പ്രൊഫ. കെ അരവിന്ദാക്ഷന്‍

December 20, 2020, 5:47 am

കൈവിട്ടാൽ കാർഷികജീവൻ ഭീമന്മാർ കയ്യടക്കും

കൃത്രിമ പ്രതിച്ഛായ തകർക്കുന്ന കർഷക സമരം-2
Janayugom Online

പ്രൊഫ. കെ അരവിന്ദാക്ഷന്‍

ബിഹാറിൽ നിലനിന്നിരുന്ന എപിഎംസി വ്യവസ്ഥ അവിടത്തെ ഭരണകൂടം 2006 ൽ ഉപേക്ഷിച്ചിരുന്നു. ഇതോടെ ഗ്രാമീണ കാർഷികോല്പന്ന വിപണികൾ കുത്തക വ്യാപാരികൾ കയ്യടക്കി. ലക്ഷക്കണക്കിന് ടൺ ഭക്ഷ്യധാന്യങ്ങളും മറ്റും കുറഞ്ഞ വില നല്കി കർഷകരിൽ നിന്ന് സംഭരിക്കുകയും സ്വന്തം ഗോഡൗണുകളിൽ സൂക്ഷിക്കുകയും ചെയ്തു. പിന്നീട് കൃത്രിമക്ഷാമം സൃഷ്ടിച്ച് കൊള്ളലാഭം കൊയ്തെടുത്തതെല്ലാം നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക്ക് റിസർച്ച് (എൻസിഎഇആർ) നടത്തിയ പഠനം വഴി പുറത്തുവന്നതാണ്. ഈവിധം കൊടിയ ചൂഷണത്തെ തുടർന്ന് പട്ടിണിയിലായ ബിഹാറിലെ ലക്ഷക്കണക്കിന് കർഷകരാണ് പഞ്ചാബിലേക്കും ഹരിയാനയിലേക്കും തങ്ങളുടെ കദന കഥകളുമായി പലായനം ചെയ്തത്. ശേഷം പഞ്ചാബിലെയും ഹരിയാനയിലെയും കർഷക സമൂഹത്തിന് നല്ല അനുഭവ പാഠങ്ങളാണ് ബിഹാറിലെ കർഷകർ പകർന്നു നല്കിയത്. ഇവരെല്ലാം ചേർന്നാണിപ്പോൾ നരേന്ദ്രമോഡിയും അമിത് ഷായും ഉയർത്തിയ ഡൽഹിയിലെ ബാരിക്കേഡുകൾ തകർത്ത് സംഘടിതമായ ചെറുത്തുനില്പിന് രൂപം നൽകിയിരിക്കുന്നതെന്നോർക്കുക. കർഷകർക്ക് പരമാവധി വില ലഭിക്കാൻ ആരോട് വേണമെങ്കിലും മത്സരിക്കാമെന്നും വിലപേശാമെന്നും അവരുടെ ഉല്പന്നങ്ങൾ എവിടെയും വിറ്റഴിക്കാമെന്നും മറ്റും വ്യാപകമായി പ്രചരിപ്പിക്കുന്ന മോഡി സർക്കാരും സംഘപരിവാറും സൗകര്യാർത്ഥം വിസ്മരിക്കുകയും തമസ്കരിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യുന്നൊരു യാഥാർത്ഥ്യമുണ്ട്. ഇന്ത്യാ രാജ്യത്തെ കർഷകരിൽ 82 ശതമാനത്തിനും കൈവശമുള്ള ഭൂമി ശരാശരി രണ്ട് ഹെക്ടറിൽ താഴെ മാത്രം വിസ്തൃതിയുള്ളതാണ് എന്നതാണത്. ഇത്തരം ചെറുകിട‑നാമമാത്ര കർഷകരോടാണ് ആഗോള കുത്തക ഭീമന്മാരായ വാൾമാർട്ടിനോടും ദേശീയ കുത്തകകളായ അംബാനിമാരോടും അഡാനി അഗ്രികോർപ്പ് തുടങ്ങിയവരോടും മത്സരിക്കാനും അതിജീവിക്കാനും ഔദാര്യപൂർവം മോഡി സർക്കാർ ആഹ്വാനം ചെയ്യുന്നത്. ഈ കൊടും ചതി വ്യക്തമായി തിരിച്ചറിഞ്ഞ കർഷകരാണ് ഇപ്പോൾ സമരരംഗത്ത് രണ്ടും കല്പിച്ച് ഉറച്ചുനിൽക്കുന്നത്. അതിശൈത്യത്തിൽപ്പെട്ട് മുപ്പത് കർഷക സഹോദരങ്ങൾ ഇതിനോടകം തന്നെ മരണത്തിന് കീഴടങ്ങിയതിനു ശേഷവും സമരരംഗത്ത് അതിശൈത്യത്തെ തൃണവൽഗണിച്ചും തെരുവിൽ തുടരാനാണ് കർഷക സംഘടനകളുടെ കൂട്ടായ തീരുമാനം.

