Web Desk

December 17, 2019, 9:49 pm

ഇടുക്കി ഭൂമി പ്രശ്‌നം; ക്രിയാത്മകമായ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

Janayugom Online

തിരുവനന്തപുരം: ഇടുക്കിയിലെ ഭൂമി പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 2019 ഓഗസ്റ്റ് 22 ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിൽ ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ, നിയമപരമായ പരിശോധന നടത്തി ക്രിയാത്മകമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരവിനെ തുടർന്ന് ഇടുക്കിയിലെ കര്‍ഷകര്‍ക്കും അവിടുത്തെ താമസക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജനപ്രതിനിധികളും ഉന്നയിച്ച സാഹചര്യത്തിലാണ് നടപടി.
കൃഷിക്കായി സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കുന്നതിനുള്ള 1964 ലെ ഭൂപതിവു ചട്ടങ്ങള്‍ക്കും 1993 ലെ പ്രത്യേക ചട്ടങ്ങള്‍ക്കും കാലോചിതമായ ഭേദഗതി ആവശ്യമാണെന്ന് യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ഇടുക്കിയിലെ കര്‍ഷകരുടെയും മറ്റു വിഭാഗം ജനങ്ങളുടെയും ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി ഉറപ്പ് നൽകി. കേരളത്തിന്റെ സമ്പദ്ഘടനയെ പരിപോഷിപ്പിക്കുന്ന ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നം പരിഹരിക്കുന്നതിന് സജീവമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. ഇതിനുവേണ്ടി സര്‍വകക്ഷി യോഗവും സാമൂഹിക സംഘടനകളുടെയും പരിസ്ഥിതി സംഘടനകളുടെയും യോഗങ്ങളും സര്‍ക്കാര്‍ വിവിധ ഘട്ടങ്ങളില്‍ വിളിച്ചു ചേര്‍ത്തിരുന്നു. എല്ലാവരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചത്.1964 ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചുകിട്ടാവുന്ന ഭൂമിയുടെ അളവ് നാല് ഏക്കറില്‍ നിന്ന് ഒരു ഏക്കറായി ചുരുക്കിയിരുന്നു. അത് നാല് ഏക്കറായി പുനഃസ്ഥാപിച്ചു. കുടുംബത്തിന്റെ വരുമാന പരിധി ഒരു ലക്ഷം രൂപയായി നിജപ്പെടുത്തിയിരുന്നു. ആ നിബന്ധന ഒഴിവാക്കി.

പത്തുചങ്ങല പ്രദേശത്ത് ദശാബ്ദങ്ങളായി താമസിച്ച് കൃഷി ചെയ്തു വരുന്ന കുടുംബങ്ങള്‍ക്ക് മൂന്നുചെയിന്‍ വിട്ടുള്ള പ്രദേശത്ത് പട്ടയം നല്‍കുന്നതിന് അനുമതി നല്‍കി. 1993 ലെ ഭൂപതിവ് പ്രത്യേക ചട്ടപ്രകാരം പട്ടിക വര്‍ഗ്ഗക്കാര്‍ കൈവശംവച്ചുവരുന്ന ഭൂമിയ്ക്ക് പട്ടയം നല്‍കാന്‍ നിര്‍ദേശം നല്‍കി. സുപ്രീം കോടതിയുടെ അനുമതി ലഭിച്ച 19,000 ഏക്കര്‍ ഭൂമി ഭൂരഹിതര്‍ക്ക് നല്‍കുന്നതിനുള്ള നടപടി വേഗത്തിലാക്കുന്നതിന് സമിതി രൂപീകരിച്ചു. ഇടുക്കി ഡാമിന്റെ മൂന്നുചെയിന്‍ പ്രദേശത്ത് പട്ടയം കൊടുക്കുന്നതിന് തര്‍ക്കമില്ലെന്ന് കെഎസ്ഇബി റവന്യു വകുപ്പിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. കൃഷിക്കാര്‍ വച്ചു പിടിപ്പിക്കുന്ന മരം മുറിച്ചു മാറ്റുന്നതിന് തടസമായ ഉത്തരവുകള്‍ ഭേദഗതി ചെയ്ത് പ്രശ്‌നം ശാശ്വതമായി പരിഹരിച്ചു. പദ്ധതികള്‍ ഉപേക്ഷിച്ച പ്രദേശത്തെ പട്ടയ നടപടികള്‍ വേഗത്തിലാക്കി. ജനങ്ങള്‍ക്ക് അസൗകര്യമാണെന്ന് കണ്ടതിനാല്‍ മൂന്നാര്‍ ട്രൈബ്യൂണല്‍ വേണ്ടെന്ന് വച്ചു.

സര്‍വേ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതു മൂലം പട്ടയ അവകാശികളും ഉടമസ്ഥരും നേരിട്ടിരുന്ന പ്രതിസന്ധി പരിഹരിച്ചു. ഇതിനുവേണ്ടി ഭൂമിയുടെ നിജസ്ഥിതി പരിശോധിച്ച് രേഖകകളില്‍ തിരുത്തലുകള്‍ വരുത്താന്‍ ഉത്തരവിറക്കി.നീലക്കുറിഞ്ഞി സങ്കേതത്തിന്റെ അതിരുകള്‍ നിര്‍ണ്ണയിക്കുന്നതില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഇടപെട്ടു. മൂന്നു മന്ത്രിമാര്‍ ജനങ്ങളുമായി ആശയവിനിമയം നടത്തി പ്രശ്‌നപരിഹാരത്തിന് രൂപരേഖ തയ്യാറാക്കി അത് നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കര്‍ഷകരുടെയും ഭൂരഹിതരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, മന്ത്രി എം എം മണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ ജെ തോമസ്, അഡ്വ. കെ പ്രകാശ് ബാബു, കെ കെ ശിവരാമന്‍ (സിപിഐ), കെ കെ ജയചന്ദ്രന്‍ (സിപിഐ (എം), ഇബ്രാഹിം കുട്ടി കല്ലാര്‍, റോയി കെ പൗലോസ് (കോണ്‍ഗ്രസ്), എം ടി രമേശ് (ബിജെപി), ടി എം സലിം (മുസ്ലീം ലീഗ്), എം ജെ ജേക്കബ് (കേരള കോണ്‍സ് എം), ജോണി നെല്ലൂര്‍ (കേരള കോണ്‍ഗ്രസ് ജേക്കബ്) എം കെ ജോസഫ്, കെ എം തോമസ് (ജനദാദള്‍ എസ്), ഷെയ്ക്ക് പി ഹാരിസ് (ലോക് താന്ത്രിക് ജനതിരുവനന്തപുരം:താദള്‍), പി ജി പ്രസന്നകുമാര്‍ (ആര്‍എസ്‌പി) സലിം പി മാത്യു (എന്‍സിപി), സി വേണുഗോപാലന്‍ നായര്‍ (കേരള കോണ്‍ഗ്രസ് ബി), ഡീന്‍ കുര്യാക്കോസ് എം പി, എംഎല്‍എമാരായ പി ജെ ജോസഫ്, എസ് രാജേന്ദ്രന്‍, പി സി ജോര്‍ജ്, റോഷി അഗസ്റ്റിന്‍, ഇ എസ് ബിജിമോള്‍ എന്നിവരും ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി വേണു, ലാന്റ് റവന്യു കമ്മിഷണര്‍ സി എസ് ലത, ഇടുക്കി കളക്ടര്‍ എച്ച് ദിനേശ് എന്നിവരും പങ്കെടുത്തു.

you may also like this video