20 April 2024, Saturday

ഡ്രൈവിങ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വിജിലന്‍സ് റെയ്ഡ്; യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയില്‍ നിന്ന് 2,60,000 രൂപ പിടിച്ചെടുത്തു

Janayugom Webdesk
കാഞ്ഞങ്ങാട്
September 29, 2021 6:45 pm

ഡ്രൈവിങ് സ്‌കൂള്‍ ഗ്രൗണ്ടായ ഗുരു വനത്ത് വിജിലന്‍സ് റെയ്ഡ്. റെയ്ഡില്‍ 2,69,860 രൂപയും അനുബന്ധ രേഖകളും പിടികൂടി. ഡ്രൈവിങ് സ്‌കൂള്‍ ഏജന്റുമാരായ നൗഷാദ്, റമീസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ പ്രസാദ് എന്നിവരെയും വിജിലന്‍സ് പിടികൂടിയിരുന്നു. ബുധനാഴ്ച്ച രാവിലെ പത്തരയോടെയാണ് വിജിലന്‍സ് ഡി.വൈ.എസ്.പി കെ.വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഗുരുവനത്ത് വിജിലന്‍സ് സംഘമെത്തിയത്. ഡ്രൈവിങ് ഏജന്റുമാര്‍ വ്യാപകമായി പണപ്പിരിവ് നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടന്നത്. ഡ്രൈവിങ് ടെസ്റ്റിന് ഇരുചക്ര വാഹനത്തിന് 1000 രൂപ, മറ്റു വാഹനങ്ങള്‍ക്ക് 1500, 2000 രൂപ വരെ ഏജന്റുമാര്‍ പിരിച്ചെടുത്തിരുന്നു. ടെസ്റ്റില്‍ പരാജയപ്പെടുന്നവരുടെ കൈയില്‍ നിന്ന് 500 രൂപ വേറെയും അധിക തുക ഏജന്റുമാര്‍ ഈടാക്കിയിരുന്നു. ഗള്‍ഫ് നാടുകളിലേക്ക് പോകുന്നവര്‍, ഇതര സംസ്ഥാനത്തുള്ളവര്‍ എന്നിവരില്‍ നിന്ന് ക്രമേണ 2000, 3000, 5000 രൂപ വരെ ഈടാക്കിയതായി വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. എം.വി.ഐ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തി കൊണ്ടുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറുമെന്ന് വിജിലന്‍സ് ഡി.വൈ.എസ്.പി കെ.വേണുഗോപാല്‍ വ്യക്തമാക്കി. ഡി.വൈ.എസ്.പിയെ കൂടാതെ എസ്.ഐ രമേശന്‍, സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ സതീശന്‍, സുരേഷന്‍, രഞ്ജിത്ത്, രാജീവന്‍, കൃഷ്ണന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

ഒരു ദിവസം കൈക്കൂലി ഇനത്തില്‍ ലഭിക്കുന്നത് രണ്ടര ലക്ഷത്തില്‍ കൂടുതല്‍ പണം.
വടക്ക് കാസര്‍കോടു മുതല്‍ തെക്ക് തിരുവനന്തപുരം വരെയുള്ള ഡ്രൈവിംങ് സ്‌കൂളുകള്‍ വഴി ദിവസം തോറും കൈക്കൂലി ഇനത്തിലും കമ്മീഷന്‍ ഇനത്തിലും മറിയുന്നത് ലക്ഷങ്ങള്‍ .ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വന്‍ മാഫീ യാ സംഘം തന്നെ. ഡ്രൈവിംങ് സ്‌കൂള്‍ നടത്തിപ്പുകാര്‍ മുഖാന്തരം തന്നെ കമ്മീഷനു കൈക്കൂലി ഇനത്തിലുമുള്ള പണം ഇവര്‍ മുന്‍കൂറായി വാങ്ങുന്നു. ടു വീലര്‍, ഫോര്‍ വീലര്‍ ലൈസന്‍സിനായി ആളൊന്നിന് 650 രൂപയാണ് ഇവരുടെ കണക്ക്. ടു വീലറിന് 250 രൂപ വരും. ഇന്നലെ കൈക്കൂലി തുക നല്‍കുന്നതിനിടയിലാണ് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മാണിക്കോത്തും സംഘവും വിജിലന്‍സിന്റെ പിടിയിലായത്.കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ഡ്രൈവിംങ് സ്‌കൂളിലെ മാനേജര്‍ കൂടിയാണ് പിടിയിലായ നൗഷാദ്.
ഒരോ ആര്‍ ടി ഒ ഓഫീസ് കേന്ദ്രീകരിച്ചും അധികൃതരുടെ ഏജന്റ് ഡ്രൈവിംങ് സ്‌കൂള്‍ ഉടമകളുടെ ഇടയില്‍ തന്നെ പ്രവര്‍ത്തിക്കുന്നു. ആളൊന്നിന് 650 രൂപ നിരക്കില്‍ കൃത്യമായി ഇവരുടെ കമ്മീഷന്‍ കഴിച്ചുള്ള കൈക്കൂലി തുകയും അധികൃതരുടെ കൈയ്യില്‍ കിട്ടുന്നു. ഇത് പരസ്യമായ രഹസ്യം തന്നെയാണ്. കൈക്കൂലി ഇനത്തില്‍ ല’ിക്കുന്ന തുകയില്‍ ചെറിയ കുറവ് കണ്ടു കഴിഞ്ഞാല്‍ അവര്‍ ഏജന്റിനെ മാറ്റി നിയമിക്കും.
ആദ്യ ടെസ്റ്റ് പരാജയ പെട്ടാല്‍ ഇവരില്‍ നിന്ന് വീണ്ടും തുക ഈടാക്കുന്നുണ്ട്. ടെസ്റ്റ് പൂര്‍ണ്ണമായും പരാജയപ്പെട്ടവര്‍ക്ക് പോലും ലൈസന്‍സ് ലഭിച്ച ചരിത്രവും പുതുമയുള്ളതല്ല. ഇതിന് മുമ്പും കാഞ്ഞങ്ങാട് ആര്‍ ടി ഒ ഓഫീസ് കേന്ദ്രീകരിച്ച് വിജിലന്‍സ് റെയ്ഡ് നടത്തിയിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്‌പെന്‍ഷനോ, സ്ഥലം മാറ്റമോ പോലുള്ള ചെറിയ നടപടികള്‍ മാത്രമാണ് സ്വീകരിച്ച് വരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.