വരും ജന്മത്തിന്റെ തൊട്ടിലിൽ
എനിക്കൊരു ആണായ് പിറക്കണം
വീടിന്റെ നട്ടെല്ലെന്നു വാഴ്ത്തണമെന്നേ
സ്വാതന്ത്ര്യത്തിന്റെ പറുദീസയിൽ
രാപ്പകലില്ലാതെ അഭിരമിക്കണം
ഓരോ ‘മൾബൊറോ’ പഫിനൊപ്പവും
എതിരാളികളില്ലാത്ത
രാജ്യമാണെനിക്ക്
വീടെന്നോർത്ത്
ഉള്ളിൽ ചിരിവിടരണം
‘ഓൾഡ് മങ്ക്‘ന്റെ
ഓരോ സിപ്പും
ആണുന്മാദത്തിന്റെ
സിരകളെ ചൂടുപിടിപ്പിക്കുമ്പോൾ
വേദനകൾ മറന്നൊരു
പുതുലോകം എന്നേ
മാടിവിളിച്ചെന്നു
കളവു പറയണം
മഴത്തണുപ്പിൽ രാത്രികളെ
പകലുകളാക്കുന്ന
മന്ത്രജാലം തിരഞ്ഞു
പ്രണയിനിക്കൊപ്പം
‘റോയൽ എൻഫീൽഡിന്റെ ’
രാജരഥത്തിൽ
കാണാത്ത കടലും
കേറാത്ത മലയും താണ്ടണം
‘ഇടുക്കി ഗോൾഡി‘ന്റെ
ഒരു പുകച്ചുരുളിനോളം
കടുപ്പമേറിയൊരു
കട്ടൻകാപ്പി സുഖമുള്ള
പ്രണയത്തെ
നെഞ്ചിലിട്ട് താലോലിക്കണം
വെറ്റിലച്ചുവപ്പു പോലൊരു
സഖാവായ്
അപചയങ്ങൾക്കു നേരെ
കാറിതുപ്പണം
ആണായാലും അടിതെറ്റിയാൽ
വീഴുമെന്നൊരു
പുതുമൊഴി
ഉരുക്കി വാർക്കണം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.