”ജ്ജ് നല്ലൊരു മന്‌സനാകാന്‍ നോക്ക്”

Web Desk
Posted on February 19, 2018, 6:35 pm

ആളൂര്‍ പ്രഭാകരന്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കിയ ഒന്നാണ് നാടകപ്രസ്ഥാനം. അടിച്ചമര്‍ത്തപ്പെട്ടവരും നിരക്ഷരരുമായ ജനവിഭാഗങ്ങള്‍ക്കിടയില്‍ പുരോഗമന പ്രസ്ഥാനങ്ങളുടെയും നവോത്ഥാനത്തിന്റെയും കാഹളമുയര്‍ത്തിക്കൊണ്ടാണ് പഴയകാലത്ത് നാടകങ്ങള്‍ അരങ്ങേറിയിരുന്നത്. പാര്‍ട്ടിയുടെ പ്രചാരണത്തിന്റെ ഭാഗമായി ആ കാലഘട്ടത്തില്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ വായനശാലകള്‍ കെട്ടിപ്പടുത്തിരുന്നു. അതതു പ്രദേശത്തെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ ചേര്‍ന്ന് അഭിനയിച്ച നാടകങ്ങള്‍ ഓരോ വായനശാലയുടെയും വാര്‍ഷികത്തില്‍ അവതരിപ്പിച്ചിരുന്നു. പെട്രോമാക്‌സിന്റെ വെളിച്ചത്തില്‍ കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ പ്രത്യേകം സ്റ്റേജുണ്ടാക്കി രംഗപൂജയും നൃത്തനൃത്യങ്ങളും ഹാസ്യകലയും നാടകങ്ങളും അവതരിപ്പിക്കുന്നതിനെ ജനങ്ങള്‍ കയ്യടിച്ച് സ്വീകരിച്ചു. 1957ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറിയതിന്റെ പിന്നില്‍ നാടകപ്രസ്ഥാനങ്ങള്‍ക്കും ഒരു വലിയ പങ്കുണ്ട്.
തിരുവിതാംകൂര്‍ ദേശത്ത് കെപിഎസി ഉദയം കൊണ്ടതുപോലെതന്നെ മലബാര്‍ മേഖലയിലും നിരവധി കലാസമിതികളുണ്ടായിരുന്നു. അതില്‍ പ്രധാനപ്പെട്ടതാണ് ‘നിലമ്പൂര്‍ യുവജന കലാസമിതി’. ‘ജ്ജ് നല്ലൊരു മന്‌സനാകാന്‍ നോക്ക്’ എന്ന നാടകമാണ് ഈ കലാസമിതി അവതരിപ്പിച്ചത്. ബീഡിത്തൊഴിലാളിയായ ഇ കെ അയമു എഴുതിയ ഈ നാടകത്തില്‍ ഡോ. എം ഉസ്മാന്‍, നിലമ്പൂര്‍ ബാലന്‍, കെ ജി ഉണ്ണി, എസ് വി ജമീല്‍, മാനു മുഹമ്മദ്, നിലമ്പൂര്‍ ആയിഷ തുടങ്ങിയവരൊക്കെയായിരുന്നു അഭിനേതാക്കള്‍.
ഈ നാടകത്തിന് നല്ല സ്വീകാര്യതയാണ് ജനങ്ങള്‍, പ്രത്യേകിച്ച് മുസ്‌ലിം ജനവിഭാഗം നല്‍കിയത്. എന്നാല്‍ മുസ്‌ലിം യാഥാസ്ഥിതികരുടെ കടുത്ത എതിര്‍പ്പുകള്‍ക്കും പാത്രമായി. പ്രത്യേകിച്ച് നിലമ്പൂര്‍ ആയിഷ എന്ന മുസ്‌ലിം സ്ത്രീ അഭിനേതാവായതിലായിരുന്നു അവരുടെ രോഷം. മഞ്ചേരി മേലാക്കത്ത് നാടകം അവതരിപ്പിക്കുമ്പോള്‍ ഒരു മുസ്‌ലിം യാഥാസ്ഥിതികന്‍ ഉതിര്‍ത്ത വെടിയുണ്ടയില്‍ നിന്ന് നിലമ്പൂര്‍ ആയിഷ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. നാടകത്തിന്റെ പ്രമേയവും ഗാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതായിരുന്നു. കെ ജി ഉണ്ണീന്‍ രചിച്ച ‘അള്ള പടച്ച ഭൂമിയെ ഇന്നൊരു കൂട്ടരു കുത്തകയാക്കി നിര്‍ത്തി’ എന്ന ഗാനം ജന്മിത്തത്തിനെതിരെയുള്ള കാഹളമായിരുന്നു. 2,500ല്‍പ്പരം വേദികളിലാണ് ഈ നാടകം അരങ്ങേറിയത്.
