Friday
22 Feb 2019

ഐഡിബിഐ ബാങ്കും മോഡി സര്‍ക്കാരിന്റെ സാമ്പത്തിക അതിസാഹസികതയും

By: Web Desk | Friday 29 June 2018 10:34 PM IST

നരേന്ദ്രമോഡി സര്‍ക്കാരിന്റെ സാമ്പത്തിക അതിസാഹസികതയുടെ പുതിയ അധ്യായമായി മാറുകയാണ് ഭാരിച്ച കിട്ടാക്കടക്കെണിയില്‍പ്പെട്ട ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യാ ബാങ്കി (ഐഡിബിഐ ബാങ്ക്) ന്റെ ഓഹരികള്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (എല്‍ഐസി) മേല്‍ കെട്ടിയേല്‍പിക്കാനുള്ള ശ്രമം. അത് ഐഡിബിഐ ബാങ്ക് രൂപീകരണ വേളയില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിന് നല്‍കിയ ഉറപ്പിന്റെയും ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎ) ആക്ടിന്റെയും നഗ്നമായ ലംഘനമാണ്. അതിലുപരി തങ്ങളുടെ ജീവിത സുരക്ഷിതത്വത്തിനായി എല്‍ഐസിയില്‍ നിക്ഷേപം നടത്തിയിട്ടുള്ള ദശലക്ഷണക്കണക്കായ പോളിസി ഉടമകളുടെ സമ്പാദ്യം മോഡി സര്‍ക്കാരിന്റെ സാമ്പത്തിക ദുര്‍ഭരണമെന്ന ഇരുട്ടു ഗര്‍ത്തത്തിലേക്ക് തള്ളുന്നതിനു തുല്യമാണ്. കിട്ടാക്കടക്കെണിയില്‍ ഊര്‍ദ്ധശ്വാസം വലിക്കുന്ന ഐഡിബിഐ ബാങ്കിന്റെ 14.37 ശതമാനം ഓഹരികള്‍ ഇപ്പോള്‍തന്നെ വാങ്ങിക്കൂട്ടിയിട്ടുള്ള എല്‍ഐസിയുടെ മേല്‍ മറ്റൊരു 30 ശതമാനം ഓഹരിയെങ്കിലും അടിച്ചേല്‍പ്പിക്കാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ മുഴുവന്‍ ഓഹരികളും എല്‍ഐസിയുടെ മേല്‍ കെട്ടിയേല്‍പിച്ച് ഐഡിബിഐയുടെ മുഴുവന്‍ ബാധ്യതകളും കയ്യൊഴിയാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായും വാര്‍ത്തയുണ്ട്. നഷ്ടത്തിലായ യുണൈറ്റഡ് വെസ്റ്റേണ്‍ ബാങ്ക് ഏറ്റെടുത്തതുള്‍പ്പെടെ സാമ്പത്തിക തകര്‍ച്ചയെ നേരിടുന്ന പല ബാങ്കുകളുടേയും ബാധ്യത പേറേണ്ടി വന്നതാണ് ഐഡിബിഐ ബാങ്കിനെ ഇന്നത്തെ പ്രതിസന്ധിയിലേക്ക് തള്ളിനീക്കിയതെന്ന് ബാങ്കിങ് രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2018 മാര്‍ച്ചിലെ കണക്കനുസരിച്ച് ഐഡിബിഐ ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 55,588 കോടി രൂപയാണ്. ഒരു വര്‍ഷം മുമ്പ് 44,753 കോടി രൂപയായിരുന്നതാണ് പതിനായിരം കോടി കണ്ട് കുതിച്ചുയര്‍ന്നത്. അതിന്റെ ഉത്തരവാദിത്വം ആര്‍ക്കെന്ന് കണ്ടെത്താനും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും യാതൊരു ശ്രമവും നടത്താതെയാണ് മോഡി ഭരണകൂടം പുതിയ സാഹസത്തിനു മുതിരുന്നത്. അത് മോഡി സര്‍ക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയല്ലെങ്കില്‍ സാമ്പത്തിക നയത്തിന്റെതന്നെ ദുരന്തഫലമായേ വിലയിരുത്താനാവു.

