പ്രളയാനന്തര കേരളത്തിന്‍റെ കരുത്ത് യുവാക്കളുടെ കൂട്ടായ്മ : മുഖ്യമന്ത്രി

Thursday 13 December 2018 8:11 PM

തിരുവനന്തപുരം ; പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് ചലച്ചിത്രമേളയിലെ കൂട്ടായ്മ പ്രചോദനമാകുമെന്ന് മുഖ്യമന്ത്രി. പ്രളയകാലത്തെപ്പോലെ ചലച്ചിത്രമേളയുടെ നടത്തിപ്പിന്‍റെ വിവിധ മേഖലകളില്‍ സജീവമായ സന്നദ്ധപ്രവര്‍ത്തനം നടത്താന്‍ യുവാക്കള്‍ തയ്യാറായി. ഹര്‍ത്താല്‍ ദിനത്തില്‍ സൗജന്യഭക്ഷണം നല്‍കാനും യുവാക്കളുടെ കൂട്ടായ്മയ്ക്ക് സാധിച്ചു. ഈ യുവതലമുറയിലാണ് പ്രളയാനന്തര കേരളത്തിന്‍റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയിലെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു മുഖ്യമന്ത്രി.
മേളയുടെ സിഗ്നേച്ചര്‍ ചിത്രത്തില്‍ ആവിഷ്‌കരിച്ചതുപോലെ കോര്‍ത്തുപിടിച്ച കൈകളുമായാണ് ഈ മേള വിജയകരമാക്കാന്‍ സര്‍വ്വരും പ്രയത്‌നിച്ചത്. മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കാനും ജാതിയുടേയും മതത്തിന്റേയും സങ്കുചിതത്വത്തിനെതിരെ ചിന്തിക്കാനുമുള്ള സന്ദേശം പങ്കുവയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരുവശത്ത് വര്‍ഗ്ഗീയശക്തികള്‍ കേരളത്തെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് നയിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇതുപോലുള്ള മേളകള്‍ പുരോഗമന ചിന്താഗതിക്കാര്‍ക്ക് പ്രചോദനമാണ്. നമ്മെ ചൂഴ്ന്നുകൊണ്ടിരിക്കുന്ന ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് കടക്കാന്‍ കരുത്തുപകരുന്നതാണ് ഈ കാഴ്ചകള്‍. അതുകൊണ്ടുതന്നെ ഇത്തരം മേളകള്‍ ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ മേളയിലെ പുരസ്‌കാരങ്ങളും മുഖ്യമന്ത്രി സമ്മാനിച്ചു.
ഏതു പ്രതിസന്ധിയേയും മാനവികതയുടെ ഐക്യം കൊണ്ട് നേരിടാനാകുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. മാധ്യമ പുരസ്‌കാരങ്ങള്‍ മന്ത്രി സമ്മാനിച്ചു. മന്ത്രി വി എസ് സുനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു.