ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2329.64 അടിയായി

Web Desk
Posted on August 09, 2019, 10:01 pm

 

പി എല്‍ നിസാമുദ്ദീന്‍

ചെറുതോണി: ഇടുക്കി പദ്ധതി പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞു. രാവിലെ 7ന് അവസാനിച്ച 24മണിക്കൂറിനിടെ പദ്ധതിപ്രദേശത്ത് 191.2 മില്ലിമീറ്റര്‍ മഴ ലഭിച്ചു. രാവിലെ 7ന് അണക്കെട്ടിലെ ജലനിരപ്പ് സമുദ്രനിരപ്പില്‍ നിന്നും 2329.64 അടിയിലെത്തിയിരുന്നു. നീരൊഴുക്ക്
ശക്തമായതോടെ മൂന്ന് മണിക്കൂര്‍ ഇടവിട്ട് അണക്കെട്ടിലെ ജലത്തിന്റെ അളവ്
നിരീക്ഷിച്ചുവരുന്നുണ്ട്. ഉച്ചക്ക് 1ന് 2.74 അടിവെള്ളം കൂടി ഉയര്‍ന്ന് ജലനിരപ്പ് 2332.38 അടിയായി. വൈകുന്നേരം 4ന് 0.74 അടിവെള്ളമാണ് വര്‍ദ്ധിച്ചത്. ഇതോടെ ജലനിരപ്പ് 2333.12 അടിയിലെത്തി. കഴിഞ്ഞ 6ന് അണക്കെട്ടില്‍ 2316.64 അടിവെള്ളമാണുണ്ടായിരുന്നത്. 7ന് 1.38 അടിവെള്ളം
ഉയര്‍ന്ന് 2318.02അടിയായി. 8ന് രാവിലെ 7ന് ജലനിരപ്പ് വീണ്ടും ഉയര്‍ന്ന്
2321.26 അടിയായി.

ഈ മണ്‍സൂണിലെ ഏറ്റവും ശക്തമായ മഴലഭിച്ചത് 8നാണ്.  അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ ജലനിരപ്പ് കുതിച്ചുയരുകയായിരുന്നു. 8.38 അടിവെള്ളമാണ് 24 മണിക്കൂറിനിടെ അണക്കെട്ടിലേക്കൊഴുകി എത്തിയത്. 2329.64 അടിയായിരുന്നു അപ്പോഴത്തെ
ജലനിരപ്പ്. ഈ മണ്‍സൂണില്‍ ഇന്നലെ രാവിലെ 7വരെ 1234.6 മില്ലിമീറ്റര്‍ മഴ ലഭിച്ചു. 7ന് 71.2 മില്ലിമീറ്ററും, 8ന് 85.4മില്ലിമീറ്ററും മഴയാണ് ലഭിച്ചത്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 2403 അടിയാണ്.