ഉയര്‍ന്ന അധ്യാപക തസ്തികയിലെ നിയമനങ്ങളില്‍ നിന്ന് സംവരണം ഒഴിവാക്കണമെന്ന ഐഐടികളുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയെന്ന് റിപ്പോര്‍ട്ട്. ഒഴിഞ്ഞുകിടക്കുന്ന സംവരണ തസ്തികളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിയമനം നടത്തിയില്ലെങ്കില്‍ അതില്‍ മറ്റ് വിഭാഗക്കാരെ നിയമിക്കുന്ന രീതി തുടരണമെന്ന ആവശ്യവും സര്‍ക്കാര്‍ തള്ളിയതായി ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
ബിജെപി എംപി കൃതി പി സോളങ്കിയുടെ നേതൃത്വത്തിലുള്ള പട്ടികജാതി ‑വർഗ ക്ഷേമ പാര്‍ലമെന്ററി കമ്മിറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പുമായി കഴിഞ്ഞമാസം 25ന് ചര്‍ച്ച നടത്തിയിരുന്നു. ക്വാട്ട നിയമനത്തിൽ നിന്ന് ഐഐടികളെ ഒഴിവാക്കില്ലെന്ന് പാര്‍ലമെന്ററി കമ്മിറ്റിയെ വകുപ്പ് അറിയിച്ചതായാണ് സൂചന. നിയമ മന്ത്രാലയത്തിലെയും പരിശീലന വകുപ്പിലെയും ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
ഐഐടികളിലെ അധ്യാപക നിയമനങ്ങളിലെ സംവരണം സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി കേന്ദ്രം കഴിഞ്ഞ വര്‍ഷം എട്ടംഗ സമിതിക്ക് രൂപം നല്‍കിയിരുന്നു. ഡല്‍ഹി ഐഐടി ഡയറക്ടര്‍ രാം ഗോപാലിന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയ സമിതിയാണ് അധ്യാപക നിയമനങ്ങളില്‍ സംവരണം ഒഴിവാക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. 2019ലെ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപന (സിഇഐ) നിയമത്തിൽ നിന്ന് രാജ്യത്തെ 23 ഐഐടികളെ ഒഴിവാക്കണമെന്നായിരുന്നു സമിതിയുടെ ശുപാര്‍ശ.
എ,ബി എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് സമിതി തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അറിയിച്ചത്. ആദ്യത്തേത് നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രണ്ടാമത്തെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കണമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നത്.
സിഇഐ നിയമത്തില്‍ ഷെഡ്യൂൾ ചെയ്തിട്ടുള്ള മികവിന്റെ സ്ഥാപനങ്ങളുടെ പട്ടികയിൽ ഐഐടികളെ ചേർക്കണമെന്നതായിരുന്നു ആദ്യത്തെ ശുപാര്‍ശ. ഈ നിയമത്തിലെ നാലാം വകുപ്പ് മികവിന്റെ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, ദേശീയ, തന്ത്രപരമായ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ എന്നിവകളെയും ന്യൂനപക്ഷ സ്ഥാപനങ്ങളെയും സംവരണതത്വം പാലിക്കുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് നടപ്പായില്ലെങ്കിൽ അസിസ്റ്റന്റ് പ്രൊഫസർ ഉൾപ്പെടെയുള്ള കുറഞ്ഞ തസ്തികകളിൽ മാത്രമാക്കി സംവരണം ചുരുക്കണമെന്ന ശുപാർശയാണ് രണ്ടാം ഭാഗത്തിൽ മുന്നോട്ടുവച്ചിരുന്നത്. ഉത്തര്‍പ്രദേശില്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായാണ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചത്. ഇത് പുറത്തുവന്നതോടെ സമിതിയുടെ നിർദ്ദേശങ്ങൾക്കെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു.
English Summary : iits demand to exclude reservation in higher teaching posts rejected by central government
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.