ഭാരതത്തിലെ കർഷക സമൂഹത്തിന്റെ ഈ നിശ്ചയദാർഢ്യത്തിന് നിദാനം സ്വന്തം താല്പര്യ സംരക്ഷണം മാത്രമല്ല, ഭക്ഷ്യ സുരക്ഷയുമല്ല. മറിച്ച് ഭക്ഷ്യവസ്തുക്കളുടെ പരമാധികാരവും രാജ്യത്തിന്റെതന്നെ പരമാധികാരവും അന്യാധീനപ്പെടുന്നതിനെതിരായുള്ള സംഘടിത ചെറുത്തുനില്പ് മുൻനിർത്തിയും കൂടിയാണ്. ഇതെല്ലാം തന്നെ ഒറ്റയടിക്ക് നഷ്ടപ്പെടുമെന്ന ആശങ്കയാണ് സമരത്തിന്റെ പ്രചോദനശക്തി. വ്യാവസായിക വാണിജ്യ ബാങ്കിങ്-ധനകാര്യ മേഖലകളിൽ ഇതിനകം തന്നെ സ്വന്തം താല്പര്യസംരക്ഷണം ഉറപ്പാക്കുന്നതിൽ വലിയൊരു അളവിൽ വിജയിച്ചിരിക്കുന്ന ദേശീയ ആഗോള കോർപ്പറേറ്റുകൾ, കാർഷിക മേഖലയിലാകെ നവലിബറലിസവും കോളനിവാഴ്ചയുടെ രണ്ടാം വരവും കഴിയുന്നത്ര വേഗത്തിൽ ഉറപ്പിക്കാനുള്ള തത്രപ്പാടിലാണിപ്പോൾ. കാര്യങ്ങളുടെ ഈ ദിശയിലേക്കുള്ള പോക്ക് വ്യക്തമായതോടെയാണ് ഇന്ത്യയിലെ കാർഷിക ശാസ്ത്രജ്ഞൻ ഡോ. ഖരീക്കുർപാൽ‍‍സിങ് ഫെർട്ടിലൈസർ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ച പുരസ്കാരം തിരസ്കരിച്ചതിനുശേഷം കേന്ദ്രമന്ത്രി കൂടി പങ്കെടുത്തിരുന്ന വേദിയിൽ നിന്നും ഇറങ്ങിപ്പോയത്. ഇതിനുപുറമെ ദേശീയ പുരസ്കാര ജേതാക്കളായ നിരവധി കലാകാരന്മാരും കായിക മേഖലയിലുള്ളവരും സാംസ്കാരിക പ്രവർത്തകരും തങ്ങൾ‍ക്കു ലഭ്യമായ ബഹുമതികൾ ഉപേക്ഷിച്ചിട്ടുമുണ്ട്. ഇപ്പോൾ ഇതാ മുൻ പട്ടാള ഉദ്യോഗസ്ഥരായ സമരക്കാർ സിംഘു അതിർത്തിയിൽ നവംബർ 26ന് ശേഷം ധീരതയ്ക്കുള്ള 5,000 മെഡലുകൾ അടക്കം 25,000 മെഡലുകൾ കേന്ദ്ര സർക്കാരിന് തിരികെ നല്കാൻ ശേഖരിച്ചു കഴിഞ്ഞിരിക്കുന്നു. (ദി ഹിന്ദു ഡിസംബർ 13 2020). ഇതോടെ ജയ്ജവാൻ ജയ്­കിസാൻ മുദ്രാവാക്യം അന്വർത്ഥമാക്കപ്പെട്ടിരിക്കുകയാണ്.

