Friday
22 Feb 2019

സൗമ്യതയുടെ പ്രതീകം

By: Web Desk | Wednesday 11 July 2018 10:40 PM IST

കാനം രാജേന്ദ്രന്‍

ആറു ദശാബ്ദക്കാലം നമ്മുടെ രാഷ്ട്രീയരംഗത്തെ സജീവ സാന്നിധ്യമായിരുന്ന പി കെ വാസുദേവന്‍ നായര്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 13 വര്‍ഷം തികയുന്നു. ലളിത ജീവിതം, സൗമ്യത, നിഷ്‌കളങ്കത, അനുകരണീയ മാതൃക എന്നിവയുടെ നിറകുടമായിരുന്നു പികെവി.
വിദ്യാര്‍ഥി ഫെഡറേഷന്‍ പ്രവര്‍ത്തകന്‍ എന്നനിലയിലാണ് പികെവി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെടുന്നത്. ട്രാവന്‍കൂര്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അതേവര്‍ഷം പികെവി ആള്‍ കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ പ്രസിഡന്റായും പിന്നീട് എഐവൈഎഫിന്റെ സ്ഥാപക പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
ആലുവ യു സി കോളജില്‍ ചേര്‍ന്ന ശേഷമാണ് പികെവി രാഷ്ട്രീയ കാര്യങ്ങളില്‍ സജീവ താല്‍പ്പര്യമെടുക്കുന്നത്. തിരുവിതാംകൂര്‍ വിദ്യാര്‍ഥി യൂണിയന്റെ പ്രവര്‍ത്തനം സജീവമായ കാമ്പസുകളിലൊന്നായിരുന്നു യു സി കോളജ്. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരം വിദ്യാര്‍ഥികളില്‍ സജീവ താല്‍പ്പര്യമുണര്‍ത്തി. കൂടുതല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളികളായി. ഈ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ പങ്കു വഹിച്ച പികെവി കോളജ് യൂണിയന്‍ ചെയര്‍മാനായി. നാടിന്റേയും ജനങ്ങളുടേയും മോചനത്തിനുള്ള മാര്‍ഗം മാര്‍ക്‌സിസം-ലെനിനിസം ആണെന്ന തിരിച്ചറിവ് പികെവിയേയും കമ്മ്യുണിസ്റ്റാക്കി.
1945-ല്‍ പികെവി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. തിരുവിതാംകൂര്‍ വിദ്യാര്‍ഥി യൂണിയന്റേയും തുടര്‍ന്ന് വിദ്യാര്‍ഥി ഫെഡറേഷന്‍ കേരള കമ്മിറ്റിയുടേയും പ്രസിഡന്റായി പ്രവര്‍ത്തിച്ച പികെവി അതിവേഗം കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന വിദ്യാര്‍ഥി നേതാവായി. തിരുവനന്തപുരം ലോ കോളജില്‍ നിയമ പഠനത്തിനു ചേര്‍ന്ന പികെവി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍ പികെവി ഒളിവില്‍ പോയി. മൂന്നു വര്‍ഷത്തിനു ശേഷം പാര്‍ട്ടിയുടെ നിരോധനം നീക്കിയപ്പോള്‍ ഒളിവില്‍നിന്ന് പുറത്തുവന്ന് അഖില കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ പ്രസിഡന്റായി. അക്കാലത്ത് നടന്ന വിദ്യാര്‍ഥി സമരങ്ങളുടെ മുന്‍നിരയിലായിരുന്നു പികെവി. അനിതരസാധാരണവശ്യതയുള്ള പ്രഭാഷണ ശൈലിയും സംഘടനാ പാടവവും ഉണ്ടായിരുന്ന പികെവി കേരളത്തിലെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായി. 1954-ല്‍ പാര്‍ട്ടി നേതൃത്വം പികെവിയെ ജനയുഗത്തിന്റെ ചുമതലക്കാരനായി നിയോഗിച്ചു.
