Web Desk

ദുബായ്

January 15, 2020, 8:20 pm

കിംഗ് കോലി മുതല്‍ ബെന്‍ സ്റ്റോക്‌സ് വരെ; ഐസിസിയുടെ മികച്ച കളിക്കാരെ അറിയാം

Janayugom Online

ഐസിസി പുറത്ത് വിട്ട ഏകദിന ടെസ്റ്റ് ടീമുകളുടെ നായകനായി വിരാട് കോലിയെ തെരഞ്ഞെടുത്തു. ഐസിസിയുടെ ടെസ്റ്റ്, ഏകദിന ടീമുകളില്‍ കോലിക്ക് പുറമെ മായങ്ക് അഗര്‍വാള്‍, ഓപ്പണര്‍ രോഹിത് ശര്‍മ്മ, പേസര്‍ മുഹമ്മദ് ഷമി എന്നിവരും ഇടംകണ്ടെത്തി. ഇന്ത്യയുടെ ആദ്യ ചൈനാമാന്‍ ബൗളര്‍ (ഇടംകയ്യന്‍ ലെഗ് സ്പിന്നര്‍) കുല്‍ദീപ് യാദവ് ഐസിസിയുടെ ഏകദിന ടീമില്‍ മാത്രമേയുള്ളൂ.

ഇന്ത്യയെ കൂടാതെ ന്യൂസിലന്റ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ നിന്ന് രണ്ട് വീതം താരങ്ങള്‍ ടീമില്‍ ഇടംനേടി. ടീമിലെ ഓള്‍റൗണ്ടര്‍ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സാണ്. ഒപ്പം വിക്കറ്റിന് പിന്നില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ജോസ് ബട്!ലറുമുണ്ട്. കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ മധ്യനിരയുടെ നെടുതൂണായി നില്‍ക്കുമ്പോള്‍ പേസ് നിരയ്ക്ക് കരുത്തേകാന്‍ ട്രെന്റ് ബോള്‍ട്ടുമുണ്ട്. വെസറ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഓരോ താരങ്ങള്‍ വീതവും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രോഹിത് ശര്‍മയ്‌ക്കൊപ്പം വിന്‍ഡീസിന്റെ ഷെയ് ഹോപ്പാണ് ഓപ്പണിംഗില്‍ ഇറങ്ങുക. മൂന്നമാനായ കോലിക്ക് പിന്നാലെ പാകിസ്ഥാന്റെ ബാബര്‍ അസം എത്തും.

ടെസ്റ്റ് ടീമില്‍ ഓസീസ് താരം നതാന്‍ ലയോണാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. പോയവര്‍ഷം ആഷസ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച മാര്‍നസ് ലാബുഷെയ്‌നും ടെസ്റ്റ് ടീമിലുണ്ട്. നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയിലാണ് ലാബുഷെയ്ന്‍ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്.

ഐസിസി ഏകദിന സ്‌ക്വാഡ് (ബാറ്റിങ് ക്രമം അനുസരിച്ച്): രോഹിത് ശര്‍മ്മ, വിരാട് കോലി (നായകന്‍), ബാബര്‍ അസം, കെയ്ന്‍ വില്യംസണ്‍, ബെന്‍ സ്‌റ്റോക്ക്‌സ്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രെന്‍ഡ് ബൗള്‍ട്ട്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

ഐസിസി ടെസ്റ്റ് സ്‌ക്വാഡ് (ബാറ്റിങ് ക്രമം അനുസരിച്ച്): മായങ്ക് അഗര്‍വാള്‍, ടോം ലാഥം, മാര്‍നസ് ലബ്യുഷെയ്ന്‍, വിരാട് കോലി (നായകന്‍), സ്റ്റീവ് സ്മിത്ത്, ബെന്‍ സ്‌റ്റോക്ക്‌സ്, ബി ജെ വാള്‍ട്ടിങ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നീല്‍ വാഗ്‌നര്‍, നതാന്‍ ലയോണ്‍.