ഡിസംബർ ഒൻപതിന് നടന്നതും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നേരിട്ട് പങ്കെടുത്തതുമായ ചർച്ചകളും പരാജയപ്പെട്ടതോടെ കേന്ദ്ര മോഡി സർക്കാർ ഗുരുതരമായൊരു രാഷ്ട്രീയ പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ്. ഇതിനു മുമ്പുള്ള ഭക്ഷ്യവകുപ്പ് മന്ത്രിതല ചർച്ചകളിൽ നിന്നും വ്യത്യസ്തമായി ഇക്കുറി എംഎസ്­പിയുടെ കാര്യത്തിൽ രേഖാമൂലമുള്ള ഉറപ്പു നല്കിയതിനു പുറമെ, ഏതാനും നിയമങ്ങളിൽ ചില മാറ്റങ്ങൾ വരുത്താൻ സന്നദ്ധമാണെന്ന് അറിയിക്കുകയും ചെയ്തു. അതിനുശേഷവും, കർഷക സംഘടനകൾ സമരരംഗത്ത് നിന്നും പിന്മാറാൻ സന്നദ്ധരായിട്ടില്ല. നിയമങ്ങൾ അതേപടി പിൻവലിക്കുക എന്നതിൽ കുറഞ്ഞ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയ്യാറല്ലെന്നും അവർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുമുണ്ട്. എംഎസ്­പിക്കു പുറമെ കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചിട്ടുള്ള പ്രധാന അഞ്ചു നിർദ്ദേശങ്ങളാണ് സമരസംഘടന അപ്പാടെ തള്ളിക്കളഞ്ഞിരിക്കുന്നത്. ഒന്ന്, സ്വകാര്യ മണ്ഡികളെ സംസ്ഥാനങ്ങൾക്ക് രജിസ്റ്റർ ചെയ്യാനും അവയ്ക്കുമേൽ എപിഎംസികൾക്കെന്നപോലെ നികുതി ചുമത്താനും അധികാരം നല്കുക. രണ്ട് മണ്ഡികൾക്ക്പുറത്തുള്ള സ്വകാര്യ വ്യാപാരികൾ ഏർപ്പെടുത്തുന്ന രജിസ്ട്രേഷൻ സംബന്ധമായ നിയമനിർമ്മാണങ്ങൾക്ക് സംസ്ഥാനങ്ങൾക്ക് അധികാരം നല്കുക. മൂന്ന്, നിലവിലുള്ള തർക്കപരിഹാര സംവിധാനത്തിനു പുറമെ കാർഷിക നിയമത്തിന്മേൽ ഉയരുന്ന ഏതു തർക്കത്തിലും കർഷകർക്ക് സിവിൽ കോടതികളെ സമീപിക്കാൻ അവസരമുണ്ടാകും. നാല്, പുതുതായി നിലവിൽ വരുന്ന വൈദ്യുതി ബില്ലുകളിൽ നിലവിലുള്ള സബ്സിഡി സംബന്ധമായ ആനുകൂല്യങ്ങൾ ഉറപ്പാക്കും. അഞ്ച്, ദേശീയ തലസ്ഥാനമേഖലയിൽ നിലവിലിരിക്കുന്ന വായൂഗുണമേന്മാ മാനേജ്മെന്റ് ഓർഡിനൻസിന്റെ ഭാഗമായുള്ള വിള അവശിഷ്ടം കത്തിച്ചുകളയലുമായി ബന്ധപ്പെട്ട ശിക്ഷകൾക്ക് ഇളവുകൾ പരിഗണിക്കപ്പെടും.

