Web Desk

August 01, 2020, 1:00 am

നഷ്ടപരിഹാരമില്ലെങ്കിൽ കേന്ദ്രം കൂടുതൽ സഹായം നല്കണം

Janayugom Online

കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളെല്ലാം വൻ സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യത്തിൽ എന്തെങ്കിലും സഹായങ്ങൾ പ്രതീക്ഷിക്കുന്നത് കേന്ദ്രസർക്കാരിൽ നിന്നാണ്. എന്നാൽ അർഹതപ്പെട്ട സാമ്പത്തിക വിഹിതംപോലും നല്കാനാവില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കു പകരം കോവിഡിന്റെ പേരിൽ പിഎം കെയേഴ്സ് എന്ന പേരിൽ പ്രത്യേക സംവിധാനമുണ്ടാക്കി വൻതുക വിവിധ കോണുകളിൽനിന്ന് സമാഹരിക്കുന്നുണ്ടെങ്കിലും അതിൽനിന്ന് സംസ്ഥാനങ്ങൾക്ക് സഹായം നല്കുന്നതിന് ഇതുവരെ തയ്യാറായിട്ടില്ല. ദുരന്ത നിവാരണ ഫണ്ട് പ്രത്യേകമായുള്ളതിൽ നിന്നും സഹായം നല്കുന്നില്ല.

അതിന് പുറമേയാണ് ചരക്കു സേവന നികുതിയിനത്തിൽ ലഭിക്കേണ്ട നഷ്ടപരിഹാര തുക നല്കില്ലെന്ന പുതിയ തീരുമാനം. ഇത് ഔദ്യോഗികമായി സംസ്ഥാനങ്ങളെ അറിയിച്ചിട്ടില്ല. പക്ഷേ കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരങ്ങൾ ആ ദിശക്കാണ് കാര്യങ്ങളെന്നാണ് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച ചേർന്ന പാർലമെന്റിന്റെ ധനകാര്യ സ്ഥിരംസമിതി യോഗത്തിൽ ധനവകുപ്പ് അധികൃതർ ഇക്കാര്യം അറിയിച്ചെന്നാണ് വിവരം. ഓരോ പാദത്തിലും നിശ്ചയിച്ച നഷ്ടപരിഹാരം ചരക്കുസേവന മാനദണ്ഡങ്ങൾ അനുസരിച്ച് സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ടതുണ്ട്. അത് നല്കാതിരിക്കുന്നതിന് ചട്ടങ്ങൾ ഭേദഗതി വരുത്തുന്നതിനാണ് നീക്കം. ഇത് യോഗത്തിൽ ധനവകുപ്പ് സെക്രട്ടറി തന്നെ വ്യക്തമാക്കുകയുണ്ടായി. അതിനടുത്ത ദിവസം അറ്റോണി ജനറലി(എജി)ൽ നിന്ന് ധനവകുപ്പ് നിയമോപദേശം തേടിയെന്ന വിവരവും പുറത്തുവന്നു. നഷ്ടപരിഹാരത്തിന് പകരം കൂടുതൽ കടമെടുപ്പിന് സംസ്ഥാനങ്ങളെ അനുവദിക്കണമെന്നായിരുന്നു ധനവകുപ്പിന് ലഭിച്ചിരിക്കുന്ന ഉപദേശം. ജിഎസ്‌ടി വരുമാനത്തിലെ കുറവ് നികത്താൻ സംസ്ഥാനങ്ങൾക്ക് പണം നൽകണമെന്ന നിയമപരമായ ബാധ്യതയില്ലെന്നാണ് എജി പറഞ്ഞിരിക്കുന്നത്. സംസ്ഥാനങ്ങൾ തങ്ങളുടെ ഉത്തരവാദിത്തത്തിൽ വായ്പ എടുക്കണം. ഇതിന് കേന്ദ്ര സർക്കാർ ഈട് നിൽക്കുകയുമില്ല.