1957-ല്‍ തിരുവല്ല നിയോജക മണ്ഡലത്തില്‍ മത്സരിച്ച് പികെവി ലോക്‌സഭാംഗമായി. 1962-ല്‍ ആലപ്പുഴ നിന്നും 1967-ല്‍ പീരുമേട്ടില്‍നിന്നും പികെവി ലോക്‌സഭാംഗമായി. കക്ഷിപരിഗണനകള്‍ക്ക് അതീതമായി എല്ലാവരുടേയും സ്‌നേഹവും ആദരവും നേടാന്‍ പികെവിക്ക് കഴിഞ്ഞു. കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ പാര്‍ലമെന്റില്‍ വീറോടെ പൊരുതിയ അംഗമായിരുന്നു പികെവി.
1971-ല്‍ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്ന പികെവി, അച്യുതമേനോന്‍ ഗവണ്‍മെന്റിന്റെ കാലത്ത് ഐക്യമുന്നണി ഏകോപന സമിതിയില്‍ സിപിഐയുടെ പ്രതിനിധികളില്‍
ഒരാളായിരുന്നു. 1977-ല്‍ ആലപ്പുഴ നിന്നും നിയമസഭയിലേക്ക് മല്‍സരിച്ച് ജയിച്ച പികെവി വ്യവസായ-വൈദ്യുതി വകുപ്പ് മന്ത്രിയായി. 1978-ല്‍ എ കെ ആന്റണി മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍ പികെവി മുഖ്യമന്ത്രിയായി. ക്രാന്തദര്‍ശിയായ ഭരണാധികാരിയാണെന്ന് ചുരുങ്ങിയ കാലംകൊണ്ട് തെളിയിക്കാന്‍ പികെവിക്ക് കഴിഞ്ഞു. 1984 മുതല്‍ 1998വരെ സിപിഐ സംസ്ഥാന സെക്രട്ടറിയായി പികെവി പ്രവര്‍ത്തിച്ചു.
ലാളിത്യം പികെവിയുടെ മുഖമുദ്ര ആയിരുന്നു. എഴുത്തിലായാലും പ്രസംഗത്തിലായാലും വലിയ സിദ്ധാന്തങ്ങള്‍ ദുര്‍ഗ്രഹമായ ഭാഷയില്‍ വിവരിക്കുക പികെവിയുടെ ശീലമായിരുന്നില്ല. എഴുത്തില്‍ എന്നപോലെ പ്രസംഗത്തിലും തെറ്റില്ലാതെ കുറിക്കുകൊള്ളുന്ന വാചകങ്ങളില്‍ അനുവാചകന്റേയും കേള്‍വിക്കാരന്റേയും ഉള്ളിലേക്ക് ചെന്നു തട്ടുന്ന വാദവും വാചകങ്ങളും പികെവിയുടെ വൈഭവങ്ങളില്‍പ്പെടും.
പികെവിയെപ്പോലുള്ളവരുടെ സാന്നിധ്യവും നേതൃത്വവും കേരളവും രാജ്യവും ആവശ്യപ്പെടുന്ന സന്ദര്‍ഭമാണിത്. വിഷലിപ്തമായ ചിന്തകള്‍ വളര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ കേന്ദ്ര ഭരണാധികാരികള്‍ ശ്രമിക്കുന്നു. വര്‍ഗീയ ശക്തികള്‍ക്കെതിരെ വിപുലമായ ഐക്യനിര വളര്‍ത്തിയെടുക്കണമെന്ന് ഇന്ത്യയിലെ ജനങ്ങളോട് ആദ്യമായി ആഹ്വാനം ചെയ്തത് സിപിഐ ആണ്. അത്തരമൊരു ഐക്യനിര വളര്‍ത്തിയെടുക്കാന്‍ പികെവിയുടെ സ്മരണ നമുക്ക് ആവേശം പകരും. ജനപക്ഷത്തുനിന്ന് പ്രവര്‍ത്തിക്കുന്ന ഒരു ഗവണ്മെന്റ് കേരളത്തില്‍ അധികാരത്തില്‍ എത്തിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് പികെവിസ്മരണ കരുത്തുപകരും. പികെവിക്ക് ശ്രദ്ധാഞ്ജലി.