പ്രത്യേക ലേഖകന്‍

അബുദാബി:

October 29, 2020, 10:48 pm

കു‍ട്ടികളെ പൂട്ടിയിട്ടാല്‍ പിഴ അറുപതുലക്ഷം രൂപ

Janayugom Online

പ്രത്യേക ലേഖകന്‍

യുഎഇയില്‍ ബാലാവകാശനിയമം കര്‍ക്കശമായി നടപ്പാക്കുന്നതിന്റെ ഭാഗമായി കുട്ടികളെ വീടുകളില്‍ അടച്ചുപൂട്ടിയിട്ടാല്‍ ലക്ഷങ്ങള്‍ പിഴ ചുമത്താന്‍ ഉത്തരവായി. കുട്ടികളെ പീഡിപ്പിക്കുന്നതും ഉപേക്ഷിക്കുന്നതും കടുത്ത ക്രിമിനല്‍ കുറ്റമായി. 10 ലക്ഷം രൂപ മുതല്‍ 60 ലക്ഷം രൂപ വരെയാകും പിഴശിക്ഷ. കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ടശേഷം ജോലിക്കുപോകുന്ന മാതാപിതാക്കളുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഈ നടപടി. കുട്ടികളെ നോക്കാന്‍ സമയവും സാഹചര്യവുമുള്ള രക്ഷിതാക്കള്‍ പോലും അവരെ പൂട്ടിയിട്ട ശേഷമാണ് പുറത്തേ‌ക്ക് പോകുന്നത്. ഇത്തരത്തിലുള്ളവര്‍ കുട്ടികളെ കിന്റര്‍ഗാര്‍ട്ടനുകളിലോ ശിശുപരിപാലന കേന്ദ്രങ്ങളിലോ അയയ്ക്കുന്നതിനും വിലക്കുണ്ട്. വ്യക്തമായ കാരണങ്ങള്‍ ഉണ്ടെങ്കിലേ കുട്ടികളെ ശിശുപരിപാലന കേന്ദ്രങ്ങളില്‍ അയയ്ക്കാന്‍ അനുവാദമുള്ളു.

കോവിഡ്കാലത്ത് കുട്ടികള്‍ക്കെതിരായ ശാരീരിക, മാനസികപീഡനങ്ങളും വിവേചനവും പെരുകുന്ന സാഹചര്യത്തിലാണ് ഈ നിര്‍ണായക ഉത്തരവെന്ന് ദുബായ് അല്‍കബ്ബാന്‍ അഡ്വക്കേറ്റ്സിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും യുവകലാസാഹിതിയുടെ യുഎഇയിലെ പ്രമുഖനുമായ അഡ്വ. ഷംസുദീന്‍ കരുനാഗപ്പള്ളി വ്യക്തമാക്കി. കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് മക്കളെ ഉപേക്ഷിക്കുന്നവര്‍ക്ക് തടവുശിക്ഷ നല്കാനും ഉത്തരവില്‍ വ്യവസ്ഥയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുടുംബപ്രശ്നങ്ങളില്‍ അകപ്പെട്ടുപോകുന്ന ഹതഭാഗ്യരായ കുട്ടികളുടെ പ്രശ്നങ്ങള്‍ പ്രത്യേക കോടതി പരിഗണിക്കുന്നത് ബാലാവകാശ സംരക്ഷണ നിയമമനുസരിച്ചാണ്. കുട്ടികളെ ഏതുവിധത്തില്‍ പീഡിപ്പിച്ചാലും അത് വന്‍പിഴയ്ക്ക് പുറമേ തടവുശിക്ഷ ലഭിക്കുന്ന ഗുരുതരമായ ക്രിമിനല്‍ കുറ്റമായും പരിഗണിക്കും. മര്‍ദ്ദനത്തിനും പീഡനത്തിനും ഇരയാവുന്ന കുട്ടികളെ ശിശുസംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി വളര്‍ത്തിയെടുക്കാനുള്ള പദ്ധതിയും ഉത്തരവില്‍ വിഭാവനചെയ്യുന്നുണ്ടെന്നും അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി അറിയിച്ചു.

ENGLISH SUMMARY: If the chil­dren are locked up the fine is Rs 60 lakh

YOU MAY ALSO LIKE THIS VIDEO