ഫോക്സ് ട്രോട്ട് ; യുദ്ധദു:ഖങ്ങളുടെ കഥ

Web Desk
Posted on December 11, 2018, 6:27 pm

ഹരി കുറിശേരി 

കോളിംങ് ബെല്‍ കേട്ട് വാതില്‍തുറക്കുന്ന അവള്‍ ആഗതരെ കണ്ട് തളര്‍ന്നുവീണു. ആരാണ് വന്നതെന്ന് നോക്കാന്‍ എഴുന്നേറ്റുവന്ന ഭര്‍ത്താവും പ്രതിമപോലെ നില്‍ക്കുന്നു. വന്നത് പട്ടാള ഉദ്യോഗസ്ഥരാണ്. അവരുടെ മകന്‍ യുദ്ധമുന്നണിയിലായിരുന്നു.

ഇത്രക്ക് ഹൃദയസ്പര്‍ശിയായ ഒരു ഓപ്പണിംങ് ഷോട്ട് സമീപകാലത്തു കണ്ടിട്ടില്ലെന്ന് ഒരു ചലചിത്ര നിരീക്ഷകന്‍ പറഞ്ഞതില്‍ അതിശയോക്തിയില്ല. സകലയുദ്ധദുഖങ്ങളും യുദ്ധകുറ്റങ്ങളും നേരിട്ടല്ലാതെ അവതരിപ്പിക്കുന്ന സിനിമയാണ് ‘ഫോക്‌സ് ട്രോട്ട് ’ എന്ന ഇസ്രയേലി സിനിമ.സാമുവേല്‍ മാവോസിന്റെ സിനിമവെനീസ്,ഏതന്‍സ് ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റുകളില്‍ തിരഞ്ഞെടുത്തിട്ടുണ്ട്.

ഒരു സ്‌ഫോടനം പോലും കേള്‍ക്കാതെ യുദ്ധതീവ്രത പ്രേക്ഷകന്‍ ഉടനീളം അനുഭവിക്കുന്നുണ്ട്. ടെല്‍ അവീവിലെ ദമ്പതികളായ മിഖയേല്‍ ഫെല്‍ഡ്മാനും ദഫ്‌നയും നേരിടുന്ന മനോസംഘര്‍ഷങ്ങളാണ് കഥ. ഇവരുടെ മകന്‍ ജോനാഥന്‍ യുദ്ധമുന്നണിയില്‍ മരിച്ചതായി ഇസ്രയേലി പട്ടാള അധികൃതര്‍ അറിയിക്കുന്നു. സംസ്‌കാരത്തിനുള്ള ചടങ്ങുകള്‍ വരെ പ്‌ളാന്‍ചെയ്യുന്ന അവര്‍ എന്നാല്‍ ശരീരം മാതാപിതാക്കളെ കാണിക്കില്ലെന്നും പറയുന്നു. കാരണം കാണിക്കാന്‍ ഒരു ശരീരം ലഭിച്ചിട്ടില്ല. തീവ്രമായ മാനസികാഘാതത്തില്‍ കുഴങ്ങുന്ന അവരോട് വീണ്ടുമെത്തുന്ന ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത് മകന്‍ മരിച്ചിട്ടില്ലെന്നും അത് മറ്റൊരു ജോനാഥനാണെന്നുമാണ്.  ആ വാക്കു വിശ്വസിക്കാന്‍ ദഫ്‌ന തയ്യാറായി മകന്‍ ജീവിച്ചിരിപ്പുണ്ട് എന്ന ഒറ്റവാക്കില്‍ അവള്‍ പഴയജീവിതത്തിലേക്ക് തിരിച്ചുവരുന്നു. എന്നാല്‍ ദുഖത്തിന്റെ കൊടുംചുഴലിയില്‍പ്പെട്ട  മിഖായേല്‍ അതിന്   തയ്യാറാകുന്നില്ല. തന്റെ മകനെ നേരില്‍കൊണ്ടുവന്നു കാണിച്ചു തെളിവു തരാനാണ് അയാള്‍ ആവശ്യപ്പെടുന്നത്. മകന്‍ എവിടെയാണെന്നുപോലും പറഞ്ഞുതരാനാകാത്ത അധികൃതരോട് അയാള്‍ കലഹിക്കുന്നു. തന്റെ പട്ടാള ബന്ധമുപയോഗിച്ച് ഒരു സൃഹൃത്തുവഴി ഉന്നത സൈനിക ഉദ്യോഗസ്ഥനോട് മിഖായേല്‍ സ്വന്തവഴിക്ക് മകനെ അന്വേഷിക്കുകയാണ്.