സര്‍ക്കാരിന്റെ നിത്യനിദാന ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ ജനസാമാന്യത്തിന്റെമേല്‍ അമിത നികുതി ഭാരം അടിച്ചേല്‍പിച്ച് നികുതി വെട്ടിപ്പുകാരെ സംരക്ഷിക്കുന്ന ഭരണകൂടമാണ് മോഡിയുടേത്. അതേ സര്‍ക്കാര്‍ അതിസമ്പന്നര്‍ക്കും കുത്തക കോര്‍പറേറ്റുകള്‍ക്കും ലക്ഷക്കണക്കിനു കോടി രൂപയുടെ നികുതിയിളവുകളാണ് പ്രതിവര്‍ഷം നല്‍കിവരുന്നത്. അതേ കൊള്ളക്കാര്‍ തന്നെയാണ് പൊതുമേഖലാ ബാങ്കുകളടക്കം ഇന്ത്യന്‍ ബാങ്കിങ് രംഗത്തെ നിഷ്‌ക്രിയ ആസ്തികളുടെ ഉടമകളും. അവരുടെ നിക്ഷിപ്ത സാമ്പത്തിക താല്‍പര്യ സംരക്ഷണാര്‍ഥമാണ് ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഭീമമായ നിക്ഷേപങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ മുതിരുന്നത്. രാജ്യത്തെ പ്രമുഖ പൊതുമേഖലാ ആസ്തികള്‍ വിറ്റഴിച്ച് ധൂര്‍ത്തടിക്കാനുളള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഒന്നൊന്നായി പാളുന്ന പശ്ചാത്തലത്തിലാണ് എല്‍ഐസിയിലെ നിക്ഷേപങ്ങളില്‍ കൈവെയ്ക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കം. പ്രതിവര്‍ഷം ഇരുപത് ദശലക്ഷം പോളിസികളാണ് എല്‍ഐസി നല്‍കിവരുന്നത്. 25 കോടി ജനങ്ങളുടെ മുപ്പത് കോടിയില്‍പരം ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളാണ് അവര്‍ കൈകാര്യം ചെയ്യുന്നത്. പ്രീമിയം ഇനത്തില്‍ മൂന്നുലക്ഷം കോടി രൂപയാണ് എല്‍ഐസിയുടെ പ്രതിവര്‍ഷ വരുമാനം. മുപ്പത് ലക്ഷം കോടി രൂപയുടെ ആര്‍ജിത നീക്കിയിരുപ്പാണ് എല്‍ഐസിയുടേത്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മൂലധന വിപണിയിലുമായി പ്രതിവര്‍ഷം ലക്ഷക്കണക്കിനു കോടി രൂപയാണ് എല്‍ഐസി നല്‍കിവരുന്നത്. അത്തരത്തില്‍ സ്വര്‍ണമുട്ടയിടുന്ന താറാവിനെ തങ്ങളുടെ സാമ്പത്തിക കെടുകാര്യസ്ഥത മൂടിവയ്ക്കാന്‍ ബലികഴിക്കാനാണ് നരേന്ദ്രമോഡി സര്‍ക്കാരിന്റെ നീക്കം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3,200 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ ബാങ്കാണ് ഐഡിബിഐ ബാങ്ക്. 2018 മാര്‍ച്ചില്‍ അത് 5,663 കോടിയായി കുതിച്ചുയര്‍ന്നു. ബാങ്കിന്റെ മൂലധന നീക്കിയിരിപ്പ് അവശ്യം വേണ്ട 7.375 ശതമാനത്തിന് അടുത്തെത്തി നില്‍ക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതിദായകരുടെ പതിനായിരം കോടി രൂപ ബാങ്കിന്റെ മൂലധനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തെങ്കിലും അതിന്റെ നടത്തിപ്പ് കാര്യക്ഷമമാക്കാന്‍ യാതൊരു ശ്രമവും ഉണ്ടായിട്ടില്ല. ബാങ്കിന്റെ പ്രവര്‍ത്തനം ക്രമീകരിക്കുന്ന യാതൊരു നടപടികള്‍ക്കും റിസര്‍വ് ബാങ്കും മുതിര്‍ന്നതായി കാണുന്നില്ല. മാത്രമല്ല കേന്ദ്ര സര്‍ക്കാരിന് നിര്‍ണായക ഓഹരി പങ്കാളിത്തമുള്ള ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ), മാനേജിങ് ഡയറക്ടര്‍ (എംഡി) തസ്തികകളില്‍പോലും നിയമനം നടത്താതെ അവ ഒഴിഞ്ഞുകിടക്കുന്നു. ലോകത്തെ ഏറ്റവും മികച്ച പൊതുമേഖലാ ബാങ്കിനുള്ള പുരസ്‌കാരം 2011 ല്‍ നേടിയ ബാങ്കാണ് ഈ നിലയിലേക്ക് അധഃപതിച്ചതെന്നത് നരേന്ദ്രമോഡി സര്‍ക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയുടെ തെളിവല്ലെങ്കില്‍ മറ്റെന്താണ്? രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും വികസന-സാമ്പത്തിക താല്‍പര്യങ്ങള്‍ വിലമതിക്കുന്ന മുഴുവന്‍ ശക്തികളും രണ്ട് സുപ്രധാന പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളുടെ സംരക്ഷണത്തിന് ശബ്ദം ഉയര്‍ത്തിയേ മതിയാവു.

Related News