രോഹിത് ശര്‍മ

Image result for rohit sharma
2019ലെ മികച്ച ഏകദിന താരത്തിനുളള പുരസ്‌കാരം ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക്. ലോകകപ്പ് ടൂര്‍ണമെന്റില്‍ അഞ്ചു സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡ് രോഹിത് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏഴു സെഞ്ചുറികളാണ് രോഹിത് ഏകദിനത്തില്‍ മാത്രം സ്വന്തമാക്കിയത്.
648 റണ്‍സുമായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടിയതും രോഹിത് ആയിരുന്നു. 2019ല്‍ ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡും ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയ്ക്കാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പിന്തള്ളിയാണ് രോഹിത്തിന്റെ നേട്ടം. 28 ഏകദിനത്തില്‍ ഏഴ് സെഞ്ചുറിയും ആറ് അര്‍ധസെഞ്ചുറിയും ഉള്‍പ്പടെ 2019ല്‍ 1490 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. ഐസിസി മികച്ച ഏകദിന താരമായി തന്നെ തിരഞ്ഞെടുത്തതിനു നന്ദിയുണ്ടെന്നു രോഹിത് പ്രതികരിച്ചു. രാജ്യത്തിനു വേണ്ടി കളിക്കാന്‍ തനിക്കു അവസരം നല്‍കിയ ബിസിസിഐയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒരു ടീമെന്ന നിലയില്‍ ഇന്ത്യ നടത്തിയ പ്രകടനം തങ്ങള്‍ക്കെല്ലാം വലിയ സന്തോഷം നല്‍കുന്ന കാര്യമാണെന്നും രോഹിത് പറഞ്ഞു.

ദീപക് ചാഹര്‍

Image result for deepak chahar
നാഗ്പുരില്‍ നടന്ന ബംഗ്ലദേശിനെതിരായ ട്വന്റി 20യില്‍ ഏഴു റണ്‍സ് മാത്രം വഴങ്ങി ഹാട്രിക്കടക്കം ആറു വിക്കറ്റെടുത്ത ദീപക് ചാഹറിന്റെ പ്രകടനം 2019ലെ മികച്ച ട്വന്റി20 പ്രകടനമായി തിരഞ്ഞെടുക്കപ്പെട്ടു. ഐസിസിക്കും ബിസിസിഐയ്ക്കും നന്ദി. ബംഗ്ലാദേശിനെതിരേയുള്ള ആ പ്രകടനം തന്നെ സംബന്ധിച്ചു വളരെ സ്‌പെഷ്യലാണ്. അത് എക്കാലവും തന്റെ ഹൃദയത്തിലുണ്ടാവുമെന്നും ചഹര്‍ കൂട്ടിച്ചേര്‍ത്തു.
അപ്രതീക്ഷിതമെന്നു കോലി.

ബെന്‍ സ്റ്റോക്‌സ്

Related image
ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സിനാണ് ഐസിസിയുടെ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം. സ്‌റ്റോക്‌സിനെ സംബന്ധിച്ചു കരിയറിലെ സുവര്‍ണ വര്‍ഷമായിരുന്നു 2019. സ്വന്തം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ചാംപ്യന്‍മാരാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ത്രില്ലിങ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് ഇംഗ്ലണ്ട് ജേതാക്കളായപ്പോള്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും സ്റ്റോക്‌സായിരുന്നു.

കിവീസിനെതിരായ ഫൈനലില്‍ 84 റണ്‍സുമായി പുറത്താകാതെ നിന്ന സ്റ്റോക്‌സ് തുടര്‍ന്ന് നടന്ന സൂപ്പര്‍ ഓവറിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ലോകകപ്പില്‍ ആരെയും വിസ്മയിപ്പിച്ച ഒരു ക്യാച്ചും സ്റ്റോക്ക്‌സ് സ്വന്തമാക്കി. ഇതിനു പിന്നാലെയായിരുന്നു ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഓസീസ് പോരാട്ടവീര്യത്തെ ഒറ്റയ്ക്ക് ചെറുത്ത് തോല്‍പ്പിച്ച് സ്റ്റോക്ക്‌സ് ഇംഗ്ലണ്ടിന് വിജയം നേടിക്കൊടുത്തത്. 142 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏക്കാലത്തെയും മികച്ച ഇന്നിങ്‌സുകളിലൊന്ന് പുറത്തെടുത്ത ബെന്‍ സ്റ്റോക്ക്‌സ് എന്ന ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ തങ്ങളില്‍ നിന്ന് വിജയം പിടിച്ചുവാങ്ങുന്നത് കണ്ടുനില്‍ക്കാനേ അന്ന് ഓസീസ് താരങ്ങള്‍ക്കും കാണികള്‍ക്കും സാധിച്ചുള്ളൂ.