ജിഎസ്‌ടി നടപ്പാക്കിയതിനെ തുടർന്ന് സംസ്ഥാനങ്ങൾക്കുണ്ടാകുന്ന റവന്യൂ നഷ്ടം രണ്ട് മാസത്തിലൊരിക്കൽ ആദ്യ അഞ്ച് വർഷം നൽകുമെന്നാണ് ചട്ടങ്ങൾ പറയുന്നത്. എന്നാൽ ഇതിന് ബാധ്യതയില്ലെന്ന ഉപദേശമാണ് എജി നല്കിയിരിക്കുന്നത്. സംസ്ഥാനങ്ങളുടെ വിഹിതം നല്കുന്നതിന് ചില ഉപായങ്ങളാണ് കേന്ദ്രം തേടുന്നത്. കൂടുതൽ സാധനങ്ങളെ നികുതി വലയിൽ കൊണ്ടുവരിക, നിലവിലുള്ള നിരക്കുകളിൽ വർധന വരുത്തുക, കമ്പോളത്തിൽ നിന്ന് കൂടുതൽ വായ്പയെടുക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നല്കുക എന്നിവയിലൊന്ന് സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിൽ ഏതായാലും സംസ്ഥാനങ്ങൾ കൂടുതൽ കടക്കെണിയിലാവുമെന്നതായിരിക്കും അനന്തരഫലം. മാർച്ച് മാസം അവസാന ആഴ്ച പ്രഖ്യാപിച്ച ലോക്ഡൗൺ രാജ്യത്തെയാകെ സ്തംഭിപ്പിച്ചിരുന്നു. ഇതിന്റെ ഫലമായി ഉണ്ടായ വരുമാന നഷ്ടം ഏറ്റവുമധികം ബാധിച്ചത് സംസ്ഥാനങ്ങളെയാണ്. എന്നാൽ എന്തെങ്കിലും സഹായം സംസ്ഥാനങ്ങൾക്ക് നല്കുന്നതിന് കേന്ദ്രം തയ്യാറായില്ല. ധനസഹായം നല്കുന്നില്ലെങ്കിൽ വായ്പാ പരിധി ഉയർത്തണമെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. നിരന്തര സമ്മർദത്തെതുടർന്ന് സാമ്പത്തിക സഹായം നല്കുന്നതിന് പകരം കൂടുതൽ വായ്പയെടുക്കാനുള്ള അനുമതി നല്കി. നിത്യനിദാന ചെലവുകൾപോലും നിർവഹിക്കാനാവാതെ കഷ്ടപ്പെടുന്ന സംസ്ഥാനങ്ങൾ വായ്പയെടുത്തതിനെ തുടർന്ന് വൻ ബാധ്യതയിൽപ്പെട്ടിരിക്കുകയാണ്. മുൻവർഷത്തെ അപേക്ഷിച്ച് 76 ശതമാനം കൂടുതൽ വായ്പാ തുകയാണ് സംസ്ഥാനങ്ങൾ സമാഹരിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളുടെ വിപണി വായ്പ 1.93 ലക്ഷം കോടി രൂപയായി ഉയർന്നിരിക്കുകയാണ് ഇപ്പോൾ. വാർഷികാടിസ്ഥാനത്തിൽ 14 ശതമാനത്തിലായിരുന്ന വർധനയാണ് നടപ്പുവർഷത്തിന്റെ ആദ്യപാദത്തിൽതന്നെ ഇത്രയും ഉയർന്നിരിക്കുന്നത്. ഈയൊരു പശ്ചാത്തലമുള്ളപ്പോഴാണ് അർഹതപ്പെട്ട വിഹിതം നല്കാനാവില്ലെന്നും കൂടുതൽ കടമെടുത്തോളൂ എന്നുമുള്ള കേന്ദ്രത്തിന്റെ നിലപാട്. ഇപ്പോൾ കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്ന മൂന്ന് ഉപായങ്ങളും ഉപഭോക്തൃസംസ്ഥാനമായ കേരളത്തെ ദോഷകരമായാണ് ബാധിക്കുക. നികുതി വർധിപ്പിച്ചാലും കൂടുതൽ സാധനങ്ങൾ നികുതി വലയിലേയ്ക്ക് കൊണ്ടുവന്നാലും വായ്പ കൂടുതലായെടുക്കാൻ അനുമതി ലഭിച്ചാലും എല്ലാം ദോഷകരമായിരിക്കും. നികുതി വർധിപ്പിച്ചാൽ ഇപ്പോൾ തന്നെ നേരിടുന്ന വിലക്കയറ്റം കൂടുതൽ രൂക്ഷമാകും. കൂടുതൽ വസ്തുക്കൾ നികുതി വലയിലേക്ക് കൊണ്ടുവന്നാലും വിലക്കയറ്റം തന്നെയായിരിക്കും ഫലം. വായ്പ കൂടുതലെടുത്താൽ അത് ദീർഘകാല ബാധ്യതയും സാമ്പത്തിക ദുരന്തമായി മാറുകയും ചെയ്യും. സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രത്തിനുമുണ്ട്. അതുകൊണ്ട് ലഭ്യമായ നികുതി വരുമാനത്തിൽ നിന്ന് ഒരു വിഹിതം സംസ്ഥാനങ്ങൾക്ക് നല്കുന്നതിന് കേന്ദ്രം സന്നദ്ധമാകണം. അതിന് പുറമേ കോവിഡ് എന്ന വലിയ ദുരന്തത്തിനെതിരെ നേർക്കുനേർ നിന്ന് പോരാടുന്നത് സംസ്ഥാനങ്ങളാണെന്നതിനാൽ പ്രത്യേക ധനസഹായം നല്കുന്നതിനുള്ള ബാധ്യതയും കേന്ദ്രം നിറവേറ്റണം. കയ്യിൽ കിട്ടിയിരിക്കുന്ന സംഭാവനകൾ കെട്ടിപ്പിടിച്ച് ഇരിക്കാനുള്ളതല്ല. അത് ദുരന്ത ബാധിതരെ സഹായിക്കാനുള്ളതാണ്.