വള്ളുവനാട്ടില്‍ കോളിളക്കമുണ്ടാക്കിയ മറ്റൊരു നാടകമാണ് ചെറുകാടിന്റെ ‘നമ്മളൊന്ന്’. ജന്മിത്തത്തിനും അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന പൊലീസ് മേധാവികള്‍ക്കും എതിരെ സാധാരണ കൃഷിക്കാരുടെ ശബ്ദം മുഴക്കിക്കൊണ്ടാണ് ഈ നാടകം അരങ്ങുതകര്‍ത്തത്. ആദ്യകാലത്ത് കുഞ്ചുണ്ണി കര്‍ത്താവ്, ഇ പി ഗോപാലന്‍, പരിയാനംപറ്റ, മുകുന്ദന്‍ കര്‍ത്താവ്, പള്ളംകൃഷ്ണന്‍ നമ്പൂതിരി, ടി പി ഗോപാലന്‍ തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍. എംആര്‍ബിയുടെ മകള്‍ ലീല, സുഭദ്ര, പാര്‍വതി എന്നീ ഉന്നത വിദ്യാഭ്യാസം നേടിയ യുവതികള്‍ ‘നമ്മളൊന്നി‘ല്‍ അഭിനയിച്ചു. സുഭദ്ര, കമ്മ്യൂണിസ്റ്റ് നേതാവ് കെ ഗോവിന്ദപിള്ളയുടെയും പാര്‍വതി ‘ബ്ലിറ്റ്‌സി‘ന്റെ പത്രാധിപരായിരുന്ന എ രാഘവന്റെയും പത്‌നിമാരായി. ഹാസ്യകലാ അവതരണത്തിലൂടെ ജന്മിമാരെയും മേലാളന്മാരെയും കണക്കിന് കളിയാക്കിക്കൊണ്ട് പരിയാനംപറ്റ നമ്പൂതിരി ആ കാലഘട്ടത്തില്‍ ധാരാളം സ്റ്റേജുകള്‍ കയ്യടക്കിയിരുന്നു. മാജിക് കുലപതിയായ പ്രൊഫ. വാഴക്കുന്നത്തിന്റെ കൂടെയും അദ്ദേഹം പ്രവര്‍ത്തിച്ചു.
‘ജ്ജ് നല്ല മന്‌സനാകാന്‍ നോക്ക്’ എന്ന നാടകത്തിലൂടെ രംഗത്തുവന്ന നിലമ്പൂര്‍ ആയിഷ, നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി, ഇന്നും സാംസ്‌കാരിക രംഗത്ത് സജീവമാണ്. മലപ്പുറത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളന സ്വാഗത സംഘത്തിന്റെ രക്ഷാധികാരികളില്‍ ഒരാളാണ് അവര്‍.
കെ ദാമോദരന്‍ എഴുതിയ ‘പാട്ടബാക്കി’ എന്ന നാടകം കര്‍ഷകസംഘം സമ്മേളനങ്ങളില്‍ അക്കാലത്ത് അരങ്ങേറിയിരുന്നു. ജന്മിത്വത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന ഈ നാടകത്തിന് എങ്ങും നിറഞ്ഞ പ്രക്ഷേകരായിരുന്നു. വെളിയങ്കോട് കൊളാടി ഗോവിന്ദന്‍ കുട്ടിയുടെ നേതൃത്വത്തില്‍ ‘ധീരകേരളം’ കലാസമിതി, നിരവധി നാടകങ്ങള്‍ അരങ്ങിലെത്തിച്ചിട്ടുണ്ട്. ഇടശേരിയുടെ ‘കൂട്ടുകൃഷി’ എന്ന നാടകം, പൊന്നാനി താലൂക്കിലുടനീളം അരങ്ങേറിയ ഒരു നാടകമാണ്. പ്രസിദ്ധ നാടകകൃത്തായ അന്തരിച്ച കെ ടി മുഹമ്മദ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ് ജനിച്ചത്. ചെറുകാടിന്റെ ‘അണക്കെട്ട്’ എന്ന നാടകത്തിലെ ‘കല്ലിങ്ങള്‍ കിട്ടുമ്മാന്‍’, ‘മമ്മു’ തുടങ്ങിയ നാടന്‍ കൃഷിക്കാരുടെ അവതരണം ശ്രദ്ധേയമായിരുന്നു. തിരൂരില്‍ കമ്മ്യൂണിസ്റ്റ് നേതാവ് കമ്പോണ്ടര്‍ കുമാരന്റെയും വി ടി സുശീലയുടെയും നേതൃത്വത്തിലുള്ള കലാസമിതിയും നിരവധി നാടകങ്ങള്‍ രംഗത്ത് അവതരിപ്പിച്ചു. അനശ്വര നടന്‍ പി ജെ ആന്റണി എഴുതിയ ‘ഇരുനാഴി മണ്ണിനായ് ഉരുകുന്ന കര്‍ഷകര്‍, ഇരു കാലിമാടുകളായിരുന്നു’ എന്ന ഗാനവും വയലാറിന്റെ ‘ബലികുടീരങ്ങളെ’ എന്ന ഗാനവും ആ കാലത്ത് ജനങ്ങള്‍ക്ക് ഒരു ഹരമായിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാലക്കാട് കോണ്‍ഗ്രസില്‍ ‘ജ്ജ് നല്ല മന്‌സാകാന്‍ നോക്ക്’, ‘നമ്മളൊന്ന്’, ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്നീ മൂന്ന് നാടകങ്ങളാണ് അവതരിപ്പിച്ചത്. വി ടി ഭട്ടതിരിപ്പാട്, എം ആര്‍ ബി, പ്രേംജി എന്നിവരുടെ നാടകങ്ങള്‍ അക്കാലത്ത് ഏറെ പ്രസക്തമായിരുന്നു.
കൊണ്ടോട്ടിയ്ക്കടുത്ത നെടിയിരുപ്പില്‍ ജനിച്ച കമ്പളത്ത് ഗോവിന്ദന്‍ നായര്‍ നാടകകൃത്തും നടനുമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായിരുന്ന അദ്ദേഹത്തെ ‘ജന്മിത്തത്തിന്റെ കാലടിയില്‍’ എന്ന നാടകം രചിക്കുകയും അരങ്ങേറുകയും ചെയ്തുവെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് തടവിലിട്ടു. അധ്യാപകനും കവിയും നടനും ഗ്രന്ഥശാലാ പ്രവര്‍ത്തകനുമെല്ലാമായ കമ്പളത്ത് അധ്യാപക സംഘടനാനേതാവുകൂടിയായിരുന്നു. 1983‑ലാണ് അദ്ദേഹം ചരമമടഞ്ഞത്.
പരിചമുട്ടുംകളി, ചവിട്ടുകളി (ചെറുമക്കളി എന്നും പറയും) മാപ്പിളപ്പാട്ട്, കോല്‍ക്കളി തുടങ്ങിയ നാടന്‍ കലകളും അന്ന് ജനങ്ങളില്‍ ആവേശം പകര്‍ന്നു. ഇതിനുവേണ്ടി വിപ്ലവഗാനങ്ങളും കവിതകളും അന്നത്തെ നേതാക്കള്‍ എഴുതിക്കൊടുത്തിരുന്നു. സ്ത്രീകളും വൃദ്ധരുമെല്ലാമടങ്ങിയ ചവിട്ടുകളി സംഘം കൊയ്ത്തുകഴിഞ്ഞ വയലുകളില്‍ ഒത്തുകൂടിയാണ് കളിച്ചിരുന്നത്. അപ്പപ്പോള്‍ കെട്ടിക്കൂട്ടിയുണ്ടാക്കുന്ന പാട്ടുകള്‍ പാടി, പ്രത്യേകം അടിവച്ച് ചവിട്ടിക്കൊണ്ടാണ് ഇത് കളിച്ചിരുന്നത്.
”എന്താടീ മുണ്ടിച്ച്യേ നമ്മള് തമ്മില്‍ തവതാരം
അന്റെ കെട്ട്യോന്‍ തമ്പ്രാന്റെ പാടത്ത് ഇന്നലെ മൂര്യേ പുട്ടീലേ
എന്റെ കെട്ട്യോനും തമ്പ്രാന്റെ പാടത്ത് ഒന്നിച്ച് മൂര്യേ പുട്ടിലേ
പിന്നെന്താടി മുണ്ടിച്ച്യേ നമ്മള് തമ്മില് തവതാരം…”
എന്ന് തുടങ്ങുന്ന പാട്ടുകള്‍ക്കൊത്താണ് കളിച്ചുതിമര്‍ക്കുക, (‘തവതാരം’ എന്നുപറഞ്ഞാല്‍ സ്വരച്ചേര്‍ച്ചയില്ലായ്മ.) അങ്ങനെ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നാടകങ്ങളും നാടന്‍ കലകളും പ്രധാന പങ്കുവഹിച്ചു.