ഇടുക്കി ഡാമിലെ ജലനിരപ്പ് ഡാമിന്റെ പരമാവധി സംഭരണ ശേഷിയായ 2403 അടിയിലേക്ക് അടുത്തതിനെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി ഡാം വീണ്ടും തുറന്നു.
അതേസമയം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വീണ്ടും 141.90 അടിയായി ഉയർന്നു. നിലവിൽ അഞ്ച് ഷട്ടറുകൾ ഉയർത്തി സെക്കന്റിൽ 2100 ഘനയടി ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ജലനിരപ്പ് 142 അടിയിലേക്ക് ഉയർന്നാൽ ഇനിയും കൂടുതൽ ഷട്ടറുകൾ ഉയർത്തിയേക്കും. ടണൽ വഴി സെക്കന്റിൽ 1867 ഘനയടി ജലം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.
തിങ്കളാഴ്ച്ച രാത്രി 12,654 ഘനയടി ജലം തമിഴ്‌നാട് പുറത്തേക്ക് ഒഴുക്കിയതിനെതുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് ഉയർന്ന് തീരത്തെ വീടുകളിലേക്ക് വെള്ളം ഇരച്ച് കയറിയിരുന്നു. പ്രദേശത്ത് ഭീതി നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ ഒട്ടേറെ കുടുംബങ്ങള്‍ വീടൊഴിഞ്ഞ് ബന്ധുവീടുകളിലേക്കും മറ്റും താമസം മാറ്റിയിരിക്കുകയാണ്.
ഇടുക്കി ഡാമിലെ മൂന്നാമത്തെ ഷട്ടർ ഇന്നലെ രാവിലെ 6 മണിയോടെ 40 സെന്റീമീറ്ററും തുടർന്ന് രാവിലെ 8.30ന് 60 സെന്റീമീറ്ററായുമാണ് ഉയർത്തിയത്. നിലവിൽ സെക്കന്റിൽ 60,000 ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നുണ്ട്. ഡാമിലെ ജലനിരപ്പ് 2401.46 അടിയായി നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഇന്നലെ പുലർച്ചെ ഡാമിലെ ജലനിരപ്പ് 2401.56 അടിയായി ഉയർന്നിരുന്നു.
ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇടവിട്ട് മഴയുണ്ട്. ഇതിന് പുറമേ മുല്ലപ്പെരിയാർ ഡാമിൽ നിന്ന് കൂടുതൽ അളവിൽ ജലം പുറത്തേക്ക് ഒഴുക്കിവിടുന്നതിനാൽ ഇടുക്കി ഡാമിൽ ജലനിരപ്പ് ക്രമീകരിച്ച് നിർത്തുന്നതിന് വേണ്ടി ഷട്ടർ അടയ്ക്കാൻ വൈകിയേക്കും. 2403 അടിയാണ് ഇടുക്കി ഡാമിന്റെ പരമാവധി സംഭരണശേഷി. 2402 അടിയിലേക്ക് ജലനിരപ്പ് ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും.
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും തമിഴ്‌നാട് ഏകപക്ഷീയമായി രാത്രികാലങ്ങളിൽ വൻതോതിൽ വെള്ളം തുറന്നുവിടുന്നതിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്.
വിഷയത്തിൽ സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ന് ഇടക്കാല ഉത്തരവിനുള്ള ഹർജി സമർപ്പിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. സുപ്രീംകോടതിയിലെ മുല്ലപ്പെരിയാർ കേസ് നടത്തിപ്പിൽ സാധ്യമായ എല്ലാ ജാഗ്രതയും ശ്രദ്ധയും സർക്കാർ പുലർത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം യാതൊരു മുന്നറിയിപ്പും നല്‍കാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് തമിഴ്‌നാട് വെള്ളം ഒഴുക്കി കളയുന്നതിനെതിരെ സുപ്രീം കോടതിയില്‍ അധിക സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഹര്‍ജിക്കാരനായ ജോ ജോസഫാണ് പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നിലവിലെ സ്ഥിതി വിശദീകരിക്കുന്ന അധിക സത്യവാങ്മൂലത്തില്‍ സ്പില്‍വേകള്‍ വഴി മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നത് അണക്കെട്ടിന്റെ പരിസരത്തെ വീടുകളില്‍ വെള്ളം കയറാന്‍ ഇടയാക്കുന്നത് ചൂണ്ടിക്കാട്ടുന്നു. ഭയപ്പാടിലാണ് സമീപവാസികള്‍ കഴിയുന്നത്. രാത്രി വൈകിപോലും വീടുവിട്ട് ഓടേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
English Summary: Idukki Dam reopens
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.