഓരോ ലക്കവും. തല്ലലായാലും തലോടലായാലും കൃഷ്ണന്‍ നായര്‍ സാര്‍ ശ്രദ്ധിക്കുന്നതുതന്നെ എഴുത്തുകാര്‍ക്ക് സന്തോഷമായിരുന്നു. ഒപ്പം എഴുത്ത് വളരെ ശ്രദ്ധിച്ചുവേണം എന്ന് എഴുത്തുകാരെ ഓര്‍മിപ്പിച്ചിരുന്നു.
എം കൃഷ്ണന്‍ നായര്‍ സാറിനെ ഇഷ്ടമാണ്. എന്നാല്‍ എത്ര ആലോചിച്ചിട്ടും ഇന്റര്‍വ്യുവിനുവേണ്ടി അദ്ദേഹത്തെ അഭിമുഖീകരിക്കാന്‍ ധൈര്യം പോരാ. കേരളകൗമുദിയില്‍ പ്രവര്#ത്തിക്കുന്നതുകൊണ്ട് മോഹന്‍ ഇക്കാര്യത്തിലുള്ള ബുദ്ധിമുട്ട് വീണ്ടും വ്യക്തമാക്കി. എസ്റ്റി റെഡ്യാര്‍ സ്ഥാപനത്തിലെ അഡ്വ. അശോകനും ശ്രീമതി ഗിരിജാ മുത്തുകൃഷ്ണനും എന്നെ പിന്‍തുടര്‍ന്നു. ഒടുവില്‍ സമ്മതിക്കേണ്ടിവന്നു. വെറുതെ ചെന്നാല്‍ പോരല്ലോ. വള്ളിക്കാവ് മോഹന്‍ ദാസും ഞാനും കൂടി കുറേ ചോദ്യങ്ങള്‍ ഉണ്ടാക്കി. നിശ്ചിത ദിവസം രാവിലെ ശാസ്തമംഗലത്ത് കൊച്ചാര്‍ റോഡിലെ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തി. പ്രതീക്ഷിച്ചിരിക്കുംപോലെ പുറത്തുതന്നെ ഉണ്ട്. ഉള്ളിലൊരു പിടപിടപ്പ്. എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന ഭയാശങ്ക. കടന്നു ചെന്നപ്പോള്‍ ചിരിച്ചുകൊണ്ട് വരൂ എന്നു പറഞ്ഞ് കസേര ചൂണ്ടിയപ്പോള്‍ ഇരിക്കാന്‍ മടി. ഇരിക്കൂ എന്ന് വീണ്ടും പറഞ്ഞപ്പോള്‍ ഒരു വിദ്യാര്‍ഥിയെപ്പോലെ അദ്ദേഹത്തിനു മുമ്പപില്‍ ഒതുങ്ങിയിരന്നു. എസ് റ്റി റെഡ്ഡ്യാരുടെ അച്ചുക്കൂടവും പൂരാണ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണവും കേരളീയ മനസുകളിലും സാംസ്‌കാരിക രംഗത്തും സൃഷ്ടിച്ച സ്വാധീനവും പ്രാധാന്യവും അദ്ദേഹം പറഞ്ഞപ്പോള്‍ പലതും പുതിയ അറിവായിരുന്നു. ആ സ്ഥാപനത്തോടും അവരോടുമുള്ള ബഹുമാനം കൊണ്ടാണ് പൊതുവേ അഭിമുഖം ഇഷ്ടപ്പെടാത്ത താന്‍ ഈ അഭിമുഖത്തിന് സമ്മതിച്ചതെന്നും പറഞ്ഞപ്പോള്‍ ഇനി എന്ത്? എന്ന് ഞാന്‍ ഓര്‍ക്കുകയായിരുന്നു. എന്താണ് ചോദിക്കാനുള്ളത്. എഴുതിക്കൊണ്ടുവന്നിട്ടുണ്ടോ? അദ്ദേഹം ചോദിച്ചപ്പോള്‍ പരിഭ്രമത്തോടെയാണ് ചോദ്യങ്ങള്‍ എഴുതിയിരുന്ന കടലാസ് എടുത്തത് കാണട്ടെ എന്നുപറഞ്ഞ് കയ്യില്‍ നിന്നും കടലാസ് വാങ്ങുമ്പോള്‍ നെഞ്ചിടിപ്പ് വര്‍ധിച്ചരിന്നു. അദ്ദേഹം ശ്രദ്ധാപൂര്‍വം വായിക്കുകയാണ്. ഞാന്‍ നോക്കി ഇരുന്നു. ആ മുഖത്ത് പ്രകാശം പരന്നുകണ്ടപ്പോള്‍ ആശ്വാസമായി. പുതിയ എഴുത്തുകാരോടുള്ള സമീപനത്തെപ്പറ്റിയും പുരോഗമന കവികളുടെ നേര്‍ക്കുള്ള ആക്രമണത്തെപ്പറ്റിയും ചൊടിപ്പിക്കുന്ന ചില ചോദ്യങ്ങളും കൂട്ടത്തിലുണ്ടായിരുന്നു. ആ ശരി ഇതിനെല്ലാം മറുപടി എഴുതി അയച്ചുതരാം. വിലാസം തന്നേക്കൂ! അദ്ദേഹം പറഞ്ഞുനിര്‍ത്തി.