ഈ വിധത്തിലുള്ള ഉറപ്പുകൾ സ്വാഗതാർഹമാണെന്ന് അംഗീകരിക്കുമ്പോൾ തന്നെ ഇതെല്ലാം കൃത്യമായും സമയബന്ധിതമായും പാലിക്കപ്പെടുമോ എന്ന കാര്യത്തിൽ കർഷക സംഘടനകൾക്ക് കടുത്ത ആശങ്കയാണുള്ളത്. സംയുക്ത കിസാൻ കോ-ഓർഡിനേഷൻ കമ്മിറ്റി എന്ന സംവിധാനത്തിനു കീഴിൽ സമരരംഗത്തുള്ള 500 ൽപരം സംഘടനകൾക്ക് മോഡി സർക്കാരിന്റെ വാഗ്ദാനങ്ങളിൽ വിശ്വാസമില്ലാതായിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. അവരെ മുൾമുനയിൽ നിർത്തുന്നത് മുൻകാല അനുഭവങ്ങളിൽ നിന്നുയർന്നുവന്ന വിശ്വാസ്യതാ കമ്മിയാണ്. കാർഷികോല്പന്നങ്ങൾക്ക് എംഎസ്­പി എന്ന നിലയിൽ ഉല്പാദന ചെലവിനെക്കാൾ 50 ശതമാനം അധികം തുക നല്കമെന്ന 2014 ൽ നല്കിയ വാഗ്ദാനം ഇന്നും ജലരേഖയായി തുടരുന്നു എന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് മോഡി സർക്കാരിന്റെ വാഗ്ദാനങ്ങളിൽ തങ്ങൾക്ക് വിശ്വാസമില്ലെന്ന് സമരസംഘടനകൾ ആവ‍ത്തിച്ച്‍ അഭിപ്രായപ്പെടുന്നത്. മാത്രമല്ല, 1970കൾ മുതൽ കർഷക സമൂഹത്തിന്റെ പൂജാബിംബങ്ങളെന്ന പദവിയിലുണ്ടായിരുന്ന എം എ നഞ്ജുണ്ടസ്വാമി, ശരദ്ജോഷി, മഹേന്ദ്രസിങ് ടിക്കായത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന സമര പ്രസ്ഥാനത്തിന്റെ ഗതിതന്നെ 2020 ലും ആവർത്തിക്കപ്പെടുമെന്ന് അവർ ന്യായമായും സംശയിക്കുന്നു. ഭയപ്പെടുന്നു. 1970 നും 2020നും ഇടയ്ക്കുള്ള മൂന്നു പതിറ്റാണ്ടുകൾക്കിടയിൽ തകർക്കപ്പെട്ടത് കർഷകരുടെ ജീവൽ പ്രതീക്ഷകളായിരുന്നെങ്കിൽ ഇക്കാലമത്രയും വികസനത്തിന്റെയും രാഷ്ട്രീയാധികാരത്തിന്റെയും മുതലെടുപ്പു നടത്തിവന്നിട്ടുള്ളത് വൻകിട കോർപ്പറേറ്റുകളായിരുന്നു എന്നും കർഷക സമൂഹം വ്യക്തമായി തിരിച്ചറിഞ്ഞിരിക്കുന്നു. ഹരിത വിപ്ലവത്തിന്റെ നേട്ടങ്ങൾ കൊയ്തെടുത്തതും കർഷക ജനതയായിരുന്നില്ല. നാടൻ കുത്തകകളും അവയുടെ ആഗോളചങ്ങാതികളുമായിരുന്നു. അതുകൊണ്ടാണവർ ഉച്ചത്തിൽ തന്നെ പ്രഖ്യാപിച്ചിരിക്കുന്നത് തങ്ങളുടെ അടുത്ത ഘട്ടത്തിലെ പോരാട്ടം ഇന്ത്യൻ കോർപ്പറേറ്റ് വമ്പന്മാരായ അംബാനിമാർക്കും അഡാനിമാർക്കും അവരുടെ ആഗോളതലത്തിലെ കുത്തക ഭീമന്മാർക്കുമെതിരായും ആയിരിക്കും എന്ന്. നരേന്ദ്രമോഡി-അഡാനി ബന്ധം വ്യക്തമാക്കി നവജ്യോത്സിങ് സിദ്ദു ഉന്നയിച്ചൊരു സംശയം. മോഡി ഒരു പ്രധാനമന്ത്രിയാണോ അതോ അംബാനി-അഡാനിമാരുടെ ബിസിനസ് ഡെവലപ്മെന്റ് മാനേജരോ എന്നായിരുന്നു. ഇപ്പോൾ അഡാനി ബിസിനസ് ശൃംഖലയുടെ മൊത്തം ആസ്തി 230 ശതമാനം ഉയർന്നിരിക്കുകയുമാണല്ലോ. റിലയൻസിനെ ബഹിഷ്കരിക്കാൻ അവർ തുടക്കമിട്ടുകഴിഞ്ഞിട്ടുമുണ്ട്. ഒപ്പം നിയമപരമായ നടപടികളുടെ ഭാഗമായി രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയെ സമീപിക്കാനും അവർ തീരുമാനം എടുത്തിരിക്കുകയാണ്.

(അവസാനിച്ചു)