ആൾക്കൂട്ടത്തിലും തനിച്ചാകുന്നവർ; മെമ്മറീസ് ഓഫ് ട്രാൻസ്

Web Desk
Posted on July 20, 2018, 7:14 pm

ട്രാൻസ്ജെൻഡറുകൾ സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങളും സംഘർഷങ്ങളും ശക്തമായഭാഷയിൽ  അവതരിപ്പിക്കുന്ന മെമ്മറിസ് ഓഫ് ട്രാൻസ് തിരുവനന്തപുരത്ത് നടക്കുന്ന  ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നു.  

മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്ന ഈ സമൂഹത്തിന്റെ ആകുലതകളും നിയമപരമായ പ്രശ്നങ്ങളും പൊതു സമൂഹത്തിന്റെ മുന്നിൽ എത്തിക്കുക  എന്ന ഉദ്ദേശമാണ് ഡോക്യുമെന്ററി ലക്ഷ്യം വയ്ക്കുന്നത്. രാത്രിയും പകലും എന്നില്ലാതെ എല്ലാ നേരങ്ങളിലും ഇവർ ആക്രമിക്കപ്പെടുന്നു. ആശുപത്രികൾ ഇവരെ പുറത്താക്കുന്നു. നിങ്ങളെ ചികിത്സിക്കാൻ ഞങ്ങൾക്ക് അറിയില്ല എന്നാണ് ആതുരസേവകർ പറയുന്നത്. പോലീസുകാർ ഇന്നും ഈ സമൂഹത്തെ സംശയദൃഷ്ടിയോടെയാണ് സമീപിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഇവർ പുറത്താക്കപ്പെടുന്നു. വീടും നാടും ഇവരെ ഒറ്റപ്പെടുത്തുന്നു. നമ്മുടെ ഇടയിൽ നമുക്കൊപ്പം ജീവിക്കുന്ന ഈ സമൂഹം പല കാരണങ്ങൾ കൊണ്ടും മറ്റുള്ളവരിൽ നിന്നും മാറി നിൽക്കുകയാണ്. ഒറ്റപ്പെടലിന്റെ കാരണങ്ങൾ അന്വേഷിക്കുകയാണ് മെമ്മറീസ് ഓഫ് ട്രാൻസ് എന്ന ഡോക്യുമെൻററി . ഡോ കെ ബി ശെൽവ മണിയാണ് സംവിധായകൻ. ക്യാമറ മധു, ഗാനം ഡോ. ടി കെ സനിത, സംഗീതം ഹരികൃഷ്ണമൂർത്തി. നിർമ്മാണം ലെസ്ലി.

യൂണിവേഴ്സിറ്റി കോളെജിലെ മലയാളം അധ്യാപകനാണ് ഡോ.കെ ബി ശെൽവ മണി. ചിലർ, പുരോഹിതരുടെ വീട് എന്നീ ഡോക്യുമെൻററികൾ സംവിധാനം ചെയ്തിട്ടുണ്ട്. മാധ്യമ പഠനത്തിലാണ് ഗവേഷണം. ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം ഞായറാഴ്ച വൈകീട്ട് 6 ന് നിളയില്‍ നടക്കും.