എന്താ പറയേണ്ടത് എന്തു തോന്നും. എന്തുമാകട്ടെ ഞാന്‍ പറഞ്ഞു: ‘തിരിക്കല്ല എങ്കില്‍ എഴുതി എടുത്തുകൊള്ളാം’ ‘ങാ. എങ്കില്‍ അങ്ങനാകെട്ട. കടലാസ് എടുത്തു തന്നു. ചോദിച്ച ഓരോ ചോദ്യത്തിനും ചുരുക്കിയും ആവശ്യമുള്ളിടത്ത് പരത്തിയും മറുപടി പറഞ്ഞു. ചോദ്യങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉരുത്തിരിഞ്ഞതിലൂടെ പ്രതീക്ഷിക്കാത്ത ഒത്തിരി കലാസാഹിത്യ നിരൂപണ ഭൂമികയിലൂടെ അദ്ദേഹം സഞ്ചചരിച്ചു. പ്രസംഗം പോലെതന്നെ ആശയങ്ങളുടെ സൗന്ദര്യാത്മക വാക് പ്രവാഹം. ഒടുവില്‍ അദ്ദേഹം പറഞ്ഞു നിര്‍ത്തിയത് ‘ഞാന്‍ നിരൂപകനല്ല’ എന്നായിരുന്നു. അതുതന്നെ ആയിരുന്നു ആ അഭിമുഖത്തിന്റെ തലക്കുറിയും.
അഭിമുഖത്തോടുകൂടി വിദ്യാഭിവര്‍ധിനി പുറത്തിറങ്ങി. എം കൃഷ്ണന്‍ നായര്‍ സാറിനെ ഇന്റര്‍വ്യു ചെയ്യാന്‍ കഴിഞ്ഞതിലുള്ള അഭിമാനവും സന്തോഷവും മനസിലുണ്ട്. കൊല്ലത്ത് എത്തിയപ്പോള്‍ ജനയുഗം വാരിക കയ്യില്‍ കിട്ടി. മറിച്ചുനോക്കുമ്പോള്‍ വായനക്കാരുടെ കത്തുകളില്‍ ഒരു കത്ത് ‘എം കൃഷ്ണന്‍ നായര്‍ക്ക് പറ്റിയ പ്രമാദം’ എഴുതിയിരിക്കുന്നത് പ്രൊഫ. എം സത്യപ്രകാശം. വിദ്യാഭിവര്‍ധിനിയില്‍ ഞാനുമായുള്ള ഇന്റര്‍വ്യുവില്‍ ഒരു ഇംഗ്ലീഷ് സാഹിത്യകാരന്റെ പേര് അദ്ദേഹം തെറ്റായി പറഞ്ഞിരിക്കുന്നു എന്ന് വിമര്‍ശിച്ചിരിക്കയാണ്. പറഞ്ഞുതന്ന അദ്ദേഹത്തിനു പറ്റിയ തെറ്റോ എഴുതി എടുത്ത എനിക്ക് പറ്റിയ തെറ്റോ? എല്ലാ സന്തോഷവും പോയി. എന്താ ചെയ്ക. ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലാണ് ഞാന്‍ പെട്ടെന്ന് എത്തിയത്. ബൂത്തിലെ തിരക്കില്‍ തിക്കികേറി. സാറിനെ വിളിച്ചു. ഭാഗ്യത്തിന് പെട്ടെന്ന് കിട്ടി. എന്തുപറ്റി? എന്റെ പരിഭ്രമം മനസിലാക്കിയിട്ടാവണം അദ്ദേഹം ചോദിച്ചു. ജനയുഗത്തില്‍ വായിച്ച സത്യപ്രകാശം സാറിന്റെ കത്തിനെപ്പറ്റി പറഞ്ഞു.
‘സാര്‍ ക്ഷമിക്കണം. എന്റെ അറിവില്ലായ്മ കൊണ്ടാണ് ആ പേര് തെറ്റായി എഴുതിയത്.’ പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ”ഒട്ടും വിഷമിക്കേണ്ട അങ്ങനെയും ആ പേര് എഴുതാം” എനിക്ക് ആശ്വാസമായി.