മാര്‍നസ് ലബുഷെയ്ന്‍

Image result for marnus labuschagne
ടെസ്റ്റ് ക്രിക്കറ്റിലെ അവിസ്മരണീയ പ്രകടനത്തിലൂടെ കയ്യടി നേടിയ ഓസീസ് താരം മാര്‍നസ് ലബുഷെയ്‌നാണ് എമര്‍ജിങ് പ്ലേയര്‍ ഓഫ് ദ് ഇയര്‍. സ്‌കോട്‌ലന്‍ഡ് താരം കൈല്‍ കോയെറ്റ്‌സറാണ് അസോഷ്യേറ്റ് രാജ്യങ്ങളില്‍നിന്നുള്ള മികച്ച താരം. ഇംഗ്ലിഷ് അംപയര്‍ റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്തിനാണ് മികച്ച അംപയറിനുള്ള ഡേവിഡ് ഷെപ്പേര്‍ഡ് പുരസ്‌കാരം. 56കാരനായ ഇല്ലിങ്‌വര്‍ത്തിന്റെ ആദ്യ പുരസ്‌കാര നേട്ടമാണിത്.

വിരാട് കോലി

Image result for virat kohli
ഐസിസിയുടെ ‘സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് 2019’ അവാര്‍ഡിനര്‍ഹനായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനിടെ ഓവലില്‍ ഇന്ത്യഓസീസ് പോരാട്ടത്തിനിടെ കോലി കാട്ടിയ നല്ല പെരുമാറ്റത്തിനാണ് പുരസ്‌കാരം. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിട്ട ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ കൂവിവിളിച്ച ഇന്ത്യന്‍ ആരാധകരോട് കയ്യടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു കോലി. കോലിയുടെ നീക്കത്തിന് അന്ന് ക്രിക്കറ്റ് ലോകത്തിന്റെ വലിയ പ്രശംസ ലഭിച്ചിരുന്നു.

ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ വിരാട് കോലിയുടെ ഈ ആംഗ്യം ഓര്‍മ്മയുണ്ടോ. ഇന്ത്യന്‍ ക്യാപ്റ്റനാണ് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് 2019 പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത്’ ഐസിസി ട്വീറ്റ് ചെയ്തു.
സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം തന്നെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമാണെന്നായിരുന്നു കോലിയുടെ പ്രതികരണം. ഈ അവാര്‍ഡ് തന്നെ തേടിയെത്തിയപ്പോള്‍ ശരിക്കും അദ്ഭുതം തോന്നി. മുന്‍ വര്‍ഷങ്ങളില്‍ പല തെറ്റായ കാരണങ്ങളെ തുടര്‍ന്നു താന്‍ വിമര്‍ശനം നേരിട്ടിട്ടുണ്ട്. നിങ്ങള്‍ക്കു കളിക്കളത്തില്‍ വച്ച് എതിര്‍ താരത്തെ സ്ലെഡ്ജ് ചെയ്യാം, കളിയാക്കാം. പക്ഷെ ഒരു താരത്തെ കൂവി വിളിച്ച് പരിഹസിക്കുന്നതിനോടു ക്രിക്കറ്റില്‍ മാത്രമല്ല, ഒരു ഗെയിമിലും താന്‍ യോജിക്കുന്നില്ലെന്നും കോലി വിശദമാക്കി.

ഐസിസി അവാര്‍ഡ് ജേതാക്കള്‍
പ്ലെയര്‍ ഓഫ് ദി ഇയര്‍ ബെന്‍ സ്‌റ്റോക്‌സ് (ഇംഗ്ലണ്ട്).
മികച്ച ഏകദിന താരം രോഹിത് ശര്‍മ (ഇന്ത്യ)ട
മികച്ച ടെസ്റ്റ് താരം പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ)
ടി209 പെര്‍ഫോമന്‍സ് ഓഫ് ദി ഇയര്‍ ദീപക് ചഹര്‍ (ഇന്ത്യ)
എമേര്‍ജിങ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ മാര്‍നസ് ലബ്യുഷെയ്ന്‍ (ഓസ്‌ട്രേലിയ)
അസോസിയേറ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ കൈല്‍ കോട്‌സര്‍ (സ്‌കോട്ട്‌ലാന്‍ഡ്)
സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് വിരാട് കോലി (ഓവലില്‍ സ്റ്റീവ് സ്മിത്തിനെ കാണികള്‍ കൂവി വിളിച്ചപ്പോള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടതിനാണ് പുരസ്‌കാരം)
അംപയര്‍ ഓഫ് ദി ഇയര്‍ റിച്ചാര്‍ഡ് ഇല്ലിങ്‌വെര്‍ത്ത്