ഹിന്ദി ഭാഷാ പരീക്ഷകളിൽ മിന്നി തിളങ്ങിയ പത്തനംതിട്ട ഇലവുംതിട്ട പൂപ്പൻകാലായിൽ ശിൽപ്പ ഭവനിൽ ശിൽപ്പ ആദരവുകൾ ഏറ്റു വാങ്ങാൻ സൂററ്റിലേക്ക്. കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ ഹിന്ദിക്ക് നൂറിൽ നൂറും ആകെ തൊണ്ണൂറ്റിയഞ്ച് ശതമാനം മാർക്കോടെയും ഉന്നത വിജയവും നേടിയ ശിപ്പയാണ് പിറന്നുവീണ മണ്ണായ ഗുജറാത്തിലെ ആദവുകൾ ഏറ്റുവാങ്ങാൻ വണ്ടി കയറുന്നത്. ഹിന്ദി കഥാ- ഉപന്യാസ രചനയിലും തിളങ്ങിയ ഈ കൊച്ചു മിടുക്കിയെ സൂററ്റിലെ മലയാളി അസോസിയേഷനാവും ആദ്യമാദരിക്കുക.
പത്തനംതിട്ടയിൽ മലയാള മനോരമയുടെ തിരുമുറ്റത്ത് അദ്യാക്ഷരം എഴുതിയ ശേഷം ഗുജറാത്തിൽ പഠനം നടത്തിയ ശിൽപ്പ എൽ. കെ. ജി മുതൽ പത്താം ക്ലാസ്സ് വരെ സൂററ്റ് സെന്റ്. മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഉന്നത മാർക്ക് നേടിയാണ് പഠിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി പ്ലസ് ടു തലത്തിൽ ചങ്ങനാശ്ശേരി, വാഴപ്പള്ളി സെന്റ്. തെരേസസ് ഹയർ സെക്കന്ററി സ്കൂളിൽ ചിട്ടയായി പഠനം നടത്തിവന്ന ഈ കുട്ടി രാഷ്ട്ര ഭാഷയായ ഹിന്ദിക്ക് നൂറിൽ നൂറ് മാർക്കാണ് നേടിയിരിക്കുന്നത്. കൂടാതെ സ്കൂൾ — ഉപജില്ലാ തലങ്ങളിൽ ഹിന്ദി ഉപന്യാസ — കഥാ രചനയിലും ഇംഗ്ലീഷ് ഉപന്യാസ രചനയിലും മികവ് കാട്ടി ശ്രദ്ധേയ നേട്ടം കൈവരിച്ചിട്ടുണ്ട്. കൂടാതെ മനോരമ — സാന്റമോണിക്ക ക്വിസ് മൽസരത്തിൽ കോട്ടയം ജില്ലാതല്ലം വരേയും മികവ് പുലർത്തി ഈ കൊച്ചു മിടുക്കി. ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്ക് പുറമേ ഗുജറാത്തി, സംസ്‌കൃത ഭാഷകളും അറിയാം. മാധ്യമ പ്രവർത്തകൻ പി. എ. അശോക് കുമാറിന്റെയും സൂററ്റ് അപ്പിൾ ഹോസ്പിറ്റലിൽ സിസ്‌റ്റർ — ഇൻ ചാർജുമായ കാർത്തിക അശോകിന്റെയും മകളായ ശിൽപ്പ നാടിന്റെ അഭിമാനമാകുന്നു. ഈ പ്രതിഭയ്ക്ക് ഇന്ത്യൻ സിവിൽ സർവീസിലേക്കുള്ള വഴി തെളിയട്ടേയെന്നാണ് നാട് ആഗ്രഹിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.