രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും

Web Desk
Posted on December 06, 2019, 9:44 am

തിരുവനന്തപുരം: ഇരുപത്തിനാലാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക മന്ത്രി എ കെ ബാലൻ ചടങ്ങിൽ അധ്യക്ഷനാകും. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മുഖ്യാതിഥി. നടി ശാരദയാണ് ചടങ്ങിലെ വിശിഷ്ടാതിഥി. ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം മേയർ കെ ശ്രീകുമാർ വി കെ പ്രശാന്ത് എംഎൽഎയ്ക്ക് നൽകിയും ഫെസ്റ്റിവൽ ബുള്ളറ്റിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു കെടിഡിസി ചെയർമാൻ എം വിജയകുമാറിന് നൽകിയും പ്രകാശനം ചെയ്യും. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ പാസ്സ്ഡ് ബൈ സെന്‍സര്‍ പ്രദര്‍ശിപ്പിക്കും.

പ്രധാന വേദിയായ ടാഗോർ തീയേറ്ററടക്കം 14 തീയേറ്ററുകളിലായി 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനില്‍ക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്. വിവിധ തിയേറ്ററുകളിൽ രാവിലെ പത്ത് മണിമുതലാണ് ചിത്രങ്ങളുടെ പ്രദർശനം ആരംഭിക്കുന്നത്. വിവിധ തിയേറ്ററുകളിലായി 8998 സീറ്റുകളാണ് മേളയ്ക്കായി സജ്ജമാക്കിയിട്ടുള്ളത്. 3500 സീറ്റുകൾ ഉള്ള ഓപ്പൺ തീയറ്ററായ നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദർശന വേദി. ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന-സമാപന ചടങ്ങുകള്‍ നടക്കുന്നതും നിശാഗന്ധിയിലാണ്. സിനിമകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷനും, ഓൺലൈൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. റിസർവേഷൻ സീറ്റുകളിലെ പ്രവേശനത്തിന് ശേഷമേ മറ്റു പ്രതിനിധികൾക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

ചലച്ചിത്രമേള 53 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനങ്ങൾക്ക് വേദിയാകും. ഇവയില്‍ മൂന്ന് ചിത്രങ്ങളുടേത് ആഗോളതലത്തിലെ ആദ്യപ്രദര്‍ശനമാണ്. ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 40 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശന വേദിയായും ഇത്തവണത്തെ ചലച്ചിത്രമേള മാറും. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഈജിപ്ഷ്യന്‍ സംവിധായകന്‍ ഖൈറി ബെഷാറ ചെയർമാൻ, ഇറാനിയന്‍ നടി ഫാത്തിമ മൊദമ്മദ് ആര്യ, കസാഖ് സംവിധായകന്‍ അമീര്‍ കരാക്കുലോവ്, സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോന്‍, മറാത്തി സംവിധായകന്‍ നാഗരാജ് മഞ്ജുളെ എന്നിവരാണ് ജൂറി അംഗങ്ങള്‍.

you may also like this video;