8 October 2024, Tuesday
KSFE Galaxy Chits Banner 2

ഇലഞ്ഞിമരങ്ങൾ

Janayugom Webdesk
ബൃന്ദ
September 17, 2024 2:15 am

സന്ധ്യയ്ക്ക് പുതിയ വീടിന്റെ ഒന്നാംനിലയിലെ ജനലിനോട് ചേർന്നുള്ള കറുത്ത ചില്ലു പതിച്ച മേശമേൽ കവിതകൾ വിടർത്തിയിട്ടിരിക്കുകയായിരുന്നു ഞാൻ. ഇടയ്ക്കിടെ കവിതകളിൽ നിന്ന് ഗന്ധർbനിറങ്ങി വന്ന് എന്നെ വട്ടംചുറ്റിപ്പിടിച്ചു. ജാലകം ഇലഞ്ഞിമരത്തിലേക്കു തുറന്നിരുന്നു. കൈനീട്ടിയാൽ എനിക്ക് ചില്ലകളെ തൊടാനും പൂക്കളിറുക്കാനും കഴിഞ്ഞിരുന്നു. എന്തൊരു സുഗന്ധമായിരുന്നു അവിടെയെങ്ങും! ഗന്ധർവൻ സമ്മാനിച്ച മാല എന്റെ മാറിടങ്ങൾക്കിടയിൽ ഒളിഞ്ഞിരുന്നു. മാല മാത്രമല്ല, അതു കിടക്കുന്നയിടവും തന്റേതെന്ന് അവൻ പുഞ്ചിരിച്ചത് എനിക്കോർമ്മ വന്നു. ഞാനോടിച്ചെന്ന് എല്ലാ ജനാലകളും തുറന്നിട്ടു.
വീട് വലിയൊരു ഇലഞ്ഞിപ്പൂവായി മാറി. 

ഇത്ര തുളച്ചു കയറുന്ന സുഗന്ധങ്ങൾ ഏറെനേരം വാസനിക്കാൻ പാടില്ല. അത് ഹാലൂസിനേഷനുണ്ടാക്കും. ഈ മരം ഉടൻ തന്നെ വെട്ടിക്കളയുന്നതാണ്. കിരൺ പലതവണ ഇതു പറഞ്ഞ് എന്നെ അനുനയിപ്പിക്കാൻ ശ്രമിച്ചു. മനുഷ്യരുണ്ടാക്കുന്ന വിഭ്രമങ്ങളെക്കാൾ എത്ര മനോഹരമാണ് പൂക്കളുണ്ടാക്കുന്നവ! ഞാൻ തർക്കിച്ചു. ഈ വക മരങ്ങളൊക്ക ആളുകൾ വിശാലമായ പറമ്പിന്റെ അരികിലൊക്കെയാണ് വളർത്താറുള്ളത്. വീടിനോടു ചേർന്ന് ആരും ഇത് നട്ടുപിടിപ്പിക്കാറില്ല. എനിക്ക് കടുത്തതും കനത്തതുമായ ഇരുട്ടിനെ ഇഷ്ടമല്ല. മണമുള്ള രാത്രികളെയാണിഷ്ടം! 

ഞാൻ അറിയിച്ചു. ഇലഞ്ഞിക്കൊമ്പിൽ ഒരൂഞ്ഞാൽ കെട്ടണം. സുഗന്ധ രാവുകളിൽ പുലരുംവരെ ഊഞ്ഞാലാടണം. ചില്ലകൾക്ക് അത്ര ബലം വന്നിട്ടില്ല. അതിനു തക്ക മരമായിട്ടില്ല അത്. കിരൺ പറഞ്ഞു. അത് എനിക്കും എന്റെ ഗന്ധർവനും വേണ്ടിയുളളതാണ്. ഞങ്ങൾ പുക്കളെപ്പോലെയാണ്, ഭാരങ്ങളില്ല. പൂമണം പോലെയാണ്, എങ്ങും ആകർഷിക്കും! ഓ, ആ ദേവതീർത്ഥനായിരിക്കും ഗന്ധർവൻ. അയാൾ നിന്റെ കവിത വായിക്കുന്ന മട്ടിലിരുന്ന് നിന്നെ ഉറ്റുനോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്! കിരൺ ഗൗരവംപൂണ്ടു. 

രണ്ടു പുരുഷന്മാർക്കിടയിൽപ്പെടുന്ന സ്ത്രീയുടെ മനസ് വളരെ കലുഷമായിരിക്കും. ഒരാൾ പ്രണയവും സ്വപ്നവും നൽകി ആത്മാവിനെ ആനന്ദിപ്പിക്കും. പ്രാണനെപ്പോലും ചുംബിക്കും. അയാൾ സ്പർശിക്കുന്നതും ആലിംഗനം ചെയ്യുന്നതും ശരീരത്തിനകത്തെ ശരീരത്തെയാണ്. എന്നാൽ ഭർത്താവോ സമസ്തവും അവളുടെ ശരീരം മാത്രമാണെന്നു കരുതി അതിനെ പിടിച്ചു കെട്ടുന്നു. ആത്മാവ് സ്വതന്ത്രമാണെന്ന് മനസിലാക്കുന്നില്ല. കിരണിന്റെ മിഴികൾ വിടർന്നു. നീ പറയുന്നത് ശരിയാണ്. രണ്ടു സ്ത്രീകൾക്കിടയിൽപ്പെടുന്ന പുരുഷന്മാരുടെ അവസ്ഥയാണ് എറ്റവും പരിതാപകരം! അതെക്കുറിച്ച് ഞാൻ ചിന്തിക്കാറില്ല. ഞാനറിയിച്ചു. 

ഈ ചെറിയ ജീവിത കാലയളവിൽ ആത്മാവിനെ ചുംബിക്കുന്ന ഒരാളെ കണ്ടെത്താതെ പോയാൽ, അയാളിലേക്ക് എത്തിച്ചേരാതെ പോയാൽ ജീവിതം എത്ര വ്യർത്ഥമായിരിക്കും! ചോറും ചപ്പാത്തിയും പരിപ്പുകറിയുമുണ്ടാക്കാനും വാഷിങ് മെഷീനിലേക്ക് തുണികളിടാനും സമയം വൈകിയെന്നു പറഞ്ഞ് ജോലി സ്ഥലത്തേക്കോടാനും മാത്രമുള്ള ജീവിതം. എനിക്ക് യന്ത്രമാകാനിഷ്ടമില്ല! ശരിയാണ്. കിരൺ പറഞ്ഞു. ഞാനതറിയുന്നു. നിന്റെ ഹൃദയത്തെ ചുംബിക്കുന്നയാൾ ഞാനല്ലെന്ന് എനിക്കറിയാം. പക്ഷേ, ഒരു വീട്ടിൽ പാർക്കുന്നതിനും കുട്ടികൾ പിറക്കുന്നതിനും ഹൃദയത്തെ ചുംബിക്കേണ്ട ആവശ്യമില്ല, അല്ലേ. നിന്റെ ഹൃദയത്തെ ചുംബിച്ചയാൾ ദേവ തീർത്ഥനാണോ? ആകാംക്ഷയോടെയും ഒട്ടൊരു സന്ദേഹത്തോടെയും അയാൾ തിരക്കി. 

അറിയില്ല, പക്ഷേ അയാളാണെനിക്ക് ജാലകങ്ങൾ തുറന്നു തന്നത്, ഇലഞ്ഞിപ്പൂക്കളെ വാസനിക്കാൻ പഠിപ്പിച്ചത്, പൂമണം പോലെ എന്നെയാക്കിയത്… പക്ഷേ അയാളാണോ എന്റെ ഹൃദയത്തെ ചുംബിച്ചത്? അറിയില്ല! എനിക്ക് ഒട്ടുംതന്നെ അറിയില്ല. ഖേദത്തോടെ ഞാൻ ഇലഞ്ഞിമരത്തിലേക്ക് മിഴികളയച്ചു. അതിന്റെ ചില്ലകൾ ജനാലയിലൂടെ എന്നെത്തേടി വന്നു. ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും മീതെ പൂമണം പടർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.