മടിയില്‍ കനമില്ലെങ്കില്‍ സധൈര്യം നേരിടണം

Web Desk
Posted on August 21, 2019, 11:21 pm

ഗുജറാത്തിലെ കുപ്രസിദ്ധനായ ഗുണ്ടയായിരുന്നു ഷൊറാബ്ദീന്‍. ഇയാളുടെ ശല്യം സഹിക്കവയ്യാതെ അവിടത്തെ രണ്ടു മാര്‍ബിള്‍ വ്യാപാരികള്‍ അഭയം പ്രാപിച്ചത് അമിത്ഷായെന്ന ഗുജറാത്തിന്റെ ആഭ്യന്തര മന്ത്രിക്കരികിലാണ്. മുഖ്യമന്ത്രിയായിരുന്ന മോഡിയുടെ വലംകൈ ആയ അമിത്ഷായുടെ ബുദ്ധിയില്‍ പൊലീസ് ഷൊറാബ്ദീനെ മന:പൂര്‍വം ഒരു കുറ്റകൃത്യത്തില്‍ കുടുക്കി അറസ്റ്റുചെയ്തു. ശേഷം ഒഴിഞ്ഞ ഒരു ഫാം ഹൗസില്‍ കൊണ്ടുപോയി മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് പൊലീസ് തന്നെ കൊലപ്പെടുത്തി. പുറം ലോകം അറിഞ്ഞത് നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ ലഷ്‌കര്‍-ഇ‑ത്വയ്യിബ പ്രവര്‍ത്തകനായിരുന്നു ഷൊറാബ്ദീന്‍ എന്നും പൊലീസുമായുള്ള ഏറ്റുമുട്ടലിലാണു കൊല്ലപ്പെട്ടതെന്നുമായിരുന്നു.

സംഭവം രാജ്യത്തുണ്ടാക്കിയ കോലാഹലം ചില്ലറയല്ല. ഷൊറാബ്ദീന്‍ കേസുമായി ബന്ധപ്പെട്ട് 2010 ജൂലൈ 25 ന് അമിത്ഷായെ സിബിഐ അറസ്റ്റുചെയ്തു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയായിരുന്നു ഷായ്‌ക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍. രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ച ഈ അറസ്റ്റോടെ ഗുജറാത്തിന്റെ മുഖ്യമന്ത്രി പദവിപോലും അമിത്ഷായ്ക്ക് നഷ്ടമായി. ഈ സംഭവത്തോടെ മോഡിയല്ലാതെ മറ്റു നേതാക്കളാരും അമിത്ഷായുമായി അക്കാലത്ത് അടുപ്പവും കാണിച്ചില്ല. സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പ് മന്ത്രിപദത്തിലിരുന്ന് ഒരു മനുഷ്യജീവനെ ഇല്ലാതാക്കാനുള്ള ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ചു എന്നത് സ്വന്തം പാര്‍ട്ടിക്കാരെപോലും അമ്പരപ്പിക്കുകയായിരുന്നു. 2010 ഒക്ടോബര്‍ 29 നു, അറസ്റ്റ് ചെയ്ത് മൂന്നു മാസങ്ങള്‍ക്കുശേഷം ഗുജറാത്ത് ഹൈക്കോടതി ഷായ്ക്ക് ജാമ്യം അനുവദിച്ചു. എന്നാല്‍ പിറ്റേന്നു മുതല്‍ മറ്റൊരു ഉത്തരവിലൂടെ, ഷാ ഗുജറാത്ത് സംസ്ഥാനത്തു പ്രവേശിക്കുന്നത് കോടതി തടയുകയും ചെയ്തു. 2010 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍ ഷാ തന്റെ കുടുംബവുമൊന്നിച്ച് ഡല്‍ഹിയിലായിരുന്നു താമസം. 2012 ലാണ് ഗുജറാത്തില്‍ പ്രവേശിക്കാന്‍ ഷായ്ക്ക് സുപ്രീം കോടതി അനുമതി നല്‍കിയത്. അമിത്ഷായെ ഇരുമ്പഴിക്കുള്ളിലാക്കുന്നതില്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പങ്ക് ചെറുതായിരുന്നില്ല.
വര്‍ഷങ്ങള്‍ പിന്നിട്ടു, ഇന്ന് അതേ അമിത്ഷാ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയാണ്. ആ പദവിയിലിരുന്ന് അന്ന് അമിത്ഷായെ തുറുങ്കിലടപ്പിച്ച കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ ഇന്നത്തെ അവസ്ഥ മുന്‍ വിവരിച്ച സംഭവങ്ങളുമായെല്ലാം ചേര്‍ത്ത് വായിക്കാം.

