വേതനത്തിൽ ആൺ പെൺ തുല്യതനേടിയ ആദ്യ രാജ്യമായി ഐസ് ലാൻഡ്

ആണിനുപെണ്ണിനേക്കാള്‍ കൂലി കൂടുതല്‍ നല്‍കുന്നതിനെ നിയമംമൂലം തടഞ്ഞ ആദ്യ രാജ്യമായി ഐസ് ലാന്റ്. ജനുവരി ഒന്നിനു നിലവില്‍വന്ന നിയമപ്രകാരം 25ല്‍ ഏറെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ തുല്യവേതന നിയമം പാലിക്കാന്‍ ബാധ്യസ്ഥമാണ്. തുല്യവേതനം നല്‍കുന്നതായി കാണിക്കാത്ത കമ്പനികള്‍ പിഴയൊടുക്കേണ്ടിവരും.
കഴിഞ്ഞവര്‍ഷം പാസാക്കിയ നിയമം ഈ ജനുവരിമുതലാണ് പ്രായോഗികതലത്തിലെത്തിയത്. ലിംഗ തുല്യത പാലിക്കുന്നതില്‍ മുന്നിലുള്ള രാജ്യമാണ് ഐസ് ലാന്റ്. കഴിഞ്ഞ ഒന്‍പതുവര്‍ഷമായി ലിംഗവിവേചനമില്ലാത്ത രാജ്യമായി ദി വേള്‍ഡ് എക്കണോമിക് ഫോറം തിരഞ്ഞെടുത്തിട്ടുള്ള രാജ്യമാണിത്. സാമ്പത്തികം,വിദ്യാഭ്യാസം,ആരോഗ്യം,രാഷ്ട്രീയം എന്നീ രംഗങ്ങളെ അടിസ്ഥാനമാക്കിയാണിത്. ഉദാഹരണത്തിന് ഒരു സംവരണവുമില്ലാതെ 48 ശതമാനം സ്ത്രീകള്‍ ഐസ് ലാന്റിന്റെ പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്. വേതനവും കൂലിയും സംബന്ധിച്ച് സ്ത്രീകളും പുരുഷന്മാരുമായുള്ള വിടവ് നികത്തുന്നതിന് ഒരു ദശാബ്ദമായി ശ്രമങ്ങള്‍ നടക്കുന്നുമുണ്ട്.ഇതൊക്കെയാണെങ്കിലും വേതനത്തിലെ വിവേചനം തുടര്‍ന്നുകൊണ്ടിരുന്നു. 2016ല്‍ ആയിരക്കണക്കിന് സ്ത്രീകള്‍ പകല്‍ 2.38ന് ജോലി അവസാനിപ്പിക്കുന്ന പ്രതിഷേധസമരം നടത്തിയിരുന്നു. സ്ത്രീകള്‍ കൂലി വാങ്ങാതെ പ്രതിഷേധിക്കലും ഉണ്ടായി. ഒരു ഡോളറിന് 72 സെന്റ് എന്ന കണക്കിനാണ് വേതനത്തിലെ സ്ത്രീപുരുഷ വ്യത്യാസമെന്ന് അറ്റ്ലാന്റിക് പറയുന്നു. 2017 ലോക മഹിളാദിനത്തില്‍ അവര്‍ അതുമാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. 3,23000 മാത്രം ജനസംഖ്യയുള്ള ചെറുരാഷ്ട്രം 2020ഓടെ തൊഴില്‍ കൂലിയിനത്തിലെ വിടവ് പൂര്‍ണമായും മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഐസ് ലാന്റിലെ നമ്മുടെ സഹോദരങ്ങളുടെ മാതൃക നമ്മള്പിന്തുടരേണ്ടതുണ്ടെന്നും തുല്യജോലിക്ക് വംശം,വര്‍ഗം,ദേശം,ലിംഗം എന്നിവയ്ക്ക് അതീതമായ തുല്യവേതനം എന്ന ആവശ്യത്തിലേക്കു മുന്നേറണമെന്നും യുഎസ് സെനറ്റര്‍ ബെര്‍നീ സാന്‍ഡേഴ്സ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിക്കുന്നു.
ഏറ്റവും വലിയ ജനാധിപത്യസംസ്കാരം അവകാശപ്പെടുമ്പോഴും വംശം,വര്‍ഗം,ദേശം എന്നിവയുടെ അടിസ്ഥാനത്തില്‍ വേതനം തരംതിരിക്കുന്ന ഇന്ത്യക്കും ഇത് മാതൃകയാകേണ്ടതാണ്. ആണാളിനും പെണ്ണാളിനും കൂലിയിലുള്ള വിവേചനം നിയമാനുസൃതമായി അംഗീകരിക്കപ്പെട്ട രാജ്യത്ത് ബുര്‍ഖക്കും തലാക്കിനും മാത്രമല്ല വഴിനടക്കലിനുപോലും പോരാടേണ്ട സ്ഥിതി തുടരുക തന്നെയാണ്.