ഞാറക്കല്‍ സിഐക്കെതിരെ നടപടിയില്ലെങ്കില്‍ ഡിഐജി ഓഫീസിനുമുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിക്കും: പി രാജു

Web Desk
Posted on July 23, 2019, 6:59 pm

കൊച്ചി: നിയമപരിപാലനത്തില്‍ പക്ഷപാതപരമായി പെരുമാറുകയും ക്രിമിനലകലടക്കമുള്ള ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ അക്രമം കണ്ടിട്ടും കാഴചക്കാരനായി നിന്ന ഞാറക്കല്‍ സി ഐ മുരളിക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഡി ഐ ജി ഓഫീസിനുമുന്നില്‍ അനശ്ചിതകാല സത്യഗ്രഹ സമരം ആരംഭിക്കുമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി പി രാജു വ്യക്തമാക്കി. ഞാറക്കല്‍ സര്‍ക്കാര്‍ ആര്‍ട്‌സ് കോളേജില്‍ സംഘടനാ പ്രവര്‍ത്തനത്തിനിടയില്‍ എ ഐ എസ് എഫ് പ്രവര്‍ത്തകരെ ആക്രമിച്ച എസ് എഫ് ഐക്കാര്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാകാതിരിക്കുകയും പിന്നീട് പരിക്കുപറ്റി ഞാറക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എ ഐ എസ് എഫ് പ്രവര്‍ത്തകരെ കാണാനെത്തിയ ജില്ലാ സെക്രട്ടറിയുടെ വാഹനം ആശുപത്രിയ്ക്കുമുന്നില്‍ ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ പ്രവര്‍ത്തകരും കഞ്ചാവ് മാഫിയയും ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ അക്രമികള്‍ക്കനുകൂലമായി പ്രവര്‍ത്തിച്ച ഞാറയ്ക്കല്‍ സിഐ ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ ഡി എഫ് സംസ്ഥാനത്ത് നടപ്പാക്കുന്ന പോലീസ് നയത്തിന് വിരുദ്ധമായിസി പി എം പ്രവര്‍ത്തകനായ മുരളി തന്റെ പാര്‍ട്ടി നയം നടപ്പാക്കാനാണ് ശ്രമമെങ്കില്‍ അത് അംഗീകരിക്കാന്‍ കഴിയില്ല. പോലീസ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികൂടിയായ മുരളി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാതൃകയാകേണ്ട ഉദ്യോഗസ്ഥനാണ്. എന്നാല്‍ തികച്ചും പക്ഷപാതപരമായിട്ടാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത്. പോലീസ് സേനയില്‍ ഇതുപോലുള്ള പോലീസ് ഉദ്യോഗസ്ഥരുള്ളതുകൊണ്ടാണ് വരാപ്പുഴയും നെടുങ്കണ്ടവും സംഭവങ്ങള്‍ ഉണ്ടാകാന്‍ കാരണം. ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിക്കപ്പെടാന്‍ പാടില്ലെന്നും രാജു പറഞ്ഞു. ഫാസിസം നടപ്പാക്കുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ കലാലയങ്ങളില്‍ ആവശ്യമില്ല. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാര്‍ഥിസംഘടനകള്‍ക്കും കാമ്പസുകളില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം. അത് തടസ്സപ്പെടുത്തുന്നത് മൗലികാവകാശ ലംഘനം കൂടിയാണ്. ഈ ശൈലി തുടര്‍ന്നാല്‍ അധികകാലം മുന്നോട്ട്‌പോകാന്‍ കഴിയില്ലെന്നും രാജു അഭിപ്രായപ്പെട്ടു.ഉദ്ഘാടന പ്രസംഗം കഴിഞ്ഞതോടെയാണ് ബാരിക്കേഡുകള്‍ നിരക്കി സംഘര്‍ഷമുണ്ടാക്കാന്‍ പോലീസ് ശ്രമിച്ചത്. ഇതേതുടര്‍ന്ന്പ്രകോപിതരായ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തിരിച്ചു തള്ളിയതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

നേതാക്കളടക്കമുള്ളവര്‍ക്ക് ഇതില്‍ പരിക്കേറ്റു . പിന്നീട് പ്രവര്‍ത്തകര്‍ കൂട്ടമായി മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചതോടെ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. മുവാറ്റുപുഴ എം എല്‍ എ എല്‍ദോ എബ്രഹാം , ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ കെ എന്‍ സുഗതന്‍,ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ടി സി സന്‍ജിത്ത് ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് വളഞ്ഞിട്ട് ആക്രമിച്ചു. ഇതുതടയാനെത്തിയ ജില്ലാ സെക്രട്ടറി പി രാജുവിന്റെ തലക്കും ഗുരുതരമായി ലാത്തിയടിയില്‍ പരിക്കേറ്റു. അന്‍പതോളം പേര്‍ക്ക് പോലീസ് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. 14 പേര്‍ എറണാകുളം ജനറല്‍ ആശുപത്രീയില്‍ ചികിത്സതേടി. പിന്നീട് സാരമായി പരിക്കേറ്റ ഏഴുപേരെ വിദഗ്ധ ചികിത്സക്കായി വിവിധ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം കെ കെ അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ കെ എന്‍ സുഗതന്‍ സ്വാഗതം പറഞ്ഞു. ഹൈക്കോടതി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് സി പി ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുന്‍ എം എല്‍ എ ബാബുപോള്‍, കമല സദാനന്ദന്‍, എം ടി നിക്‌സണ്‍, എസ് ശ്രീകുമാരി, ടി സി സന്‍ജിത്ത്, കെ എം ദിനകരന്‍, സി വി ശശി, കെ എന്‍ ഗോപി, എന്‍ അരുണ്‍, എം പി രാധാകൃഷ്ണന്‍, കെ കെ സുബ്രമണ്യന്‍, പി നവകുമാരന്‍, കെ ബി അറുമുഖന്‍ തുടങ്ങിയവരും ജില്ലാ കൗണ്‍സില്‍ അംഗങ്ങളും മണ്ഡലം സെക്രട്ടറിമാരും നേതൃത്വം നല്‍കി.