കീഴടങ്ങിയ ഐസിസ് സംഘത്തിലെ മലയാളി യുവതിയെ തിരിച്ചറിഞ്ഞു

Web Desk
Posted on November 26, 2019, 4:26 pm

ന്യൂഡൽഹി: 600 പേരടങ്ങുന്ന ഐസിസ് സംഘം കീഴടങ്ങിയെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ സംഘത്തിലെ മലയാളിയായ യുവതിയെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. കാസർകോട് സ്വദേശി അയിഷ എന്ന സോണിയ സെബാസ്റ്റ്യനെ തിരിച്ചറിഞ്ഞെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു പത്രം റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ നിന്നും ഐസിസ് സംഘത്തിൽ ചേരാനായി നാടുവിട്ട 21 അംഗ സംഘത്തിൽ അയിഷയുണ്ടെന്നാണ് വിവരം. 2016ലാണ് ഇവർ രാജ്യം വിടുന്നത്. അതേസമയം, കീഴടങ്ങിയവരിൽ പത്ത് മലയാളികളുണ്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.

തൃക്കരിപ്പൂർ സ്വദേശി റാഷിദിന്റെ ഭാര്യയാണ് സോണി സെബാസ്റ്റ്യൻ എന്ന ആയിഷ. റാഷിദാണ് കേരളത്തിൽ നിന്ന് ഐസിസിലേക്ക് ആളുകളെചേർക്കുന്നത്. അയിഷയെ വിവാഹം ചെയ്തശേഷം കോഴിക്കോട് പീസ് ഇന്റർനാഷണൽ സ്കൂളിൽ അദ്ധ്യാപകനായി എത്തിയ റാഷിദ് സഹപ്രവർത്തകയായ യാസ്മിൻ എന്ന ബീഹാറി യുവതിയുമായി സൗഹൃദത്തിലായി. പിന്നീട് യാസ്മിനെ റാഷിദ് തന്റെ രണ്ടാം ഭാര്യയാക്കുകയും ചെയ്തു. 2016 മെയ് 31നാണ് മൂവരും മുംബൈ വഴി മസ്ക്കറ്റിലേക്ക് വിമാനം കയറിയത്.

കഴിഞ്ഞ ജൂണിൽ യു. എസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ റാഷിദ് കൊല്ലപ്പെട്ടതായി നാട്ടിലുള്ളവർക്ക് സന്ദേശം ലഭിച്ചിരുന്നു. ഭീകരർ കീഴടങ്ങിയെന്ന വാർത്തയ്ക്ക് പിന്നാലെ എൻ ഐ.എ ഉദ്യോഗസ്ഥർ തൃക്കരിപ്പൂരിലെത്തി ഐസിസിൽ ചേർന്നു എന്ന് സംശയിക്കുന്നവരുടെ ബന്ധുക്കൾക്ക് ഇവർ പലരുടേയും ഫോട്ടോകൾ കാണിച്ചെങ്കിലും ആരേയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കൂടുതൽ വിവരങ്ങളൊന്നും നാട്ടുകാർക്ക് ലഭിച്ചിട്ടുമില്ല. അതേസമയം, രാജ്യം വിടുമ്പോൾ അയിഷ മൂന്ന് മാസം ഗർഭിണിയായിരുന്നു. പിന്നീട് അവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതായി വിവരം ലഭിച്ചിരുന്നു. ഫോട്ടോ കണ്ട് അയിഷയെ തിരിച്ചറിഞ്ഞുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.