Janayugom Online
ഐ ഐ എസ് ആറിന്റെ ചെലവൂർ കേന്ദ്രത്തിൽ ആവിഷ്ക്കരിച്ച സ്പൈസറി

കർഷകർക്കും സംരംഭകർക്കും പുത്തനുണർവേകി സ്പൈസറി

Web Desk

കോഴിക്കോട് ഡെസ്ക്

Posted on November 10, 2020, 7:20 pm

ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ആവിഷ്കരിച്ച വിൽപനകേന്ദ്രമായ സ്പൈസറി കർഷകർക്കും സംരംഭകർക്കും പുത്തൻ പ്രതീക്ഷയാകുന്നു. പല തലങ്ങളിലുള്ള ഗുണഭോക്താക്കളെ ഒരുപോലെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഐഐഎസ്ആറിന്റെ ചെലവൂർ കേന്ദ്രത്തിൽ ആവിഷ്കരിച്ച സ്പൈസറി കർഷകർ, സംരംഭകർ, ഉപഭോക്താക്കൾ തുടങ്ങിയവർക്കിടയിൽ ഒരു ലിങ്കേജ് പോയിന്റ് ആയി മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്.

വില്പനകേന്ദ്രം എന്നതിലുപരി കർഷകർക്കും സ്റ്റാർട്ടപ്പ്കൾക്കും ഇടയിൽ ഒരു കണ്ണിയായി പ്രവർത്തിച്ച് കർഷകർക്ക് മികച്ച വിലയും ഉപഭോക്താക്കൾക്ക് ന്യായമായ വിലക്ക് മായം ചേർക്കാത്ത സുഗന്ധവ്യഞ്ജനങ്ങളും മൂല്യവർദ്ധിത ഉൽപന്നങ്ങളും സ്പൈസറി ഉറപ്പുവരുത്തുന്നു. ഐഐഎസ്ആറിന്റെ സേവനങ്ങളും ഉത്പന്നങ്ങളും ജനങ്ങളിലേക്കെത്തിക്കുന്ന ഒരു ഏകജാലക സംവിധാനമായാണ് സ്പൈസറി പ്രവർത്തിക്കുന്നതെന്ന് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. സന്തോഷ് ജെ. ഈപ്പൻ പറഞ്ഞു.

നിലവിൽ ഇരുപത്തിഅഞ്ചിലധികം സ്റ്റാർട്ടപ്പുകളും നിരവധി കർഷകരും സ്പൈസറിയുടെ ഗുണഭോക്താക്കളാണ്. മസാലപ്പൊടികൾ, സൗന്ദര്യ വർദ്ധകവസ്തുക്കൾ, ഹെൽത്ത് ആൻഡ് വെൽനെസ്സ് ഉത്പന്നങ്ങൾ ഉൾപ്പെടെ നൂറിലേറെ ഉത്പന്നങ്ങൾ സ്പൈസറിയിൽ ലഭ്യമാണ്. കൂടാതെ ഗുണനിലവരുമുള്ള നടീൽ വസ്തുക്കളും ജൈവകൃഷിക്ക് സഹായകമായ സൂക്ഷ്മാണു മിശ്രിതവും ലഭ്യമാക്കുന്നു. വിപണിവിലയിലുണ്ടാകുന്ന അപ്രതീക്ഷിത തകർച്ചകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന കർഷകരെ സ്റ്റാർടപ്പുകളുമായി ബന്ധിപ്പിച്ച് അവർക്കു മികച്ച വില ലഭ്യമാക്കാൻ സ്പൈസറിക്കു സാധിക്കുന്നു.

സുഗന്ധവ്യഞ്ജന ഉൽപന്നങ്ങൾക്ക് ആഗോള‑പ്രാദേശിക വിപണികളിലുള്ള ആവശ്യകതയെ യുവസംരംഭകർക്കുള്ള മികച്ച അവസരമാക്കി മാറ്റാനുള്ള നടപടികൾക്കാണ് സ്പൈസറി പ്രാമുഖ്യം നൽകുന്നത്. ചെറുകിട സംരംഭകരെ സർക്കാർ സർക്കാരിതര വ്യവസായ സംരംഭങ്ങളുമായി യോജിപ്പിച്ചു അവർക്കു മികച്ച തുടക്കം നൽകാനും സ്പൈസറിക്ക് സാധിക്കുന്നു. മേക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ എന്നീ ആശയങ്ങൾ മുൻനിർത്തി സ്ഥാപിച്ച സ്പൈസറി പുതിയ മൂല്യവർധിത ഉത്പന്നനിർമാണത്തെയും വിപണനത്തെയുമാണ് ലക്ഷ്യം വയ്ക്കുന്നത്.

കൃഷിരീതികൾ, ഉൽപന്ന നിർമാണം, പാക്കിങ് എന്നിങ്ങനെ എല്ലാ മേഖലകളുടെയും നിലവാരം സാങ്കേതികസഹായത്തിലൂടെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും നടീൽ വസ്തുക്കളുടെ സാക്ഷ്യപ്പെടുത്തലും സ്പൈസറി നടത്തുന്നു. സർക്കാർ സർക്കാരിതര സംരംഭങ്ങളുമായി ചേർന്ന് കൂടുതൽ പദ്ധതികൾക്ക് സുഗന്ധവിള ഗവേഷണകേന്ദ്രം രൂപം നൽകുന്നുണ്ട്. മലബാർ മേഖല കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് (മിൽമ) മായി ചേർന്നും പുതിയ പദ്ധതികൾക്ക് ഐ. ഐ. എസ്. ആർ രൂപം നൽകുന്നു. സുഗന്ധവിള ഉത്പന്നങ്ങളുടെ വിപണനം, സംയോജിത ഗവേഷണം, സംരംഭകത്വ വികസനം എന്നിവയാണ് പ്രധാന പദ്ധതികൾ.