Web Desk

ന്യൂഡല്‍ഹി

July 20, 2021, 10:09 pm

കോവിഡ് പ്രതിരോധം: ഐസിഎംആര്‍ പൂര്‍ണ പരാജയം

Janayugom Online

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി (ഐസിഎംആര്‍) ന്റെ കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണ പരാജയമെന്ന് വിമര്‍ശിച്ച് ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും രംഗത്ത്. കോവിഡ് ചികിത്സയ്ക്ക് ഐസിഎംആര്‍ നിര്‍ദ്ദേശിച്ച മരുന്നുകളെയും ഇന്ത്യയില്‍ കണ്ടെത്തിയ വൈറസ് വകഭേദവുമായി ബന്ധപ്പെട്ടുള്ള ഡാറ്റയുടെ സുതാര്യതയേയും വിദഗ്ധര്‍ ചോദ്യം ചെയ്യുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഇന്ത്യയിലെ കോവിഡ് കേസുകളില്‍ ക്രമാതീത വര്‍ധനവാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് മൂന്നാം തരംഗത്തെ നേരിടാന്‍ രാജ്യം സജ്ജമല്ലെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്നത്. കോവിഡ് വ്യാപനത്തിനിടയില്‍ ഐസിഎംആര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിനെ കുഴിയില്‍ ചാടിച്ചു. ഈ നിര്‍ദ്ദേശങ്ങള്‍ രോഗികള്‍ക്കല്ല മറിച്ച് മരുന്ന് കമ്പനികളുടെ ലാഭക്കൊയ്ത്തിനാണ് പ്രയോജനപ്പെട്ടതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായപ്പോള്‍ മരുന്നു കമ്പനികളുടെ ഓഹരികളില്‍ 21 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് ഉണ്ടായത്. മെയ് മാസത്തിൽ മരുന്നുകളുടെ വില്പന 36 ശതമാനം ഉയർന്നതായി അലയൻസ് ബെർൺസ്റ്റൈൻ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഐസിഎംആറില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് നയ ഉപദേശങ്ങളാണ് ലഭിക്കേണ്ടതെന്ന് വൈറോളജിസ്റ്റായ ഷാഹിദ് ജമീല്‍ പറയുന്നു. കേന്ദ്രത്തിന്റെ കോവിഡ് പ്രതിരോധത്തെ വിമര്‍ശിച്ച് കോവിഡ് ജിനോംസീക്വന്‍സിങ് ഉപദേശക സമിതിയില്‍ നിന്നും രാജിവച്ചയാളാണ് ഇദ്ദേഹം.

കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പരാജയം ചൂണ്ടിക്കാട്ടുന്നതായിരുന്നു മുന്‍ ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ രാജി. കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചിട്ടും ഐസിഎംആറില്‍ മാറ്റങ്ങളൊന്നും ഉണ്ടായില്ല. മുന്‍ കാലങ്ങളില്‍ രാജ്യത്ത് പകര്‍ച്ചവ്യാധികള്‍ പിടിമുറുക്കിയപ്പോള്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളി (എന്‍സിഡിസി) ലെ വിദഗ്ധര്‍ രോഗപ്രതിരോധത്തില്‍ വലിയ പങ്കുവഹിച്ചിരുന്നു. എന്നാല്‍ കോവിഡ് പ്രതിരോധത്തില്‍ ഐസിഎംആറിനായിരുന്നു നേതൃസ്ഥാനം നല്‍കിയത്.

2350 കോടിയാണ് ഈ വര്‍ഷം കേന്ദ്ര ആരോഗ്യമന്ത്രാലയം ഐസിഎംആറിന് അനുവദിച്ച ഫണ്ട്. 2018 മുതല്‍ ഹൃദ്രോഗ വിദഗ്ധനായ ബല്‍റാം ഭാര്‍ഗവയാണ് ഐസിഎംആറിന്റെ തലവന്‍. ഇന്ത്യയുടെ ഏറ്റവും വലിയ പൊതുജനാരോഗ്യ ആശങ്കയായിരുന്ന മലേറിയ പോലുളള രോഗങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിദഗ്‌ധര്‍ ഐസിഎംആറില്‍ ഉണ്ടായിട്ടു പോലും സ്ഥാപനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വൈറോളജിസ്റ്റുകളുടെ എണ്ണം വളരെ കുറവാണ്.

കോവിഡിനെക്കുറിച്ച് പഠനത്തിന് സഹായകമാകുന്ന വിവരങ്ങള്‍ നല്‍കണമെന്നഭ്യര്‍ത്ഥിച്ച് 300ലധികം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഏപ്രിലില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ കോവിഡ് പരിശോധന നടത്തിയ എല്ലാവരുടെയും വിവരങ്ങള്‍ കൈവശമുണ്ടെങ്കിലും ഇവ നല്‍കാന്‍ ഐസിഎംആര്‍ തയ്യാറാകുന്നില്ലെന്ന ആരോപണവുമുണ്ട്.

മരുന്ന് ശുപാര്‍ശകള്‍ ചികിത്സാ ചെലവേറ്റി

മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്റെ ഉപയോഗത്തിന് അനുമതി നല്‍കിയ ഐസിഎംആറിന്റെ നിര്‍ദ്ദേശത്തെ വിമര്‍ശിച്ച് മഹാരാഷ്ട്രയിലെ സേവാഗ്രാമിലുള്ള ഡോ. എസ് പി കലന്ത്രി ലാന്‍സെറ്റ് മാഗസിന് കത്തെഴുതിയിരുന്നു. കോവിഡ് ചികിത്സയ്ക്ക് ഈ മരുന്നിന്റെ ഉപയോഗം യുഎസ് നിരോധിച്ചതിനു ശേഷം ഒരു വര്‍ഷം ഇന്ത്യയുടെ ചികിത്സാമാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം. തന്റെ ആശുപത്രിയില്‍ നിന്നും ഹൈഡ്രോക്സിക്ലോറോക്വിന്‍ നിര്‍ദ്ദേശിക്കാതിരുന്നിട്ടുകൂടി രോഗികള്‍ ഇത് വ്യാപകമായി ഉപയോഗിച്ചുവെന്ന് കലന്ത്രി പറയുന്നു.

പ്ലാസ്മ തെറാപ്പിയും കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഉണ്ടായിരുന്നു. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താതെ ഐവര്‍മെക്ടിന്‍ ഉപയോഗിക്കരുതെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പും മുഖവിലയ്ക്കെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആദ്യം തയ്യാറായില്ല. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാതെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന് അനുമതി നല്‍കിയതും ഏറെ വിവാദമായി.

Eng­lish Sum­ma­ry: ICMR fail­ure in Covid prevention

You may like this video also