Janayugom Online
idukki dam janayugom

ഇടുക്കി ഡാമിലെ ജല നിരപ്പ് 2395.80 അടിയായി ഉയര്‍ന്നു

Web Desk
Posted on July 31, 2018, 10:47 am

ഇടുക്കി ഡാമിലെ ജല നിരപ്പ് 2395.80 അടിയായി ഉയര്‍ന്നു.  ഇത് 2397  അടിയായി ഉയരുമ്പോൾ ട്രയൽ റൺ തുടങ്ങും.  2399  അടിയായി ഉയരുമ്പോൾ റെഡ് അലർട് പ്രഖ്യാപിക്കും. തുടർന്ന് 24 മണിക്കൂറിനുള്ളിൽ ഡാം തുറക്കും.

രാത്രി ആണ് നിറയുന്നതെങ്കിൽ പകൽ മാത്രമേ ഡാം തുറക്കൂ എന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. മുല്ലപ്പെരിയാറും കല്ലാർകുട്ടിയും മറ്റു ഡാമുകളും തുറന്നാൽ എറണാകുളം വരെ വെള്ളം എത്താം.

ഭയപ്പെടേണ്ട കാര്യമില്ല. എന്നാൽ അതീവ ജാഗ്രത പാലിക്കണം. റെഡ് അലർട്ടിലേക്കു നീങ്ങിയാലും ആവശ്യമായ എല്ലാ നടപടികളൂം സ്വീകരിച്ചിട്ടുണ്ട്. മൈക്ക് അനൗൺസ്‌മെന്റ്, മാധ്യമങ്ങൾ വഴി, അധികാര കേന്ദ്രങ്ങളിലൂടെ കൃത്യമായ വിവരം നൽകും.

32.792 ദശ ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുളള വെളളം ഇന്നലെ ഒഴുകിയെത്തി. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. ഇന്ന് രാവിലെ ഏഴു മണി വരെയുളള കണക്കനുസരിച്ച് 36.6 മില്ലീമീറ്റര്‍ മഴ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ലഭിച്ചു.

ഡാമിന്റെ താഴെയുളള പ്രദേശങ്ങളിലും പെരിയിയാറിന്റെ തീരങ്ങളിലും അതീവ ജാഗ്രത
തുടരുകയാണ്. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ഉന്നത തല യോഗത്തില്‍ സ്ഥിതിഗതികള്‍
വിലയിരുത്തുകയും ട്രയല്‍ റണ്‍ നടത്തുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവുകയും
ചെയ്യും. മൂലമറ്റം പവര്‍ ഹൗസില്‍ ഇന്ന് രാവിലെ ഏഴു മണി വരെ 15.096 ദശ ലക്ഷം യൂണിറ്റ്
വൈദ്യുതി ഉല്‍പാദിപ്പിച്ചു. വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന വെളളത്തേക്കാള്‍ മൂന്ന്
മടങ്ങ് വെളളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്.ഇതാണ് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി
ഉയര്‍ന്നു കൊണ്ടിരിക്കാന്‍ പ്രധാന കാരണം.