രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ ഏഴു മുതല്‍ 13 വരെ

Web Desk
Posted on October 10, 2018, 2:30 pm
തിരുവനന്തപുരം : 23-ാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ ഏഴു മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി എ കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കിയാണ് ഏഴ് ദിവസത്തെ മേള സംഘടിപ്പിക്കുക. പൊതുഖജനാവില്‍ നിന്ന് പണം എടുക്കാനില്ലാത്തതിനാല്‍ ഡെലിഗേറ്റ് ഫീസ് ഉയര്‍ത്തിയും സ്‌പോണ്‍സര്‍ഷിപ്പ് വഴിയുമാണ് മേള നടത്തിപ്പിനുളള ഫണ്ട് സ്വരൂപിക്കുക. കഴിഞ്ഞ തവണ 6 കോടി 35 ലക്ഷം രൂപയായിരുന്ന ചെലവ്. ഇത്തവണ മൂന്നരക്കോടി രൂപയായി ചുരുക്കി. ഡെലിഗേറ്റ് ഫീസ് 2000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പകുതി നിരക്കിലായിരിക്കും പാസ് അനുവദിക്കുക. സൗജന്യ പാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. 12000 പാസുകള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഫെസ്റ്റിവെല്ലിന്റെ സംഘാടക സമിതി യോഗം ഒക്ടോബര്‍ 11 ന് വൈകിട്ട് 5 ന് പാളയം ചന്ദ്രശേഖര്‍ നായര്‍ സ്‌റ്റേഡിയത്തിലെ ഒളിമ്പിയ ഹാളില്‍ ചേരുമെന്നും മന്ത്രി അറിയിച്ചു.
മുന്‍വര്‍ഷങ്ങളിലേതുപോലെ മേളയിലെ മല്‍സരവിഭാഗം ഉള്‍പ്പെടെയുള്ള എല്ലാവിഭാഗങ്ങളും ഇത്തവണയും ഉണ്ടായിരിക്കും. അന്താരാഷ്ട്ര മല്‍സര വിഭാഗത്തില്‍ 14 സിനിമകളാണ് ഉണ്ടാവുക. നവാഗതരുടെ ആറ് സിനിമകള്‍ ഉള്‍പ്പെടെ ആകെ 14 മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ രണ്ടു ചിത്രങ്ങള്‍ മല്‍സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കും. ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഒമ്പത് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും, ഇതില്‍ രണ്ടെണ്ണം മല്‍സരവിഭാഗത്തിലായിരിക്കും. സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഇത്തവണ ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ കോംപറ്റീഷന്‍, ഫിപസി, നെറ്റ്പാക് അവാര്‍ഡുകള്‍ ഉണ്ടായിരിക്കും. ഇന്റര്‍നാഷനല്‍ ജൂറി ദക്ഷിണേഷ്യയില്‍ നിന്നായി പരിമിതപ്പെടുത്തും. മേള നടക്കുന്ന ദിവസങ്ങളില്‍ മുഖ്യവേദിയില്‍ വൈകുന്നരങ്ങളില്‍ നടത്താറുള്ള കലാസാംസ്‌കാരിക പരിപാടികള്‍, ശില്‍പ്പശാല, എക്‌സിബിഷന്‍, മാസ്റ്റര്‍ ക്ലാസ്, പാനല്‍ ഡിസ്‌കഷന്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഓപ്പണ്‍ ഫോറം തുടരും.
പ്രളയക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നിശാഗന്ധിയില്‍ ഉദ്ഘാടനച്ചടങ്ങ് ലളിതമായി നടത്തും. ഉദ്ഘാടനചിതം പ്രദര്‍ശിപ്പിക്കും. ലളിതമായ രീതിയില്‍ നടത്തുന്ന സമാപനച്ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണംചെയ്യും. അവാര്‍ഡ് ലഭിച്ച ചിത്രം പ്രദര്‍ശിപ്പിക്കും.സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കുകയാണെങ്കില്‍ മാത്രം അലങ്കാരങ്ങള്‍, പരസ്യ ഹോര്‍ഡിംഗുകള്‍, പന്തലുകള്‍ എന്നിവ സ്ഥാപിക്കും. സ്‌പോണ്‍സര്‍ഷിപ്പിന് താല്‍പര്യമുള്ളവരെ പ്രതപ്പരസ്യത്തിലൂടെ കണ്ടെത്തും.