Web Desk

പട്ന

October 28, 2020, 1:37 pm

ബിഹാര്‍ പോളിങ് ബൂത്തുകള്‍ക്ക് സമീപം ബോംബുകള്‍ കണ്ടെത്തി

Janayugom Online

ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ച ബുധനാഴ്ച ബിഹാറിലെ പോളിങ് ബൂത്തുകള്‍ക്ക് സമീപം സിആര്‍പിഎഫ് രണ്ട് ഐഇഡി ബോംബുകള്‍ കണ്ടെത്തി. മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള ഔറംഗാബാദ് ജില്ലയ്ക്ക് സമീപത്തുവച്ചാണ് ബോംബുകള്‍ കണ്ടെത്തിയത്. ഇവ രണ്ടും സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ നിര്‍വ്വീര്യമാക്കിയതിനെത്തുടര്‍ന്ന് വന്‍ അപകടം ഒഴിവായി. 

ധിബ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു പാലത്തിന് സമീപമായാണ് ബോംബുകള്‍ സ്ഥാപിച്ചിരുന്നതെന്ന് ധിബ്ര പൊലീസ് പറഞ്ഞു. പ്രാഥമിക നിഗമനത്തില്‍ മാവോയിസ്റ്റുകളാണ് ബോബുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് കരുതുന്നതായും സംഭവം രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

ചൊവ്വാഴ്ചയും ബിഹാറിലെ മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള ഇമാംഗഞ്ചില്‍ നിന്നും രണ്ട് ഐഇഡി ബോംബുകള്‍ സിആര്‍പിഎഫ് കണ്ടെത്തി നിര്‍വ്വീര്യമാക്കിയിരുന്നു. ബുധനാഴ്ച 71 മണ്ഡലങ്ങളിലാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടന്നത്.

ENGLISH SUMMARY:IEDs found near Bihar polling booths
You may also like this video