ഇതിനിടെ അതിരും അവസാനവുമില്ലാത്ത മരുഭൂമിയുടെ ഏതോ ഒരിടത്ത് പട്ടാളപിക്കറ്റില്‍ കാവലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജോനാഥനടുത്തേക്ക് നാം പോവുകയാണ്. പരിമിത സൗകര്യങ്ങളില്‍ ലോകവുമായി ഒരു ബന്ധവുമില്ലാതെ അയാള്‍ ആര്‍ക്കോവേണ്ടി മനുഷ്യരുടെ വാഹനങ്ങള്‍ പരിശോധിക്കുകയും ഒട്ടകങ്ങള്‍ക്ക് പരിശോധനയില്ലാതെ പിക്കറ്റ് തുറക്കുകയും ചെയ്യുന്നു. വരുന്നവര്‍ തീവ്രവാദികളോ സാധാരണ ജനങ്ങളോ എന്നറിയില്ല. പട്ടാളത്തിന്റെ പരിശോധന അവരെയും വിഷമത്തിലാക്കുകയാണ്. അവര്‍ താമസിക്കുന്നയിടം ഏതുനിമിഷവും മണ്ണിലാഴ്ന്നുപോയേക്കാമെന്ന പ്രശ്‌നവുമുണ്ട്. അതിനിടെ ഒരു പരിശോധനക്കിടെ കാര്‍ ഡോര്‍ തുറക്കുമ്പോള്‍ പുറത്തേക്കുവീഴുന്ന സോഫ്റ്റ്ഡ്രിങ്ക് കാന്‍ ഗ്രനേഡാണെന്നുതോന്നി ജോനാഥന്‍ അലറിവിളിക്കുന്നു. പട്ടാളത്തോക്കുകള്‍ ഗര്‍ജ്ജിച്ചു. കാറും അതിലെ മനുഷ്യജീവികളും ഛിന്നഭിന്നമായി.മേലധികാരികളു
ടെ നിര്‍ദ്ദേശത്തോടെ കാര്‍ സഹിതം അവരെ കുഴിച്ചുമൂടി. ദുഖിതരായ പട്ടാളക്കാരോട് മേലധികാരി പറയുന്നു ഇത് സാധാരണമാണ്. അതിനിടെ അയാള്‍ക്ക് വരുന്ന സന്ദേശത്തില്‍ അയാള്‍ പറയുന്നു ജോനാഥന്‍ ആരാണ് അയാളെ വീട്ടിലേക്കു മടക്കിവിടുക. പിതാവിന്റെ സ്വാധീനത്തിലാണ് തനിക്ക് അവധി ലഭിച്ചതെന്നറിയാതെ താന്‍ ശിക്ഷിക്കപ്പെടുകയാണെന്നധാരണയില്‍ നാട്ടിലേക്കു മടങ്ങുകയാണ് ജൊനാഥന്‍.
മകന്‍ മരിച്ചുവോ ജീവിച്ചിരിപ്പുണ്ടോ എന്ന് വ്യക്തതയില്ലാത്ത അവസ്ഥയില്‍ കഴിയുന്ന മിഖയേലും ദഫ്‌നയും തങ്ങളുടെ അവസാനിപ്പിച്ച ദുശീലങ്ങളിലേക്ക് തിരിച്ചുപോവുകയും പരസ്പരം ആശ്വസിക്കുകയും ചെയ്യുകയാണ്.

ജോനാഥനെത്തുമെന്ന്  പ്രതീക്ഷിക്കുന്നു എന്നാല്‍ മടക്കയാത്രയില്‍ മരുഭൂവിലെ പര്‍വതപ്രദേശത്ത് ഒട്ടകത്തെത്തട്ടി നിയന്ത്രണംവിട്ട വാഹനം ഗര്‍ത്തത്തിലേക്കുപതിച്ച് ജൊനാഥന്റെ യാത്ര അവസാനിക്കുന്നു. തുടക്കം പോലെ ഒടുക്കവും ഞെട്ടിച്ചുതന്നെ സിനിമപിന്‍വാങ്ങുകയാണ്.
ഡ്ബ്‌ളിയു ഡ്ബ്‌ളിയു ജേക്കബ്‌സിന്റെ ‘മങ്കീസ് പാ’ എന്നൊരു നാടകം 1902 മുതല്‍ ഇന്നോളം പ്രേക്ഷകരെ ആട്ടി ഉലയ്ക്കുന്നുണ്ട്. ദമ്പതികള്‍ മകനെച്ചൊല്ലി അനുഭവിക്കുന്ന വേദനയുടെ തീവ്രാവതരണത്തില്‍ മങ്കീസ് പാ ആണ് ഫോക്‌സ് ട്രോട്ട് ഓര്‍മ്മിപ്പിക്കുന്നത്. ലയോര്‍ ആഷ്‌കനാസിയുടെ മിഖയേലുംസാറ അഡ്‌ലറുടെ ദഫ്‌നയും മികച്ച അഭിനയമുഹൂര്‍ത്തങ്ങളാണ് പകരുന്നത്. സിനിമാട്ടോഗ്രഫി ശ്രദ്ധേയമാണ്. ഏഷ്യാപസഫിക് സ്‌ക്രീന്‍ അവാര്‍ഡും യൂറോപ്യന്‍ഫിലിം അവാര്‍ഡും നേടിയിട്ടുണ്ട്.