കുടിയേറ്റ കർഷകരുടെയും ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും ജനിച്ച മണ്ണിന്റെ അവകാശമെന്ന ചിരകാല സ്വപ്നം യാഥാർത്ഥ്യമാക്കി ഇടുക്കിയിൽ മെഗാപട്ടയമേള ഇന്ന്. കുടിയേറ്റ കർഷകരുടെ സിരാകേന്ദ്രമായ കട്ടപ്പനയിൽ നടക്കുന്ന പട്ടയമേളയിൽ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ ജില്ലയിലെ 8101 പേർക്കാണ് പട്ടയം വിതരണം ചെയ്യുന്നത്. കട്ടപ്പന സെന്റ് ജോർജ്ജ് പാരിഷ്ഹാളിൽ രാവിലെ 10. 30 ന് പട്ടയമേളയിൽ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി അധ്യക്ഷത വഹിക്കും. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ എൽഡിഎഫ് നൽകിയ വാഗ്ദാനമായിരുന്നു ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കുമെന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള നാലാമത്തെ പട്ടയമേളയാണ് ഇന്ന് നടക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി 20,419 പട്ടയങ്ങൾ വിതരണം ചെയ്തു. 40. 8431 ഹെക്ടർ സ്ഥലത്തിനാണ് അവകാശം നൽകിയത്. ഇക്കുറി പട്ടയത്തിനൊപ്പം തന്നെ ലഭിക്കുന്ന സ്ഥലത്തിന്റെ സ്കെച്ചും നൽകുമെന്ന പ്രത്യേകതയുമുണ്ട്. കൂടാതെ കോളനി പട്ടയങ്ങളും വിതരണം ചെയ്യും. മുരിക്കാശ്ശേരി, രാജകുമാരി, നെടുങ്കണ്ടം, പീരുമേട്, കരിമണ്ണൂർ, ഇടുക്കി, കട്ടപ്പന ഭൂപതിവ് ഓഫീസുകളിൽ നിന്നായി 5440 പട്ടയങ്ങളും ഇടുക്കി, ദേവികുളം, തൊടുപുഴ, ഉടുമ്പൻചോല താലൂക്കിൽ നിന്നായി 1775 പട്ടയങ്ങളും മേളയിൽ വിതരണം ചെയ്യും. മുരിക്കാശ്ശേരി എൽഎ ഓഫീസിൽ നിന്ന് 1000 പട്ടയങ്ങളും രാജകുമാരി 215,നെടുങ്കണ്ടം 700, കട്ടപ്പന 1650, പീരുമേട് 750, കരിമണ്ണൂർ 225,ഇടുക്കി 900 പട്ടയങ്ങളുമാണ് വിതരണം ചെയ്യുന്നത്.
ഇടുക്കി താലൂക്ക് 225,തൊടുപുഴ 350, ദേവികുളം 1200, ഉടുമ്പൻചോല 50 പട്ടയങ്ങളും വിതരണം ചെയ്യും. ദേവികുളം എച്ച്ആർസി വിഭാഗത്തിൽ നിന്ന് 136 പട്ടയങ്ങളും 14 എൽടി പട്ടയം 570 വനാവകാശ രേഖകളും വിതരണം ചെയ്യും. 17 കോളനികളിലാണ് ഇക്കുറി പട്ടയമെത്തുക. ചില്ലിത്തോട്, മാങ്കുളം, ലക്ഷ്മി എസ്റ്റേറ്റ്, എസ് വളവ്, മിഷൻ വയൽ, അമ്പത് വീട്, ഏഴല്ലൂർ, അഞ്ചിരി, ഇഞ്ചിയാനി, എംവിഐപി, മുട്ടം, അണക്കര, രാജീവ് ഗാന്ധി കോളനി, മദർ തെരേസ കോളനി, ചക്കുപള്ളം, കൊലുമ്പൻ കോളനി, പെരുങ്കാല, പണയക്കുടി എന്നിവിടങ്ങളിലെ താമസക്കാർക്കും പട്ടയം കിട്ടും.
English Summary: Idukki pattaya mela
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.