ഐഎന്‍എക്സ് മീഡിയ മാധ്യമ കമ്പനിക്ക് 2007‑ല്‍ വിദേശഫണ്ട് ഇനത്തില്‍ 305 കോടി രൂപ ലഭിച്ചിരുന്നു. ഈ ഇടപാട് നടക്കുന്ന സമയത്ത് ആദ്യ യുപിഎ സര്‍ക്കാരിന്റെ ധനമന്ത്രിയായിരുന്നു ചിദംബരം. ഐഎന്‍എക്സ് മീഡിയയ്ക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്ന് ആരോപിച്ച് പരാതിയും കേസും ഫയല്‍ ചെയ്യപ്പെട്ടു. യുപിഎ സര്‍ക്കാരിന്റെ കാലത്തുതന്നെയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. ഇതില്‍ ചിദംബരത്തെ പല തവണ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും(ഇഡി) സിബിഐയും ചോദ്യം ചെയ്തു. ധനമന്ത്രിയായിരിക്കെ ചിദംബരം വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചായിരുന്നു ഇത്. ചിദംബരത്തെ അന്നൊന്നും സിബിഐ കേസില്‍ പ്രതിയാക്കിയിരുന്നില്ല. എന്നാല്‍ മകന്‍ കാര്‍ത്തി ചിദംബരത്തെ ഇഡി ചോദ്യം ചെയ്തു. പിന്നീട് ഇന്ത്യയിലും വിദേശത്തുമായി കാര്‍ത്തിയുടെ 54 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടി അറസ്റ്റും രേഖപ്പെടുത്തി.

കശ്മീരിന്റെ തിരക്കുകളെല്ലാം തീര്‍ത്താണ് കേന്ദ്രസര്‍ക്കാര്‍ ചിദംബര വിഷയം കൈകാര്യം ചെയ്യുന്നതിന് എടുത്തിട്ടുള്ളത്. ഒരുപക്ഷെ, കശ്മീര്‍ വിഷയത്തില്‍ നിന്ന് രാജ്യത്തിന്റെ ശ്രദ്ധയാകെ മാറ്റിയെടുക്കാനും ഇത് കേന്ദ്രസര്‍ക്കാരിന് ഉപകരിക്കുന്നുമുണ്ട്. ചിദംബരത്തിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന ന്യായാധിപന്‍ തള്ളിയതോടെയാണ് വാര്‍ത്തകള്‍ മാറിമറിഞ്ഞത്. ഐഎന്‍എക്സ് മീഡിയ കേസില്‍ കാര്യക്ഷമമായി അന്വേഷണം നടത്താന്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് സുനില്‍ ഗൗറിന്റെ നിരീക്ഷണം. ഇന്നലെ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനക്കെടുക്കും മുമ്പേ സിബിഐ ചിദംബരത്തിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത് ദുരൂഹമായി. ഒപ്പം സുപ്രീം കോടതിയില്‍ ചിദംബരത്തിനെതിരെ തടസ ഹര്‍ജിയും സിബിഐ നല്‍കി. കഴിഞ്ഞ രാത്രി മൂന്ന് തവണയായി സിബിഐ സംഘം ചിദംബരത്തിന്റെ ജോര്‍ബാഗിലുള്ള വീട്ടിലെത്തിയെങ്കിലും വാതില്‍ തുറക്കപ്പെട്ടില്ല. ഒടുവില്‍ രാത്രി മതില്‍ ചാടിക്കടന്ന് ചിദംബരത്തെ അറസ്റ്റുചെയ്തിരിക്കുകയാണ് സിബിഐ സംഘം.

സമാനതകളില്ലാത്ത സംഭവങ്ങളാണ് കോണ്‍ഗ്രസ് ആസ്ഥാനത്തും ചിദംബരത്തിന്റെ വസതിയിലും രാത്രി അരങ്ങേറിയത്. അമിത്ഷായും നരേന്ദ്രമോഡിയും രാഷ്ട്രീയ പകപോക്കലിനായാണ് ചിദംബരത്തെ ദ്രോഹിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നത്. തനിക്കോ കുടുംബത്തിനോ കേസില്‍ ബന്ധമില്ലെന്ന് ചിദംബരവും പറയുന്നു. മടിയില്‍ കനമില്ലെങ്കില്‍ അന്വേഷണത്തെ സധൈര്യം നേരിടാന്‍ ചങ്കുറപ്പുകാണിക്കണം.