ഷാജി ഇടപ്പള്ളി

കൊച്ചി:

November 18, 2020, 9:47 pm

വീണത് കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തന്‍

Janayugom Online

ഷാജി ഇടപ്പള്ളി

അഴിമതിക്കേസില്‍ കുരുങ്ങി വീണത് മുസ്‌ലിം ലീഗിലെ അധികാര രാഷ്ട്രീയത്തിലെ അതികായനായ പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തന്‍. പി കെ കുഞ്ഞാലിക്കുട്ടിയുടെ അനുയായിയായി മാറിയതോടെയാണ് വി കെ ഇബ്രാഹിംകുഞ്ഞ് മുസ്‌ലിം ലീഗിൽ ഒരു അധികാര കേന്ദ്രമായി വളർന്നത്. പാണക്കാട് കുടുംബത്തിന്റെ പ്രീതി നേടിയെടുക്കാനും അത് സഹായകമായി. മലപ്പുറത്തിന് പുറത്ത് ലീഗിൽ ഇത്രയും സ്വാധീനവും അധികാരവും നേടിയ മറ്റൊരു നേതാവും ഇല്ലെന്നുള്ളതും ഈ കൂട്ടുകെട്ടിന്റെ ബലമാണ്. സംഘടനാപരമായും സാംസ്കാരിക മേഖലയിലും ശ്രദ്ധേയനായ എറണാകുളം ജില്ലക്കാരനായ ടി എ അഹമ്മദ് കബീറിനെപോലും തഴഞ്ഞുകൊണ്ടാണ് ലീഗിൽ ഇബ്രാഹിംകുഞ്ഞിന് സ്ഥാനമാനങ്ങൾ നൽകി സംരക്ഷിച്ചു നിർത്തിയത്.

ഇതിനെതിരെ ലീഗിൽ പലർക്കും അതൃപ്തി ഉണ്ടായിരുന്നെങ്കിലും നേതൃത്വത്തെ പിണക്കാൻ ആരും തയ്യാറല്ലായിരുന്നു. ഇബ്രാഹിംകുഞ്ഞിന്റെ നടപടികൾക്കെതിരെ പാർട്ടിയിൽ ശക്തമായി പ്രതികരിച്ച നേതാക്കളെ പുറത്താക്കുകയും പാർട്ടിയിലെ സ്ഥാനമാനങ്ങളിൽ നിന്നും ഒഴിവാക്കുകയും ചെയ്ത സംഭവങ്ങളും ഇതിനിടെയുണ്ടായി. പാലം അഴിമതി കേസിൽ വി കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായതോടെ ലീഗിൽ പുതിയ കരുനീക്കങ്ങളും സജീവമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ലീഗ് സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള തർക്കങ്ങൾ തീർക്കാനും ഇഷ്‍ടക്കാരല്ലാത്തവരെ ഒഴിവാക്കാനും കഴിഞ്ഞദിവസം വരെ വളരെ സജീവമായി ഇടപെട്ടിരുന്ന ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണെന്ന വിവരം കേട്ടപ്പോൾ ജില്ലയിലെ ലീഗ് നേതാക്കൾക്ക് പോലും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥ. 2005 ൽ ഐസ്ക്രീം പാർലർ കേസ് രണ്ടാംഘട്ടം വിവാദമായതിനെ തുടർന്ന് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിക്ക് രാജിവച്ചൊഴിയേണ്ടി വന്നപ്പോൾ പകരക്കാരനായി പാണക്കാട് കുടുംബത്തിന്റെ പിന്തുണയോടെ ഇബ്രാഹിംകുഞ്ഞിനെയാണ് കുഞ്ഞാലിക്കുട്ടി കണ്ടെത്തിയത്.

പ്രമുഖരായ നേതാക്കളെ തഴഞ്ഞ് നിയമസഭയിൽ നവാഗതനായ ഒരാളെ വ്യവസായ വകുപ്പിന്റെ ചുമതല ഏൽപ്പിക്കുന്നതിനെച്ചൊല്ലി ലീഗിൽ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. പിന്നീട് 2011 ൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി. പാലം, റോഡ് നിർമ്മാണത്തിലെ കരാറുമായി ബന്ധപ്പെട്ടും അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടും യുഡിഎഫിലും ലീഗിലും പെട്ട എംഎൽഎമാർ അക്കാലത്ത് പ്രതിഷേധം ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുള്ളതാണ്. പക്ഷെ അപ്പോഴേക്കും ലീഗിൽ അധികാരകേന്ദ്രമായി ഇദ്ദേഹം വളർന്നുകഴിഞ്ഞിരുന്നു. അതിനാൽ അത്തരം ആക്ഷേപങ്ങൾക്കൊന്നും ഫലമുണ്ടായില്ല. 2001, 2006 വർഷങ്ങളിൽ മട്ടാഞ്ചേരിയിൽ നിന്നും പിന്നീട് പുതിയ മണ്ഡലരൂപീകരണത്തോടെ കളമശ്ശേരിയിൽ നിന്നും 2011, 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു.

ഇനി കളമശ്ശേരി മണ്ഡലം ലീഗിന് നൽകരുതെന്ന് കോൺഗ്രസ്സിൽ ചർച്ചകൾ സജീവമായ ഘട്ടത്തിലാണ് അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ്. അതിനാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഇബ്രാഹിംകുഞ്ഞിന് സീറ്റ് നൽകാതിരിക്കാനുള്ള ചരടുവലികളും ഇനിയുണ്ടാകും. ജില്ലയിലെ പ്രമുഖനായ കോൺഗ്രസ്സ് നേതാവിന് മത്സരിക്കാൻ ഒരു ജില്ലാ പഞ്ചായത്ത് സീറ്റ് വച്ചുമാറുന്നതിന് തയ്യാറാകാതിരുന്ന ലീഗിനോടുള്ള അതൃപ്തിയും കോൺഗ്രസ്സിലുണ്ട്.

ENGLISH SUMMARY: ibrahim kun­ju arrest updates

YOU MAY ALSO LIKE THIS VIDEO